- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ അഴിമതി കേസ് സിബിഐ അന്വേഷിക്കേണ്ട ; സർക്കാർ നിയോഗിച്ച സുപ്രീം കോടതി അഭിഭാഷകൻ കെ.വി വിശ്വനാഥിന് 59.50 ലക്ഷം അനുവദിച്ച് ഉത്തരവിറക്കി; വീണ്ടും കേസുകൾക്ക് വേണ്ടി ഖജനാവ് കൊള്ള തുടരുമ്പോൾ
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണ അഴിമതി കേസിൽ സുപ്രീം കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ അഡ്വ.കെ.വി. വിശ്വനാഥന് വക്കിൽ ഫീസായി 4.50 ലക്ഷം രൂപ കൂടി അനുവദിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ഈ മാസം 2 നാണ് തുക അനുവദിച്ചത്. 55 ലക്ഷം രൂപ വക്കീൽ ഫീസിനത്തിൽ നേരെത്തെ നൽകിയിരുന്നു. ഇതോടെ ലൈഫ് മിഷൻ അഴിമതി കേസ് സിബിഐ അന്വേഷിക്കേണ്ട എന്ന സർക്കാർ ആവശ്യത്തിന് ഖജനാവിൽ നിന്ന് വക്കീൽ ഫീസിനത്തിൽ ചെലവായത് 59.50 ലക്ഷം രൂപ.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സർക്കാരിനുവേണ്ടി ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ യു.വി.ജോസാണ് ഹർജി നൽകിയത്. വിരമിച്ചതിന് ശേഷവും വിവാദ ഉദ്യോഗസ്ഥനായ യു.വി. ജോസിനെ സിൽവർ ലൈൻ സ്ഥലമെടുപ്പിന്റെ സ്‌പെഷ്യൽ ഓഫിസറായി നിയമിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.20 കോടി രൂപയാണ് റെഡ് ക്രസന്റ് ഫ്‌ളാറ്റ് നിർമ്മാണത്തിനായി നൽകിയത്.
അതിൽ 9.5 കോടിയും കമ്മീഷനായി അടിച്ചു മാറ്റിയിരുന്നു. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. ഫ്ലാറ്റ് നിർമ്മാണത്തിൽ കരാർ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് ശിവശങ്കർ കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്റെ മൊഴിയെ തുടർന്നാണ് ചോദ്യം ചെയ്തത്. തന്റെ ലോക്കറിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെടുത്ത പണം ശിവശങ്കർ കൈപ്പറ്റിയ കൈക്കൂലി തുകയെന്ന് സ്വപ്ന പറഞ്ഞിരുന്നു.
ഈ കേസിൽ ആദ്യമായാണ് ശിവശങ്കർ സിബിഐക്ക് മുന്നിൽ ഹാജരാകുന്നത്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് സിബിഐ അന്വേഷിക്കേണ്ട എന്ന് സർക്കാർ വാശി പിടിക്കുന്നതും സിബിഐ അന്വേഷണം തടയാൻ സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിക്കുന്നതും.ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം തേടുന്നതിന് നരിമാനും സംഘത്തിനും 46.9 ലക്ഷം രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.
സ്വർണ്ണ കടത്ത് കേസ് ബാഗ്ലൂരിലേക്ക് മാറ്റണ്ട എന്ന് വാദിക്കാൻ സർക്കാരിന് വേണ്ടി ഹാജരായ കപിൽ സിബലിന് ഒരു സിറ്റിംഗിന് 15.5 ലക്ഷം രൂപയാണ് യാണ് നൽകുന്നത്. ഓരോ സിറ്റിംഗിനും 15.5 ലക്ഷം വീതം നൽകണമെന്നാണ് കപിൽ സിബലിന്റെ ആവശ്യം. കുറഞ്ഞത് 50 ലക്ഷം രൂപ വക്കീൽ ഫിസായി കപിൽ സിബൽ ഈ ഇനത്തിൽ വാങ്ങും. ഇങ്ങനെ മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും അന്വേഷണങ്ങൾ എത്തുന്ന കേസുകൾ തടയാൻ വേണ്ടി മാത്രം ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് കോടികളാണ്.
മറുനാടന് മലയാളി ബ്യൂറോ