- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം മുറയിലെ കൊള്ളക്കാരിലൊരാളായി; കിരീടത്തിലെത്തിയത് തെലുങ്കു നടന്‍ പിന്മാറിയപ്പോള്; കീരിക്കാടനായതിന്റെ പേരില്‍ നഷ്ടപ്പെട്ടത് എന്‍ഫോഴ്സമെന്റിലെ ജോലി; മടങ്ങുന്നത് ആ ആഗ്രഹം ബാക്കിയാക്കി; മോഹന്‍രാജിന്റെ തിരശീലയ്ക്കു പുറത്തെ ജീവിതം
മോഹന്‍രാജിന്റെ തിരശീലയ്ക്കു പുറത്തെ ജീവിതം
തിരുവനന്തപുരം:മലയാള സിനിമാ ചരിത്രത്തില്‍ തന്നെ പകരം വെക്കാനില്ലാത്ത വില്ലന്‍ കഥാപാത്രമാണ് കീരിക്കാടന്‍ ജോസ്.അവതരിപ്പിച്ച നടന്റെ യഥാര്‍ത്ഥ പേരിനെപ്പോലും മറവിയിലാഴ്ത്തി ഒരിത്തിരി ഭയത്തോടെയാണെങ്കിലും മലയാളി പ്രേക്ഷകന്റെ നെഞ്ചിലും ചുണ്ടിലും നിറഞ്ഞുനിന്ന പേരും രൂപവും.കീരിക്കാടനു തുല്യം കീരിക്കാടന്‍ മാത്രം.കിരീടത്തില്‍ മോഹന്‍ലാലിന്റെ നായക കഥാപാത്രത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍.കഥാപാത്രത്തെ അനശ്വരമാക്കിയ മോഹന്‍ രാജ് പില്‍ക്കാലത്ത് അറിയപ്പെട്ടത് പോലും കീരിക്കാടന്‍ ജോസ് എന്ന പേരിലായിരുന്നു.
അവസാന നിമിഷം അപ്രതീക്ഷിതമായാണ് കീരിക്കാടന്റെ വേഷത്തിലേക്ക് മോഹന്‍രാജ് എത്തുന്നത്.അതിനുമുന്നെ ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ തക്കവണ്ണമു്ള്ളവയായിരുന്നില്ല ഒന്നും.അങ്ങിനെയിരിക്കെയാണ് കിരീടത്തില്‍
ആദ്യം നിശ്ചയിച്ച നടന്‍ എത്താതെ പ്രതിസന്ധിയിലായി നില്‍ക്കുന്ന സമയത്ത് സഹസംവിധായകനായിരുന്ന കലാധരന്‍ മോഹന്‍ രാജ് എന്ന വ്യക്തിയേക്കുറിച്ച് പറയുന്നത്.എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹന്‍രാജിനെ കണ്ടപ്പോള്‍ തന്നെ അവര്‍ ഉറപ്പിച്ചു. സിബി മലയിലിനും മറ്റൊരു അഭിപ്രായം ഉണ്ടായിരുന്നില്ല.
നല്ല മുടിയുള്ള മോഹന്‍രാജിനെ മൊട്ടയടിപ്പിച്ച് മുഖത്തൊരു മുറിപ്പാടും നല്‍കി കീരിക്കാടന്‍ ജോസാക്കി മാറ്റി.ചിത്രം വന്‍ ഹിറ്റായതോടെ മോഹന്‍രാജ് മലയാളത്തിലെ വില്ലന്മാരില്‍ പ്രധാനിയായി.മലയാളത്തിനൊപ്പം തന്നെ ഇതര ഭാഷകളിലും മോഹന്‍രാജിനെത്തേടി അവസരങ്ങളെത്തി.സിനിമയില്‍ നിന്ന് ഇടവേളയടുക്കുന്നത് വരെ ആരെയും വിറപ്പിക്കുന്ന വില്ലന്‍ എന്ന ആശയം ഉടലെടുക്കുമ്പോഴെ അണിയറ പ്രവര്‍ത്തകരുടെ മനസ്സില്‍ മോഹന്‍രാജിന്റെ മുഖം തെളിഞ്ഞുവന്നു.
വില്ലന്‍വേഷത്തില്‍ ശോഭിക്കാന്‍ കഴിയുന്ന നിരവധി അഭിനേതാക്കള്‍ ഉള്ളപ്പോഴാണ് തന്റെതായ രീതിയിലൂട മലയാള സിനിമയിലെ വില്ലന്‍ ഭാവങ്ങള്‍ക്ക് മോഹന്‍രാജ് ഒരു കീരിക്കാടന്‍ ടച്ച് നല്‍കിയത്.
കീരിക്കാടന്റെ പിറവിയെപ്പറ്റി സിബി മലയില്‍ പറഞ്ഞത്
സ്വന്തം പേരിനെക്കാള്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസ് എന്ന പേരിലാണ് മോഹന്‍രാജ് അറിയപ്പെട്ടത്.കീരിക്കാടന്‍ എന്ന കഥാപാത്രത്തിന് ആദ്യം നിശ്ചയിച്ചത് ഒരു തെലുങ്ക് നടനെയായിരുന്നു.അഡ്വാന്‍സ് ഉള്‍പ്പടെ കൊടുത്തിരുന്നുവെങ്കിലും അവസാന നിമിഷം നടന്‍ പിന്മാറുകയായിരുന്നു.ഇതിന് പിന്നാലെയാണ് ആ വേഷം മോഹന്‍രാജിലേക്ക് എത്തിപ്പെട്ടത്.ഈ സംഭവത്തെക്കുറിച്ച് സംവിധായകന്‍ സിബി മലയില്‍ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.അത് ഇങ്ങനെ..
'കിരീടത്തിന്റെ കഥ മോഹന്‍ലാല്‍ എന്ന നടനെ തന്നെ ഉദ്ദേശിച്ച് രൂപപ്പെടുത്തിയ കഥയാണ്.കഥ എഴുതി വന്നപ്പോള്‍ സേതുമാധവന്‍ എന്ന വേഷം ചെയ്യാന്‍ മോഹന്‍ലാല്‍ ആയിരുന്നു ഞങ്ങളുടെ മനസിലേക്ക് കടന്നു വന്നത്.എന്നാല്‍ സുപ്രധാനമായ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം ചെയ്യുന്നത് ഒരു പുതിയ നടന്‍ ആവണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.കാരണം ആ കഥാപത്രത്തെ കുറിച്ച് എല്ലാവരും വലിയ ബില്‍ഡ് അപ്പ് കൊടുത്തുകൊണ്ട് പറഞ്ഞ് ഫലിപ്പിച്ച് കാണിക്കുമ്പോള്‍ ആ വേഷം ചെയ്യുന്നത് അത്രയും ഭീകരനായ ഒരാളാവണമെന്നുണ്ടായിരിന്നു.നമുക്ക് പരിചയമുള്ള ഒരു നാടനാണെങ്കില്‍ അയാളെ കാണിക്കുമ്പോള്‍ സ്വാഭാവികമായും പ്രേക്ഷകര്‍ ഇയാളെ കുറിച്ചാണോ ഇത്രയും പറഞ്ഞതെന്ന് ചിന്തിച്ചു പോവും.ഈ പറയുന്ന ആകാരമുള്ള പുതിയ ഒരു നടനെ വേണം.
നിര്‍മാതാക്കള്‍ ആ സമയത്ത് പ്രദീപ് ഷെട്ടി എന്ന ഒരു തെലുങ്ക് നടനെ കുറിച്ച് പറഞ്ഞിരുന്നു. തെലുങ്കിലും തമിഴിലും മണിരത്നത്തിന്റെ സിനിമയിലുമെല്ലാം വില്ലന്‍ വേഷം ചെയ്ത നടന്‍ ആയിരുന്നു അദ്ദേഹം.എന്നാല്‍ മനസുകൊണ്ട് എനിക്ക് അതിനോട് വലിയ താത്പര്യം ഇല്ലായിരുന്നു.കാരണം തനി മലയാളിത്തമുള്ള മലയാളിയായ ഒരു നടന്‍ തന്നെ എനിക്ക് വേണമായിരുന്നു.മറ്റൊരു ഭാഷയില്‍ നിന്ന് കഥാപാത്രം വരുമ്പോള്‍ ബോഡി ലാംഗ്വേജിലടക്കം വ്യത്യാസം വരുമെന്നുള്ളത് കൊണ്ട് പൂര്‍ണമായി അത് സമ്മതിക്കാന്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു.എന്നാല്‍ ഞങ്ങളുടെ മുന്നില്‍ വേറെ വഴി ഇല്ലായിരുന്നു.പക്ഷെ അവസാന ഘട്ടത്തില്‍ ആ നടനെയും കിട്ടാതെ വന്നു.
പുതിയ ആള്‍ക്ക് വേണ്ടി ഞാനും ലോഹിയും അന്വേഷണം നടത്തുന്നുണ്ടായിരുന്നു.അങ്ങനെയിരിക്കുമ്പോഴാണ് വളരെ യാദൃശ്ചികമായി എന്റെ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള കലാധരന്‍ മോഹന്‍ രാജിനെ കുറിച്ച് തന്നോട് പറയുന്നത്.കെ. മധു ഒരുക്കിയ മൂന്നാമുറ എന്ന ചിത്രത്തില്‍ കലാധരന്‍ വര്‍ക്ക് ചെയ്തിരുന്നു.ആ സിനിമയില്‍ കൊള്ളക്കാരില്‍ ഒരാളായി മോഹന്‍ രാജും അഭിനയിച്ചിരുന്നു. കലാധരന്‍ എന്നോട് ഇങ്ങനെയൊരാളുണ്ട് ഞാനൊന്ന് കൊണ്ടുവരാം, സാറൊന്ന് കണ്ട് നോക്ക് എന്ന് പറഞ്ഞു.
അങ്ങനെ ഒരു ദിവസം മോഹന്‍രാജ് എന്നെ കാണാന്‍ വന്നു. അയാള്‍ എന്റെ റൂമിലേക്ക് കയറി വരുന്നത് കണ്ടപ്പോള്‍ തന്നെ കീരിക്കാടന്‍ ജോസ് നില്‍ക്കുന്നു എന്നാണ് എന്റെ മനസില്‍ തോന്നിയത്. കീരിക്കാടന്‍ ജോസ് എന്ന് വിളിക്കാനാണ് എനിക്ക് തോന്നിയത്. അടുത്ത റൂമില്‍ കഥ എഴുതികൊണ്ടിരുന്ന ലോഹിയോട് ഞാന്‍ പറഞ്ഞു കീരിക്കാടന്‍ ജോസ് വന്നിട്ടുണ്ടെന്ന്. പെട്ടെന്ന് മോഹന്‍രാജിനെ കണ്ട ലോഹിയും പറഞ്ഞു ഇതാണ് നമ്മുടെ കീരിക്കാടന്‍ ജോസ് എന്ന്. അന്ന് തന്നെ ഞങ്ങള്‍ യാതൊരു സംശയവുമില്ലാതെ തീരുമാനിച്ചു ഇതാണ് ഞങ്ങള്‍ക്ക് വേണ്ട കഥാപാത്രം എന്ന്. അയാളുടെ രൂപ ഭംഗിയും ആകാരവും കണ്ടിട്ടാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്.
അയാളുടെ അഭിനയ സിദ്ധിയോ മുന്‍പ് അഭിനയിച്ച സിനിമയോ ഒന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.പക്ഷെ സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ കീരിക്കാടന്‍ ജോസ് എന്ന പേരിലാണ് അയാള്‍ പിന്നീട് അറിയപ്പെട്ടത്.അയാളുടെ യഥാര്‍ത്ഥ പേര് അധികമാര്‍ക്കും അറിയില്ല. പലപ്പോഴും വളരെ അപൂര്‍വമായിട്ടെ കഥാപാത്രത്തിന്റെ പേരില്‍ അഭിനേതാക്കള്‍ അറിയപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുള്ളൂ. അങ്ങനെയൊരു വ്യക്തിയായി മോഹന്‍ രാജ് മാറിയെന്നും അഭിമുഖത്തില്‍ സിബി മലയില്‍ പറയുന്നു.
എല്ലാം നല്‍കിയതും നഷ്ടപ്പെടുത്തിയതും 'കീരിക്കാടന്‍ ജോസ്' തന്നെ
കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം തന്നെയാണ് മോഹന്‍ രാജിന് എല്ലാം നല്‍കിയതും നഷ്ടപ്പെടുത്തിയതും. ഈ കഥാപാത്രമാണ്
മോഹന്‍രാജിന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തതെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.സിനിമയില്‍ അഭിനയിച്ചതിന്റെപേരില്‍ 20 വര്‍ഷമാണു ജോലിയില്‍നിന്നു പുറത്തുനില്‍ക്കേണ്ടിവന്നത്.എല്ലാം കലങ്ങളി തെളിഞ്ഞപ്പോഴേക്കും സമയവും വൈകി.
നടനാകാന്‍ മോഹിച്ചു സിനിമാലോകത്ത് എത്തിയതായിരുന്നില്ല മോഹന്‍രാജ്.ആകസ്മികമായി സംഭവിച്ചതായിരുന്നു.ചെന്നൈയില്‍ ജോലി ചെയ്യുന്ന സമയത്ത് 'കഴുമലൈ കള്ളന്‍', 'ആണ്‍കളെ നമ്പാതെ' എന്നീ തമിഴ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.പിന്നാലെ മലയാളത്തില്‍ മൂന്നാംമുറയിലും വേഷമിട്ടു.പക്ഷെ കഥാപാത്രങ്ങളൊന്നും അധികം ശ്രദ്ധിക്കപ്പെടാത്തതിനാല്‍ വലിയ കുഴപ്പങ്ങളൊന്നുമുണ്ടായില്ല.പക്ഷെ കീരിക്കാടനായി തിളങ്ങിയതോട കഥ മാറി.സഹപ്രവര്‍ത്തകരുടെ ഈഗോ കൂടിയായതോടെ കേന്ദ്രസര്‍വ്വീസിലെ ഉയര്‍ന്ന ജോലിയും നഷ്ടപ്പെട്ടു.
എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണു കിരീടത്തില്‍ അഭിനയിക്കുന്നത്.ചിത്രം വന്‍ ഹിറ്റായതോടെ മോഹന്‍രാജ് മലയാളത്തിലെ വില്ലന്‍മാരില്‍ മുന്‍നിരയിലെത്തി.തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു.കേന്ദ്ര സര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാരില്‍നിന്ന് അനുവാദം വാങ്ങണം.അതൊന്നും ചെയ്യാതെയായിരുന്നു മോഹന്‍രാജ് സിനിമയില്‍ അഭിനയിച്ചത്.
സിനിമയില്‍ പേരും പ്രശസ്തിയുമായി മോഹന്‍രാജ് ഉയരങ്ങളിലേക്കു കയറിപ്പോകുന്നതുകണ്ട ചില മേലുദ്യോഗസ്ഥര്‍ക്കതു പിടിച്ചില്ല. അവരുടെ ഇടപെടല്‍കൊണ്ട് സസ്പെന്‍ഷന്‍ പെട്ടെന്നുതന്നെ കിട്ടി.അന്നുതുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വര്‍ഷത്തിനു
ശേഷമാണ്.2010ല്‍ ആണു ജോലി തിരികെ ലഭിക്കുന്നത്.പക്ഷേ, നഷ്ടപ്പെട്ട സര്‍വീസ് തിരികെ ലഭിച്ചില്ല.കുറച്ചുകാലം ജോലി ചെയ്തപ്പോഴേ മടുപ്പുവന്നു.പ്രധാനകാരണം, കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം തന്നെയായിരുന്നുവെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.2015ല്‍ ജോലിയില്‍നിന്നു സ്വമേധയാ വിരമിച്ചു.
സിനിമയില്‍ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്.പക്ഷേ, അപ്പോഴേക്കും കാലത്തിനനുസരിച്ച് മലയാള സിനിമയും വില്ലന്മാരും ഏറെ മാറിയിരുന്നു.
വിടവാങ്ങുന്നത് ആ ആഗ്രഹം ബാക്കിവെച്ച്
മലയാള സിനിമ ന്യൂജന്‍ ആയതോടെ വില്ലന്‍മാരുടെയൊക്കെ പണി പോയി.ആ സമയത്താണ് മോഹന്‍ രാജ് വീണ്ടുമെത്തുന്നത്.ഹലോയില്‍ തന്റെ സമകാലീകരമായ ഭീമന്‍ രഘു, സ്ഫടികം ജോര്‍ജ്ജ് എന്നിവര്‍ക്കൊപ്പം പഴയ ഗുണ്ട ഗ്യാങ്ങായി എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.അത്യാവശ്യം കോമഡിയൊക്കെ ചേര്‍ത്ത് ചെയ്ത കഥാപാത്രവും പ്രേക്ഷകരില്‍ ചിരി പടര്‍ത്തി.പലരും കോമഡി വേഷങ്ങളിലേക്കു കൂടുമാറിയപ്പോള്‍ മോഹന്‍രാജ് പക്ഷെ അഭിനയത്തില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു.
കേന്ദ്രസര്‍വ്വീസില്‍ ആയിരിക്കുമ്പോള്‍ കാല്‍മുട്ടിനേറ്റ പരുക്ക് ഈ സമയമായപ്പോഴേക്കും ഗുരുതരമായിരുന്നു.നടക്കാന്‍വരെ പ്രയാസം.പിന്മാറാനുള്ള ഒരു കാരണം ഇതുകൂടിയായിരുന്നു.ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തില്‍ പിന്നീട് അഭിനിയിച്ചിരുന്നു. കിരീടത്തിലെ കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന പാട്ടൊക്കെ പാടുന്ന ഡ്രൈവര്‍ ജോസ് എന്ന കഥാപാത്രമായിരുന്നു ഈ സിനിമയില്‍.എന്നാല്‍ എങ്ങനെയോ കത്രികയില്‍ തന്റെ വേഷം വെട്ടിമാറ്റപ്പെട്ടുവെന്നു മോഹന്‍രാജ് പറഞ്ഞിരുന്നു.
മമ്മൂട്ടിയുടെ റൊഷാക്കിലാണ് അവസാനമായി വേഷമിട്ട്.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ആഗ്രഹം ഇപ്രകാരമായിരുന്നു..''കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ല എന്നറിയാം.എന്നാലും എന്നും ഓര്‍ക്കാന്‍ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താല്‍ കൊള്ളാമെന്നുണ്ട്.അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലും സംവിധായകന്‍ വരുമെന്നു പ്രതീക്ഷിക്കാം''- ഈ ആഗ്രഹം ബാക്കിയാക്കിയാണ് മലയാളികളെ പേടിപ്പിച്ച എന്നാല്‍ പ്രിയപ്പെട്ട തങ്ങളുടെ കീരിക്കാടന്‍ ജോസെന്ന മോഹന്‍ രാജ് മടങ്ങുന്നത്.