തിരുവനന്തപുരം: ഗതാഗത വകുപ്പിൽ മന്ത്രി കെബി ഗണേശ് കുമാർ രണ്ടും കൽപ്പിച്ചു തന്നെ. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതുക്കിയ നിർദേശങ്ങളിൽ പുതിയ നൂലാമാല. ഇതോടെ ഡ്രൈവിങ് സ്‌കൂളുകൾക്ക് പണി കൂടും. ഇരട്ടനിയന്ത്രണ സംവിധാനങ്ങളുള്ള (പരിശീലകനുകൂടി നിയന്ത്രിക്കാൻകഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകൾ) വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുകയാണ് പുതിയ സർക്കുലകർ.

ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇരട്ടനിയന്ത്രണ സംവിധാനം നിർബന്ധമാണ്. ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കുന്നുണ്ട്. ഇത് മൂന്നുമാസത്തേക്കുകൂടി തുടരാനാകും. ഇതിനുശേഷം സാധാരണരീതിയിലെ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ഇത് വലിയ പ്രതിസന്ധിയായി ഡ്രൈവിങ് സ്‌കൂളുകൾക്ക മാറും. പുതി വാഹനങ്ങൾ ടെസ്റ്റിനായി ഒരുക്കേണ്ടി വരും. ഈ നിർദ്ദേശവും സ്‌കൂളുകാൽ അംഗീകരിക്കില്ല. ടെസ്റ്റിനിടെ വാഹനം ഓടിക്കുന്നയാൾ എന്തെങ്കിലും പിഴവ് വരുത്തിയാൽ ഇരട്ട നിയന്ത്രണമുള്ളതാണെങ്കിൽ വെഹിക്കിൾ ഇൻസ്പെക്ടർക്ക് വാഹനം നിയന്ത്രിക്കാനാവും. ഇത് കാരണം പലർക്കും ലൈസൻസും കിട്ടറുണ്ട്.

ഒരു തരത്തിൽ ഇത് നല്ലതുമാണ്. പഠിച്ചവരാണ് വാഹനം ഓടിക്കുന്നത്. ടെസ്റ്റ് സമയത്തെ പരിഭ്രമം പലപ്പോഴും അപകട സാധ്യത കൂട്ടും. ഈ സമയം ഇരട്ട നിയന്ത്രണം തുണയാകും. വെഹിക്കൾ ഇൻസ്‌പെക്ടർക്ക് തന്നെ ഇടപെട്ട് അപകടം ഒഴിവാക്കാനും കഴിയും. അതുകൊണ്ട് ഇത്തരം വാഹനം ഒഴിവാക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന പരാതി ഉയരുന്നുമുണ്ട്. നല്ലരീതിയിൽ ഡ്രൈവിങ് പരിശീലിച്ചവരാണെങ്കിലും ടെസ്റ്റ് സമയത്ത് കുഴപ്പങ്ങൾ പലരും കാണിക്കാറുണ്ട്. എന്നാൽ ഈ സംവിധാനം ഉപയോഗിച്ച് റോഡ് ടെസ്റ്റിൽ ഇഷ്ടക്കാരെ ജയിപ്പിക്കുന്നുണ്ടെന്നാണ് മറ്റൊരു ആരോപണം. ഇത് അഴിമതിയായി മാറുന്നു. അതുകൊണ്ടാണ് പുതിയ നീക്കമെന്ന് ഗതാഗത വകുപ്പ് പറയുന്നു.

ടെസ്റ്റിനായി മറ്റൊരു വാഹനം വാങ്ങേണ്ടിവരുമെന്നത് അധികബാധ്യതയാണ്. ഡ്രൈവിങ് ടെസ്റ്റിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥർ അന്നേദിവസം വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നതും വിലക്കിയിട്ടുണ്ട്. അതിനിടെ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളിൽ സർക്കാർതലത്തിൽ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ ഗതാഗത കമ്മിഷണർ ആർ.ടി.ഒ.മാർക്ക് നിർദ്ദേശം നൽകി. ഡ്രൈവിങ് പഠിച്ചവരാണ് ടെസ്റ്റിൽ പങ്കെടുക്കുന്നതെങ്കിലും വിദഗ്ധരല്ലാത്തതിനാൽ പൊതു നിരത്തിൽ ഉൾപ്പെടെ വാഹനമോടിക്കുമ്പോൾ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പുതുക്കിയ ഉത്തരവിലും അപ്രായോഗിക നിർദേശങ്ങളുണ്ടെന്ന് ഡ്രൈവിങ് സ്‌കൂളുകളുടെ സംഘടനകൾ ആരോപിച്ചു.

ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌കരിച്ചു സമരം തുടരാനും തിങ്കളാഴ്ച മുതൽ ഡ്രൈവിങ് പരിശീലനം പുനരാരംഭിക്കാനും ഭൂരിഭാഗം സംഘടനകളും തീരുമാനിച്ചെങ്കിലും സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ സമരത്തിൽ നിന്നു പിന്മാറി. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കരുതെന്ന നിർദ്ദേശം ചെറിയ വരുമാനത്തിൽ ഡ്രൈവിങ് സ്‌കൂളുകൾ നടത്തുന്നവരെ പ്രതിസന്ധിയിലാക്കുമെന്ന് ഡ്രൈവിങ് സ്‌കൂൾ ഓണേഴ്‌സ് സമിതി സംസ്ഥാന സെക്രട്ടറി ഹരിസുദനൻ പറഞ്ഞു. മോട്ടർ വാഹന വകുപ്പ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന വാഹനം ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണെന്ന കേന്ദ്ര നിയമത്തിന് എതിരാണ് ഈ നിർദേശമെന്നാണു വാദം.

കൈ കൊണ്ടു ഗിയർ മാറ്റുന്ന ഇരുചക്ര വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ നിന്ന് പുറത്തായി. ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ ഭൂരിഭാഗം ഡ്രൈവിങ് സ്‌കൂളുകാരും കൈ കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ലൈസൻസ് ലഭിക്കുന്നവരാകട്ടെ, റോഡിൽ ഓടിക്കുന്നതു കാലു കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങളും. ഡ്രൈവിങ് ടെസ്റ്റിലും കാലു കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങൾ ഉപയോഗിക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഇതും ഡ്രൈവിങ് സ്‌കൂളുകൾക്ക് വിനയാണ്.

മറ്റു നിർദേശങ്ങൾ:

പ്രതിദിനം ഒരു ഓഫിസിൽ 40 ഡ്രൈവിങ് ടെസ്റ്റ് നടത്താം. ഇതിൽ 25 പേർ പുതിയ അപേക്ഷകരും 10 പേർ റീ ടെസ്റ്റ് അർഹത നേടിയവരും 5 പേർ വിദേശജോലി, പഠനം എന്നീ ആവശ്യങ്ങൾക്കു പോകേണ്ടവരും വിദേശത്തു നിന്ന് അവധിയെടുത്തു വന്ന് അടിയന്തരമായി മടങ്ങേണ്ട പ്രവാസികളുമാകണം. ഇവരുടെ അഭാവത്തിൽ ലേണേഴ്‌സ് ലൈസൻസ് കാലാവധി ഉടൻ അവസാനിക്കുന്നതുവരെ മുൻഗണനാ ക്രമത്തിൽ പരിഗണിക്കണം. അതതു ദിവസം രാവിലെ 11 ന് മുൻപ് ഓഫിസ് മേധാവിക്കു മുന്നിൽ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹത തീരുമാനിക്കണം.

എംവിഐ റോഡ് ടെസ്റ്റ് നടത്തി വിജയിക്കുന്നവർക്ക് എഎംവിഐ ഗ്രൗണ്ട് ടെസ്റ്റ് നടത്തി 2 ടെസ്റ്റുകളും പാസാകുന്നവർക്ക് ലൈസൻസ് അനുവദിക്കണം.

ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ, വിഎൽഡിസി എന്നിവ ഘടിപ്പിക്കാൻ 3 മാസം ഇളവ് നൽകും.

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ല എന്ന നിബന്ധനയ്ക്ക് 6 മാസം കൂടി ഇളവു നൽകും.

പുതിയ ടെസ്റ്റ് ട്രാക്ക് സജ്ജമാകുന്നതു വരെ നിലവിലെ രീതിയിൽ പരീക്ഷ നടത്തും.