അടിമാലി: മാങ്കുളത്ത് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയരുന്നു. ഗോപാലൻ സ്വയരക്ഷയ്ക്കാണ് പുലിയെ വെട്ടിയതെന്ന് മാങ്കുളം റേഞ്ച് ഓഫീസർക്ക് ബോധ്യപ്പെട്ടു. അതിനാൽ, ഗോപാലന്റെപേരിൽ കേസെടുക്കേണ്ടെന്നാണ് തീരുമാനം. അതേസമയം ചികിത്സയിൽ കഴിയുന്ന ഗോപാലന് 5000 രൂപയാണ് വനംവകുപ്പ് ധനസഹായം നൽകിയത്. മാങ്കുളം റേഞ്ച് ഓഫീസർ ബി.പ്രസാദ് ആശുപത്രിയിലെത്തി തുക കൈമാറി. പുലിയുടെ അടിയേറ്റ് ഗോപാലന്റെ കൈയുടെ എല്ലിന് ക്ഷതമുണ്ടായി.

കൊല്ലപ്പെട്ട പുലിയുടെ മൃതദേഹപരിശോധനയും നടത്തിയിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ദേശീയ കടുവനിർണയസമിതിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹപരിശോധന. സമിതി തിങ്കളാഴ്ച യോഗം ചേർന്ന് മൃതദേഹപരിശോധനാ റിപ്പോർട്ട് വനംവകുപ്പിന് കൈമാറും. പുലിയുടെ ജഡം മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു.

കൃഷിയിടത്തിലേക്ക് പോകവേ ആക്രമിക്കാനെത്തിയ പുലിയെ ചിക്കണംകുടി സ്വദേശിയായ ഗോപാലനാണ് വാക്കത്തികൊണ്ട് വെട്ടിക്കൊന്നത്. പുലിയുമായുള്ള മൽപ്പിടിത്തത്തിൽ ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റിരുന്നു. ഗോപാലന് വനംവകുപ്പ് ചികിത്സാധനസഹായം കൈമാറുകയും ചെയ്തു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെ മാങ്കുളം ചിക്കണംകുടിലായിരുന്നു സംഭവം.

പത്തുവയസ്സ് പ്രായമുള്ള പെൺപുലിയാണ് ചത്തത്. 40 കിലോ തൂക്കമുണ്ട്്. പുലികളുടെ ആയുസ്സ് 13 വർഷമാണ്. പല്ലുകൾ കൊഴിഞ്ഞുപോയിരുന്നു. അതിനാൽ, തീറ്റതേടിയാണ് ഇത് ജനവാസമേഖലയിലേക്കിറങ്ങിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

പുലിയുടെ ജഡം ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പുറത്തെടുത്ത ജഡം അന്തരീക്ഷ ഊഷ്മാവിൽ വെച്ചശേഷം ഉച്ചയോടെയാണ് മൃതദേഹപരിശോധന നടത്തിയത്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി തിരുവനന്തപുരം പാലോടുള്ള ലാബിലേക്കയച്ചു. ഇതിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.

അതേസമയം വനാതിർത്തികളിൽ താമസിക്കുന്നവർക്ക് വനംവകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും. കളക്ടറുടെ നിർദേശപ്രകാരമാണിതെന്ന് മാങ്കുളം ഡി.എഫ്.ഒ. ബി.ജയചന്ദ്രൻ അറിയിച്ചു. വന്യമൃഗങ്ങളുടെ സ്വഭാവം, നാട്ടിലിറങ്ങാനുള്ള കാരണം, രക്ഷനേടുന്നതിനുള്ള മാർഗങ്ങൾ, മുൻകരുതൽ എന്നിവയാണ് പഠിപ്പിക്കുക. ആദ്യക്ലാസ് ഓണത്തിനുശേഷം മാങ്കുളം ആറാംമൈലിൽ നടക്കും.

അതിനിടെ മാങ്കുളത്ത് കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ തന്നെ ആക്രമിച്ച പുലിയെ ഇല്ലാതാക്കിയ ചിക്കണംകുടിയിൽ ഗോപാലന് കർഷകവീരശ്രീ അവാർഡ് നൽകി ആദരിക്കുന്നതിന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ഗുരുതരമായി പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ഗോപാലന് എല്ലാ സഹായങ്ങളും നൽകുന്നതിനും, ഓൺലൈനായി ചേർന്ന യോഗം തീരുമാനിച്ചു.

അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ-ഓർഡിനേറ്റർ കെ.വി.ബിജു ഉദ്ഘാടനംചെയ്തു. സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു.