- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിട്ടിയിലെ ആറളം ഫാമിലെ കടുവാ ഭീതിക്ക് പുറമേ മട്ടന്നൂരിലെ അയ്യല്ലൂരിൽ പുലിഭീഷണിയും; പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ; പുലിയെ കണ്ടത് റബർ ടാപ്പിങ് തൊഴിലാളി; പുലി തന്നെ എന്ന് ഉറപ്പിക്കാൻ ക്യാമറ സ്ഥാപിച്ചു; വേണ്ടി വന്നാൽ കൂടും സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ
മട്ടന്നൂർ: ഇരിട്ടിയിലെ ആറളം ഫാമിൽ ആഴ്ചകളായി തുടരുന്ന കടുവാഭീതിക്കു പുറമേ മട്ടന്നൂരിൽ പുലിഭീതിയുമായതോടെ ജനങ്ങൾ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായി. മട്ടന്നൂർ നഗരസഭയിലെ മലയോര പ്രദേശമായ അയ്യല്ലൂരിൽ പുലിയെന്നു സംശയിക്കുന്ന ജീവി കുറുനരിയെ കടിച്ചു കൊന്നതോടെ ഇവിടെ ജനങ്ങൾ ഭീതിയിലാണ്. നാട്ടുകാരിലൊരാൾ പുലിയെ കണ്ടെന്നു വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പും പൊലിസും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ഈ മേഖലയിൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും വിജനമായ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ തനിച്ചു പുറത്തിറങ്ങരുതെന്നും സ്ഥലത്ത് പരിശോധനയ്ക്കായെത്തിയ കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ചർ സുധീർ നാരോത്ത് അയ്യല്ലൂരിൽ അറിയിച്ചു. പുലിയാണോയെന്നു കണ്ടെത്തുന്നതിന് കുറുനരിയുടെ ശരീരവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സാധാരണ ഗതിയിൽ ഇരയെ കൊന്നിട്ട സ്ഥലത്ത് പുലിയാണെങ്കിൽ വീണ്ടും വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം നാട്ടുകാരെ അറിയിച്ചു.
ചൊവ്വാഴ്‌ച്ച പുലർച്ചെ നാലുമണിക്കാണ് അയ്യല്ലൂരിലെ റബർ തോട്ടത്തിൽ പുലിയെന്നു സംശയിക്കുന്ന ജീവിയിറങ്ങിയത്. ഇവിടെ ഒരുകുറുനരിയെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂരിലാണ് റബർ ടാപ്പിങിനെത്തിയ പ്രദേശവാസിയായ അശോകൻ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടെത്തിയത്. പുലിയെ കണ്ടതിനെ തുടർന്ന് ഓടിരക്ഷപ്പെട്ട റബർ ടാപ്പിങ് തൊഴിലാളി പൊലിസിലും വനംവകുപ്പിലും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് കാട്ടിനുള്ളിൽ കുറുനരിയെ കടിച്ച കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. കുറുനരിയുടെ പകുതി ഭാഗം ഭക്ഷിച്ച നിലയിലാണ്. ഇതോടെയാണ് ഇറങ്ങിയത് കുറുനരിയാണോയെന്നു തിരിച്ചറിയാൻ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചത്. വേണ്ടി വന്നാൽ ജനങ്ങളുടെ ഭീതിയകറ്റാൻ ഇവിടെ കൂടുസ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മട്ടന്നൂർ എസ്. ഐ കെ.വി ഉമേശനും സംഘവും സ്ഥലത്തെത്തിയിരുന്നു. മുൻനഗരസഭാ ചെയർമാൻ പി. ഭാസകരൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. മട്ടന്നൂരിന്റെ ചരിത്രത്തിലാദ്യമായാണ് പുലി ഭീഷണിയുണ്ടാകുന്നത്. ഇതോടെ ഈ മേഖലയിലെ റബർ കർഷകർ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്. രാത്രികാലങ്ങളിൽ പൊലിസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്