കൊച്ചി: 'ഫണ്ടില്ല' എന്ന വാദത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന വിവിധ സേവനങ്ങൾക്കും കെട്ടിട നികുതിക്കും ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഡ്ജറ്റിൽ കുത്തനെ നിരക്ക് കൂട്ടിയപ്പോൾ , ലൈബ്രറി സെസ് ഇനത്തിൽ മാത്രം പിരിക്കുന്നത് കോടികൾ. 2014 മെയ് മുതൽ 2022 മെയ് വരെ കൊച്ചി നഗരസഭയിൽ നിന്നും പിരിച്ചത് 33.32 കോടി (33,3278,088) രൂപയെന്ന് വിവരാവകാശ രേഖ.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കൊച്ചി നഗരസഭയുടെ റവന്യു വിഭാഗം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

കെട്ടിട നികുതി നൽകുമ്പോളാണ് ലൈബ്രറി സെസ് പിരിക്കുന്നത്. ഒരു വർഷം 38 രൂപയാണ് നഗരസഭ പരിധിയിൽ പിരിക്കുന്നത്. സെസ്സിന്റെ നിരക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി അനുസരിച്ചു മാറും.

ലൈബ്രറി സെസ് പിരിക്കുന്നത് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന് വേണ്ടിയാണ്. ഈ തുക വെച്ച് കൊച്ചി നഗരസഭ ലൈബ്രറികൾ പുതുക്കി പണിതിട്ടില്ലെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു.

കണക്കുകൾ ഇങ്ങനെ (സെസ്, ബാങ്ക് പലിശ ഉൾപ്പടെ)

2014-15: 32,497,779
2015-16: 34,951,820
2016-17: 38,322,088
2017-18: 40,771,851
2018-19: 44,083,575
2019-20: 42,576,419
2020-21: 52,046,410
2021-22: 58,445,726

നേട്ടം എന്ത്?

ഈ സെസ്സ് കൊണ്ട് സംസ്ഥാനത്തിനും ലൈബ്രറി മേഖലയ്ക്കും എന്ത് നേട്ടം ഉണ്ടായിയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. കെട്ടിട നികുതിക്കും സർക്കാർ സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ച സർക്കാർ ലൈബ്രറി സെസ് പിൻവലിച്ചു കൊണ്ട് ജനങ്ങളുടെ മേലുള്ള അധിക നികുതി ഭാരം കുറയ്ക്കാൻ നടപടി സ്വീകരിക്കണം ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു.

കെട്ടിട നികുതിയുടെ അഞ്ച് ശതമാനമാണ് ലൈബ്രറി സെസ്. ധനമന്ത്രി കെഎൻ ബാലഗോപാലും തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷും ഇക്കാര്യം മറച്ചുവെക്കുകയാണ്. തൽഫലമായി, ജനങ്ങളുടെ സാമ്പത്തിക ബാധ്യത ഇനിയും വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു