തിരുവല്ല: കൺസ്ട്രക്ഷൻ കമ്പനി ഉടമയുടെ തട്ടിപ്പിന് ഇരയായ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യയുടെ വക്കിൽ. ഭർത്താവിന്റെ മരണത്തെ തുടർന്ന് ലൈഫ് പദ്ധതിയിൽ അനുവദിച്ച വീട് നിർമ്മിക്കാൻ ശ്രമിച്ച വീട്ടമ്മയെ ഡേറ്റാബാങ്കിലുള്ള സ്ഥലം നൽകി പറ്റിച്ച കൺസ്ട്രക്ഷൻ കമ്പനി ഉടമയെ പൊലീസും രാഷ്ട്രീയക്കാരും ചേർന്ന് സംരക്ഷിക്കുന്നു.

കുറ്റൂർ തെങ്ങേലി പോത്തളത്ത് ബിൻസി ചാക്കോ ആണ് തട്ടിപ്പിന് ഇരയായത്. കുറ്റൂർ ആറാട്ടുകടവ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഹെറിറ്റേജ് കൺസ്ട്രക്ഷൻ സ്ഥാപന ഉടമയും തെങ്ങേലി ബീന ഭവനിൽ സുനിൽ ആണ് തട്ടിപ്പ് നടത്തിയതായി പരാതി ഉയരുന്നത്. സ്വന്തമായി മൂന്ന് സെന്റ് ഭൂമി ഉണ്ടെങ്കിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വയ്ക്കാൻ പണം അനുവദിക്കാം എന്ന ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഉറപ്പിന്മേൽ 2019 ൽ ആണ് ബിൻസി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ സ്വരൂപിച്ച പണം ഉപയോഗിച്ച് സുനിലിന്റെ ഉടമയുള്ള മൂന്ന് സെന്റ് ഭൂമി വാങ്ങിയത്.

ഭൂമിയുടെ വിലയായി മൂന്നര ലക്ഷം രൂപ സുനിൽ കൈപ്പറ്റുകയും ചെയ്തു. ഭൂമി ഇടപാടുകളെ കുറിച്ച് കൂടുതൽ അറിവില്ലാതിരുന്ന ബിൻസി വസ്തു പേരിൽ കൂട്ടുന്നതിനായി വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് മനസ്സിലാക്കിയത്. ഇതോടെ ലൈഫ് പദ്ധതിയിൽ നിന്നും വീട് വയ്ക്കുന്നതിനായി പണം ലഭിക്കില്ലെന്ന് അറിഞ്ഞു. തുടർന്ന് ഭൂമി തിരികെ എടുക്കണം എന്ന് ഭൂമി തിരികെ എടുക്കണം എന്ന് ആവശ്യപ്പെട്ട് ബിൻസി സുനിലിനെ സമീപിച്ചു. തന്റെ മകളുടെ വിവാഹമാണെന്നും മൂന്ന് മാസത്തിനു ശേഷം വസ്തു തിരികെ എടുത്ത് പണം മടക്കി നൽകാമെന്ന് സുനിൽ ബിൻസിക്ക് ഉറപ്പ് നൽകി.

എന്നാൽ ഉറപ്പുകൾ പാലിക്കപ്പെടാതെ ആയതോടെ ബിൻസി ഭൂമി തരം മാറ്റി കിട്ടുന്നതിനായി ആർ.ഡി.ഓയ്ക്ക് അപേക്ഷ നൽകി. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട വസ്തുവായതിനാൽ തരം മാറ്റി നൽകാൻ ആവില്ലെന്ന് ആർ.ഡി.ഒ ഓഫീസിൽ നിന്നും രേഖാമൂലമായ മറുപടി ലഭിച്ചു. തുടർന്ന് പരാതിയുമായി ബിൻസി ജില്ലാ കലക്ടറെ സമീപിച്ചു. ഈ പരാതിയിന്മേൽ ജില്ലാ കളക്ടർ തുടർ നടപടിക്കായി പരാതി ആർ.ഡി.ഓയ്ക്ക് മടക്കി അയച്ചു. ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട വസ്തുവായതിനാൽ തരം മാറ്റി നൽകാൻ ആവില്ല എന്ന പഴയ നിലപാട് ആർ.ഡി.ഒ സ്വീകരിച്ചു. ഇതോടെ ബിൻസി വീണ്ടും സുനിലിനെ സമീപിച്ചു.

അനുകൂലമായ നിലപാട് ഉണ്ടാവാതെ ഇരുന്നതിനെ തുടർന്ന് 6 മാസം മുമ്പ് തിരുവല്ല ഡിവൈഎസ്‌പിക്ക് ബീന പരാതി നൽകി. എന്നാൽ സുനിലിന്റെ ഉന്നത പിടിപാട് മൂലം ഈ പരാതിയും ഒതുക്കപ്പെടുകയായിരുന്നു. സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ബിൻസി പ്രായപൂർത്തിയായ രണ്ട് പെൺമക്കളുമായി സഹോദരന്റെ വീട്ടിലാണ് താമസം. എത്ര കാലം ഇങ്ങനെ തുടരാൻ ആവും എന്നതാണ് ബിൻസിയെയും മക്കളെയും അലട്ടുന്ന ആകുലത.