തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം പ്രാബല്യത്തിൽ വരാനിരിക്കെ ഡ്രൈവിങ് സ്‌കൂൾ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. ഇതോടെ വ്യാഴാഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ സംഘർഷ ഭൂമിയാകുമെന്ന് ഉറപ്പായി. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും തൊഴിലാളി സംഘടനകൾ സംയുക്ത സമരത്തിൽ പങ്കെടുക്കുന്നുവെന്നതും നിർണ്ണായകമാണ്. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിനെ സമ്മർദ്ദത്തിലാക്കാനാണ് ഈ സമരം. മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന നിലപാടാകും ഇനി നിർണ്ണായകം.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഡ്രൈവിങ് ടെസ്റ്റുകൾ തടയുമെന്നും ആർ ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകൾ അറിയിച്ചു. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകൾ അനിശ്ചിതകാല സമരം ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു. മന്ത്രി ഗണേശിന്റെ നിർദ്ദേശത്തോടെ മോട്ടോർ വാഹന വകുപ്പിലെ ചിലർക്കും താൽപ്പര്യക്കുറവുണ്ട്. അതുകൊണ്ട് തന്നെ സമരം ഏത് തരത്തിൽ പുരോഗമിക്കുമെന്നതും നിർണ്ണായകമാണ്.

നേരത്തെ ഈ വിഷയത്തിൽ സിഐടിയു പരസ്യമായി ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയെ കണ്ട് എളമരം കരിം തന്നെ പരാതിയും പറഞ്ഞു. ഇതേ തുടർന്ന് മുമ്പൊരിക്കൽ ഡ്രൈവിങ് ലൈസൻസുകളുടെ പരീക്ഷാ എണ്ണം വെട്ടിക്കുറച്ച നടപടി പിൻവലിക്കുകയും ചെയ്തു. ഇതേ സാഹചര്യം വീണ്ടും ഉണ്ടാക്കാനാണ് തൊഴിലാളി സംഘടനകളുടെ ശ്രമം. വിഷയം സമരത്തിലൂടെ മുഖ്യമന്ത്രിയുടെ അടുത്ത് എത്തിക്കാനാണ് നീക്കം. ഇതിലൂടെ ഗതാഗത മന്ത്രിയെ തിരുത്തുകയാണ് തന്ത്രം. അതുകൊണ്ട് മുഖ്യമന്ത്രിയും സിപിഎമ്മും ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാണ്.

ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ഇളവിന് ഗതാഗത മന്ത്രി ഗണേശ് കുമാർ നിർദ്ദേശിച്ചിരുന്നു. ടെസ്റ്റിന്റെ ആദ്യ ഭാഗമായ 'എച്ച്' എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും പാർക്കിങ്ങും റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണമെന്നും നിർദ്ദേശം. എന്നാൽ ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇതിനിടെയാണ് സമര പ്രഖ്യാപനം എത്തുന്നത്.

പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങി മെയ് 2 മുതൽ വലിയ പരിഷ്‌കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിർദ്ദേശം. ലൈസൻസ് നൽകുന്നതിലെ അഴിമതി തടയാനായിരുന്നു മന്ത്രിയുടെ ഇടപെടൽ. അതിനാണ് തൊഴിലാളി സംഘടനകളുടെ എതിർപ്പ് പാരയായി മാറുന്നത്.