കൊച്ചി: ലൈഫ് മിഷൻ കോഴയിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്. ശിവശങ്കരൻ തീർത്ത പ്രതിരോധം ചാർട്ടേഡ് അക്കൗണ്ടന്റിനെ അടക്കം ചോദ്യം ചെയ്തതോടെ പൊളിഞ്ഞു. സ്വപ്‌നയുടെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച പണത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയില്ലെന്ന വാദമാണ് പൊളിഞ്ഞത്. ഇത് മാത്രമല്ല, സ്വപ്‌നയുടെ സ്വകാര്യ ഫോണിൽ നിന്നും റിക്കവർ ചെയ്ത വിവരങ്ങളും ശിവശങ്കരനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അതേസമയം ശിവശങ്കറിന് അപ്പുറത്തേക്കുള്ള വിവരങ്ങൾ ലഭിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് ഉന്നയിക്കുകയുണ്ടായി. ഈ ആവശ്യം സ്വപ്‌ന ഉന്നയിച്ചതും കൃത്യമായ വിവരങ്ങളോടെയാണ് എന്നും സൂചനയുണ്ട്. റെഡ് ക്രെസന്റ് -ലൈഫ് മിഷൻ ഇടപാടിൽ പല കാര്യങ്ങളിലും സ്വപ്‌ന അന്തിമ അനുമതിക്കായി ബന്ധപ്പെട്ടത് സി എം രവീന്ദ്രനെ ആയിരുന്നു. ഇത് സംബന്ധിച്ച വാട്‌സ് ആപ്പ് ചാറ്റുകളാണ് അടുത്ത ഘട്ടത്തിൽ പുറത്തുവരാനുണ്ട്. വിവരങ്ങൾ ഇഡി റിക്കവർ ചെയ്തിട്ടുണ്ട്.

ശിവശങ്കറുമായി ബന്ധപ്പെട്ട ചാറ്റുകളിൽ ചില കാര്യങ്ങളിൽ സിഎം രവീന്ദ്രനെ വിളിക്കാനാണ് അദ്ദേഹം സ്വപ്‌നയോട് നിർദേശിച്ചത്. അതുകൊണ്ട് തന്നെ അടുത്ത ഘട്ടത്തിൽ ഇഡിക്ക് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യേണ്ടി വരും. ചാറ്റിൽ ഗുരുതരമായെ വെളിപ്പെടുത്തലുകൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിയിൽ നിന്നും മൊഴിയെടുക്കണ്ട സാഹചര്യം പോലും ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാൽ, രാഷ്ട്രീയ സാഹചര്യങ്ങളും ഇക്കാര്യത്തിൽ നിർണായകമാകുമെന്നാണ് സൂചനകളുള്ളത്.

സ്വർണ്ണക്കടത്തു കേസിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തു തീർപ്പുണ്ടായെന്ന ആരോപണം അടക്കം ശക്തമായി നിലനിൽക്കുന്നുണ്ട്. പല കാര്യങ്ങളിലും കേന്ദ്രസർക്കാർ പിണറായിയുടെ താൽപ്പര്യത്തിന് അനുസരിച്ചാണ് നിലകൊണ്ടതും. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ ലൈഫ് മിഷൻ വീണ്ടും പൊടിതട്ടി എടുത്താൽ സർക്കാറിനെ വിറപ്പിക്കുന്ന വിധത്തിലുള്ള നീക്കങ്ങൾ ഇ ഡിയുടെ ഭാഗത്തു നിന്നും ഉണ്ടാകും.

അതേസമയം ശിവശങ്കറിന് സിപിഎമ്മുമായി ബന്ധമില്ലെന്ന് പറഞ്ഞ വിഷയത്തിൽ പ്രതിരോധം ഇതിനോടകം തന്നെ സിപിഎം തീർത്തിട്ടുണ്ട്. 2019 സെപ്റ്റംബറിൽ ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ അടക്കും പുറത്തുവന്നിരുന്നു. റെഡ്ക്രസന്റിനെ എങ്ങനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരണം എന്നതടക്കമുള്ള കാര്യങ്ങൾ ശിവശങ്കർ ഉപദേശിക്കുന്നത് ഉൾപ്പെടെ പുറത്ത് വന്ന ചാറ്റുകളിലുണ്ട്.

വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ യുണിടാക്കിന് ലഭിക്കാൻ ഇടപെട്ടതും റെഡ്ക്രസന്റിനെ കരാറുമായി ബന്ധപ്പെടുത്തിയതിലടക്കം ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിക്കുന്നത്. നേരത്തെ പുറത്ത് വന്നതിന്റെ തുടർച്ചയായുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. റെഡ്ക്രസന്റ് നൽകേണ്ട കത്തിന്റെ മാതൃകയും ചാറ്റുവഴി ശിവശങ്കർ സ്വപ്നയ്ക്ക് നൽകുന്നുണ്ട്.

വടക്കാഞ്ചേരിയിലെ അപ്പാർട്മെന്റ് നിർമ്മിക്കുമ്പോൾ പ്രളയദുരതാശ്വാസവുമായി ബന്ധപ്പെട്ട് പണം നൽകാമെന്ന് റെഡ്ക്രസന്റ് അറിയിച്ചിരുന്നു. റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലാണ് ആദ്യഘട്ടത്തിൽ ധാരണാപത്രം ഒപ്പുവെക്കുന്നത്. ഇതിലടക്കം ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് ഇ.ഡി. അവകാശപ്പെടുന്നു. റെഡ്ക്രസന്റ് പണം വാഗ്ദാനം ചെയ്യുന്നതിലും യുണിടാക്കമായി തമ്മിലുള്ള കരാറിൽ കമ്മിഷൻ വാങ്ങുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ.ഡി. പറയുന്നു. ഇതിനെ സാധൂകരിക്കുന്ന ചാറ്റുകളാണ് നിലവിൽ പുറത്തുവരുന്നത്.

അടുത്ത ഘട്ടത്തിൽ സി എം രവീന്ദ്രനുമായി ബന്ധപ്പെട്ട വിവരങ്ങൾ വന്നാൽ ഇഡി വീണ്ടും കളത്തിലെത്തും. ഇതിന് മുമ്പും ഇഡി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. മുമ്പ് മൂന്നു തവണ നോട്ടീസ് അയച്ചപ്പോഴും കോവിഡ് ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഹാജരായിരുന്നില്ല. എന്നാൽ, നടുവേദനയുടെ പ്രശ്നം ഒഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തിരുന്നു.

അതേസമയം ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് ഒരു സാമ്പത്തിക ഇടപാടുമില്ലെന്നാണ് സർക്കാറും സിപിഎമ്മും പ്രതിരോധമായി പറയുന്നത്. 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നവും നാടിനായി പണിത ആശുപത്രി സമുച്ചയവുമാണ് യുഡിഎഫും ബിജെപിയും തകർത്തെറിഞ്ഞുവെന്നും ആവർത്തിക്കുന്നു. പ്രളയത്തെത്തുടർന്ന് കേരളത്തിന്റെ അതിജീവനത്തിനായി 140 കുടുംബങ്ങൾക്കുള്ള ഫ്ളാറ്റും ആശുപത്രി സമുച്ചയവും അങ്കണവാടിയുമെല്ലാം സംസ്ഥാന സർക്കാരിന് നിർമ്മിച്ച് കൈമാറാമെന്നാണ് യുഇഎ റെഡ് ക്രസന്റ് അറിയിച്ചത്.

ഇതിന് 20 കോടിയോളമാണ് ധനസഹായം പ്രഖ്യാപിച്ചത്. പണം കൈമാറുന്നതിന് പകരം ഭവനസമുച്ചയം നിർമ്മിച്ചശേഷം കൈമാറാമെന്നാണ് റെഡ് ക്രസന്റ് ജനറൽ സെക്രട്ടറി മുഹമദ് അറ്റീഫ് അൽ ഹലാഫി അറിയിച്ചത്. നിർമ്മാണ ഏജൻസിയായി യൂണിടാക്കിനെ തെരഞ്ഞെടുത്തതും കരാർ നൽകിയതും ധാരണപത്രം ഒപ്പിട്ടതും പണമിടപാടുകൾ നടത്തിയതുമെല്ലാം യുഎഇ കോൺസുലേറ്റും റെഡ്ക്രസന്റുമാണ്. റെഡ്ക്രസന്റിൽനിന്ന് സർക്കാരോ ലൈഫ് മിഷനോ പണം സ്വീകരിച്ചിട്ടില്ല. ഭവനസമുച്ചയം പണിയാൻ വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217.88 സെന്റ് ഭൂമി വിട്ടു നൽകി. ആശുപത്രി 80 ശതമാനം നിർമ്മാണം പൂർത്തിയായി. ഫ്ളാറ്റ് സമുച്ചയവും ഉയർന്നുവെന്നും പിന്നീടാണ് വിവാദം ഉണ്ടായതെന്നുമാണ് സർക്കാർ വാദിക്കുന്നത്.

അതേസമയം ലൈഫ് മിഷനുമായി ബന്ധപ്പെട്ട പദ്ധതിയിൽ ആർക്കൊക്കെ കോഴ നൽകിയെന്ന് കൃത്യമായി തന്നെ യുണീടാക്ക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. ഇതാണ് സർക്കാറിനെ പല ഉന്നതരെയും വെട്ടിലാക്കുന്നത്.