- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ കരാർ യൂണിറ്റാക്കിന് ലഭിക്കാൻ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിക്കാൻ മുൻകൂറായി കമ്മീഷൻ കൈപ്പറ്റി; ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈൽ ഫോണും ലഭിച്ചു; വാട്സ്ആപ്പ് ചാറ്റുകൾ അടക്കം തെളിവായി നിരത്തി ഇഡിയുടെ റിമാൻഡ് റിപ്പോർട്ട്; സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കർ വാട്സ്ആപ്പ് ചാറ്റിൽ
കൊച്ചി: ലൈഫ് മിഷൻ കരാറിന് ചുക്കാൻ പിടിച്ച എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈൽ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിമാൻഡ് റിപ്പോർട്ട്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കുന്നതിന് മുൻപ് തന്നെ മുൻകൂറായി കമ്മീഷൻ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
കേസിൽ ഈമാസം 20 വരെയാണ് ശിവശങ്കറിനെ ഇഡിയുടെ കസ്റ്റഡിയിൽവിട്ടത്. എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടേതാണ് നടപടി. 20-ാം തീയതി ഉച്ചയ്ക്ക് 2.30 വെരയാണ് കസ്റ്റഡിയിൽവിട്ടത്. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാൽ, കാര്യകാരണങ്ങൾ ബോധ്യപ്പെടുത്തിയാൽ പിന്നീട് കൂടുതൽ ദിവസം കസ്റ്റഡി അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി
കരാർ ഉറപ്പിക്കുന്നതിന് മുൻപ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വ്യക്തമാക്കുന്നു. വാട്‌സ്ആപ്പ് ചാറ്റുകളിലെ വിവരങ്ങൾ അടക്കം പങ്കുവച്ചാണ് റിമാൻഡ് റിപ്പോർട്ട്.
ലൈഫ് മിഷൻ കരാറിലെ കോഴപ്പണം വരുന്നതിനു മുൻപ് സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് റിമാൻഡ് റിപ്പോർട്ടിൽ പങ്കുവയ്ക്കുന്നുണ്ട്. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശമാണ് ശിവശങ്കർ നൽകുന്നത്. ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നിൽക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും , സരിതും ഖാലിദും കാര്യങ്ങൾ നോക്കിക്കോളും എന്നും സ്വപ്ന മറുപടി നൽകുന്നുണ്ട്.
2019 ജൂലൈ 31നാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. ഇതിന്റെ അടുത്ത ദിവസമാണ് സന്തോഷ് ഈപ്പൻ മൂന്നു കോടി 8 ലക്ഷം രൂപയുമായി സ്വപ്നയെ കാണാൻ കവടിയാറിൽ എത്തുന്നത്. വാട്‌സ്ആപ്പ് ചാറ്റിൽ സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കർ പറയുന്നുണ്ട്. ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ ഇടപാടിന്റെ പ്രധാന തെളിവായാണ് ഇഡി ഈ സംഭാഷണം കോടതിയിൽ ഹാജരാക്കിയത്.
ലൈഫ് മിഷൻ കരാറിൽ നടന്നത് മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് എന്നാണ് എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് മില്യൺ ദിർഹത്തിന് ആയിരുന്നു ഇടപാട് ഉറപ്പിച്ചത്. യൂണിറ്റാക്കിന് തന്നെ കരാർ ലഭിക്കാൻ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് എം ശിവശങ്കറിന് ഒരു കോടി രൂപ ലഭിച്ചുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ മൊഴി. ലഭിച്ച പണം തന്റെ പേരിലുള്ള ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചതും ശിവശങ്കർ എന്ന് സ്വപ്‌ന നേരത്തെ മൊഴി നൽകിയിരുന്നു.
പദ്ധതിയുടെ കരാർ യാഥാർത്ഥ്യമാകുന്നതിനായി കൈക്കൂലി ആവശ്യപ്പെടുകയും യൂണിറ്റാക്ക് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. പദ്ധതിയുടെ കരാറിന് മുമ്പായി മുൻകൂർ കമ്മീഷൻ കൈപ്പറ്റി.
യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടിയിൽ 14.50 കോടി ചെലവാക്കി 140 ഫ്‌ളാറ്റുകൾ നിർമ്മിക്കാൻ പദ്ധതി തയാറാക്കി. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിർമ്മിക്കുമെന്നായിരുന്നു കരാർ. 2019 ജൂലൈ 11നാണ് കരാർ ഒപ്പുവച്ചത്. കേരളത്തിലെ പ്രളയബാധിതർക്ക് വാസയോഗ്യമായ ഭവനങ്ങൾ നൽകാനായി പിരിച്ചെടുത്ത വൻതുക ലൈഫ് മിഷൻ പദ്ധതിയുടെ കരാർ അനുവദിക്കുന്നതിനുള്ള മുൻകൂർ കമ്മീഷനായി തട്ടിയെടുത്തതായി അന്വേഷണത്തിൽ വ്യക്തമായി.
കുറ്റകൃത്യത്തിന്റെ വരുമാനം വെളുപ്പിക്കുന്നതിനുള്ള മുഴുവൻ രീതിയും വെളിപ്പെടുത്താനും അന്വേഷണവുമായി സഹകരിക്കാനും അവസരങ്ങൾ നൽകിയിട്ടും, അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും തെറ്റിദ്ധരിപ്പിക്കുകയും ഒഴിവാക്കുകയും ചെയ്തുകൊണ്ട് ശിവശങ്കർ മനഃപൂർവം നിസ്സഹകരണ മനോഭാവം സ്വീകരിച്ചു. തനിക്കറിയാവുന്ന വസ്തുതകൾ വെളിപ്പെടുത്താതെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണ് ശിവശങ്കർ ചെയ്തത്. കള്ളപ്പണം സംബന്ധിച്ച പൂർണമായ വിവരം പുറത്തുവരാൻ ശിവശങ്കറെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
റിട്ടയേർഡ് ബ്യൂറോക്രാറ്റ് എന്ന നിലയിൽ, ശിവശങ്കർ സംസ്ഥാനത്ത് ഉയർന്ന സ്വാധീനമുള്ള വ്യക്തിയാണ്. അതിനാൽ, ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് കുറ്റകൃത്യത്തിന്റെ വരുമാനത്തെക്കുറിച്ചും അതിന്റെ തുടർന്നുള്ള വരുമാനത്തെക്കുറിച്ചും സൂചനകളും ലീഡുകളും ലഭിക്കുന്നതിന് അനിവാര്യമാണെന്നും ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നു.
പദ്ധതിയുടെ പേരിൽ 4.48 കോടി സ്വപ്ന അടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്നു കരാറുകാരനായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാർ, യൂണിടാക് കമ്പനി എങ്ങനെ കരാറിന്റെ ഭാഗമായി, കമ്മിഷനായി എത്രരൂപ നൽകി, കരാറിൽ സ്വർണക്കടത്തു കേസിലെ പ്രതികളുടെ പങ്ക് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചിരുന്നു.
തുടർച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലായിരുന്നു ഇ.ഡിയുടെ നടപടി. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്നാം തവണയാണ് ശിവശങ്കർ അറസ്റ്റിലായത്.
കഴിഞ്ഞ 31നാണ് ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ശിവശങ്കറെ ചോദ്യം ചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാവാൻ നേരത്തെ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അന്ന് ഹാജരാവാൻ സാധിക്കില്ലെന്ന ശിവശങ്കറിന്റെ അപേക്ഷ പരിഗണിച്ചാണ് വീണ്ടും ഹാജരാവാൻ ഇ.ഡി. നോട്ടീസ് നൽകിയത്.
കേസിൽ ശിവങ്കറിന് കോഴപണം ലഭിച്ചിരുന്നുവെന്ന് സ്വപ്ന മുൻപ് മൊഴി നൽകിയിരുന്നു. സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരുകോടി രൂപയോളം വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
കേസിൽ സ്വർണക്കടത്ത് കേസ് പ്രതികളായ സരിത്തിനേയും സന്ദീപിനേയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെയും സംഘം ചോദ്യം ചെയ്തത്. യുണിടാക്കിന് ലൈഫ് മിഷൻ കരാർ ലഭിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് സ്വപ്നയുൾപ്പെടെയുള്ള പ്രതികൾ നൽകിയ മൊഴി.
മറുനാടന് മലയാളി ബ്യൂറോ