- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ വ്യക്തിപരം; ലൈഫ് മിഷനുമായി ബന്ധമില്ലെന്നും എം ശിവശങ്കർ; കസ്റ്റഡി ആവശ്യപ്പെടാതെ ഇഡി; റിമാൻഡ് ചെയ്തു; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാൻഡ് ചെയ്തു. കേസിൽ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടില്ല. ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം.
കേസിൽ ഒൻപത് ദിവസം ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറെ കോടതിയിൽ ഹാജരാക്കിയത്. വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന് ഇഡി ആവശ്യപ്പെടാതിരുന്നതിനെ തുടർന്നാണ് കോടതി ശിവശങ്കറിനെ റിമാൻഡ് ചെയ്ത് എറണാകുളം ജയിലിലേക്ക് അയച്ചത്. അതിനിടെ ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ ജാമ്യഹർജി നൽകുകയായിരുന്നു ഹർജിയിൽ നാളെ വിശദമായി വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു.
ഒൻപത് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ കൂടതൽ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടില്ല. ഇത്രയും ദിവസം ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
ലൈഫ് മിഷനിൽ കോഴപ്പണം കൈപ്പറ്റിയെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കർ മറുപടി നൽകിയത്.
ഇഡിയുടെ അന്വേഷണത്തിൽ ശിവശങ്കറിനെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജാമ്യഹർജിയിൽ പറയുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാലും ശിവശങ്കറിന് ജാമ്യം അനുവദിക്കണമെന്നതാണ് ഹർജിയിൽ പറയുന്നത്. അതേസമയം അന്വേഷണത്തിൽ ശിവശങ്കർ വേണ്ടപോലെ സഹകരിക്കുന്നില്ലെന്ന് ഇഡി ആരോപിക്കുന്നു.
കേസിൽ പുതിയതായി ലഭിച്ച ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് ഇഡി ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെടാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. നയതന്ത്രപാഴ്‌സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.
ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസിൽ ഇഡി ശിവശങ്കറെ പ്രതി ചേർക്കാൻ കാരണമായത്. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമ്മിച്ച പദ്ധതിയിൽ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്.
കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്നു നിർമ്മാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ