കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം ഏഴിന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാവാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകി. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാവാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു.

നിയമസഭ നടക്കുന്നതിന്റെ തിരക്കുള്ളതിനാൽ ഹാജരാവാനാവില്ലെന്നായിരുന്നു രവീന്ദ്രൻ ഇഡിയെ അറിയിച്ചത്. എന്നാൽ ഇത് അന്വേഷത്തെ ഒഴിവാക്കുന്നതിനുള്ള ശ്രമമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. ഏഴിനും ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്കു കടക്കുമെന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്. മൂന്നു തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഇ ഡിക്ക് അധികാരമുണ്ട്.

മുമ്പ് സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് നാലു തവണ ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇതിൽ മൂന്നു തവണ ഇ.ഡിക്ക് മുമ്പിൽ രവീന്ദ്രൻ ഹാജരായിരുന്നില്ല.

അതേ സമയം ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനായി ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി ബി നൂഹ് ഐഎഎസിനോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ചുമതലയേൽക്കുന്നത്.

ലൈഫ് മിഷൻ കരാറിൽ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകളും ലഭിച്ചു.

കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. ലൈഫ്മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ നാല് കോടി 48 ലക്ഷം രൂപ കോഴ നൽകിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായികുന്നു ശിവശങ്കറിന്റെ അറസ്റ്റ്. ഫ്‌ളാറ്റ് നിർമ്മാണത്തിന് യു.എ.ഇയിലെ റെഡ് ക്രെസന്റ് കരാറുകാരായ യൂനിടാക്കിനു നൽകിയ 19 കോടിയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് ഇ.ഡി കേസ്.

കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണ് സി.എം. രവീന്ദ്രനും നോട്ടീസ് നൽകിയത്. ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഗൂഢാലോചനകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കലാണ് ഇ.ഡിയുടെ ലക്ഷ്യം.

സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്നാണ് രവീന്ദ്രന്റെ നിലപാട്. എന്നാൽ, സ്വപ്ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റിൽ രവീന്ദ്രന്റെ പേര് പരാമർശിച്ചതായി വിവരം പുറത്തുവന്നിരുന്നു. തുടർന്ന് സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും അടുത്ത ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. ഈ തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് രവീന്ദ്രനെ കാത്തിരിക്കുന്നത്. രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യം ചെയ്യലിന് വിഷയമാകും.