- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മേയർക്ക് തിരിച്ചടി; കത്ത് വിവാദത്തിൽ കേസ് തള്ളണമെന്ന ആവശ്യം ഓംബുഡ്സ്മാൻ അംഗീകരിച്ചില്ല; സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ പ്രതി ചേർക്കണമെന്ന ആവശ്യവും പരിശോധിക്കും; ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെങ്കിലും വിവാദം കോർപ്പറേഷനിൽ പുകഞ്ഞു തന്നെ; ജനുവരി ഏഴിന് ബിജെപി ഹർത്താൽ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിലെ അന്വേഷണം ഫ്രീസറിൽവെച്ച അവസ്ഥയിലാണെങ്കിലും വിവാദം ഇപ്പോഴും പുകഞ്ഞു നിൽക്കുന്നു. കത്ത് വിവാദത്തിൽ കേസ് തള്ളണമെന്ന കോർപറേഷന്റെ ആവശ്യം നിരസിച്ച് തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാനു മുന്നിലുള്ള കേസ് തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യമാണ് ഓംബുഡ്സ്മാൻ തള്ളിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് ആണ് ഹർജി നൽകിയത്.
സുധീർഷാ നൽകിയ ഹർജി ഹൈക്കോടതി തള്ളിയ ഹർജിയിൽനിന്ന് വ്യത്യസ്തമാണെന്ന് ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. കേസിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ പ്രതി ചേർക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം പരിശോധിക്കും. ഫെബ്രുവരി 22നാണ് വീണ്ടും ഹർജി പരിഗണിക്കുക.
അതേസമയം കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിലെ പ്രതിഷേധ സമരം 50 ദിവസം കടന്നതോടെ ബിജെപിയും പ്രതിഷേധം കടുപ്പിക്കുകയാണ്. സർക്കാർ നടത്തുന്ന സമവായ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കാൻ ആണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി രണ്ടു മുതൽ അഞ്ചുവരെ യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കും. ജനുവരി ആറിന് ബിജെപി പ്രവർത്തകർ തിരുവനന്തപുരം കോർപറേഷൻ വളയുമെന്നു ജില്ലാ അധ്യക്ഷൻ വി വി രാജേഷ് പറഞ്ഞു. ജനുവരി ഏഴിന് തിരുവനന്തപുരം നഗരപരിധിയിൽ ബിജെപി ഹർത്താലിനും ആഹ്വാനം ചെയ്തു.
സമരം ശക്തമായി മുന്നോട്ടുപോകുമ്പോഴാണ് രണ്ടു മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. പ്രതിപക്ഷ പാർട്ടികൾ ക്രിയാത്മകമായി ചർച്ചയിൽ പ്രതികരിച്ചു. കത്ത് വിവാദത്തിൽ സർക്കാരിനു എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്നു ബിജെപി പ്രതീക്ഷിക്കുന്നില്ലെന്നും അതിനാലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും വി വി രാജേഷ് പ്രതികരിച്ചിരുന്നു.
അതിനിടെ കോർപറേഷനിലെ കത്ത് വിവാദത്തിൽ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സി ജയൻ ബാബു ഡി കെ മുരളി ആർ രാമു എന്നിവർ അടങ്ങിയ കമ്മീഷൻ വിവാദത്തെക്കുറിച്ച് അന്വേഷിക്കും. ഇന്നു ചേർന്ന സിപിഎം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തിരുമാനിച്ചത്. കത്തിന്റെ ഉറവിടം, പുറത്ത് വന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും കമ്മീഷൻ അന്വേഷിക്കുക. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് പാർട്ടി അന്വേഷണകമ്മീഷനെ വെച്ചത്.
കോർപറേഷനിലെ കരാർ നിയമനങ്ങൾക്ക് മുൻഗണന പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസിൽ നിന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റർ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്.
കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നൽകണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിലുള്ള കത്ത് ഒരു ഡിവിഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിൽനിന്നാണ് പുറത്തായത്. കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. സഖാവേ എന്ന അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു മേയറുടെ ലെറ്റർപാഡിലുള്ള കത്ത്.
എന്നാൽ കത്ത് വ്യാജമാണെന്നും, ഒപ്പ് സ്‌കാൻ ചെയ്ത് കയറ്റിതയാണെന്നുമാണ് മേയർ പൊലീസ് അന്വേഷണസംഘത്തിന് നൽകിയ മൊഴി. തനിക്ക് കത്ത് ലഭിച്ചിട്ടില്ലെന്ന നിലപാടാണ് ആനാവൂർ നാഗപ്പൻ എടുത്തത്. സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്ന് ആനാവൂർ ആദ്യം പറഞ്ഞെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടലിലാണ് ഇപ്പോൾ കത്ത് വിവാദം അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ വെച്ചത്.
മറുനാടന് മലയാളി ബ്യൂറോ