- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈജൂസിന്റെ ജഴ്സി ധരിച്ച് അൽ രിഹ്ല പന്തും പിടിച്ച് നിൽക്കുന്ന മെസി; ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സുപ്രധാന പ്രഖ്യാപനവുമായി ബൈജൂസ്; ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ പ്രചാരകനായി ഫുട്ബോൾ മിശിഹ എത്തും; ബൈജൂസിന്റെ ബ്രാൻഡ് അംബാസിഡറായി ലയണൽ മെസ്സിയെ നിയോഗിച്ചു
ന്യൂഡൽഹി: എഡ്യുക്കേഷൻ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി അർജന്റീനൻ ഫുട്ബോൾ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി. ബൈജൂസുമായി മെസ്സി കരാറിൽ ഒപ്പുവെച്ചു. എല്ലാവർക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യൽ ഇനിഷ്യേറ്റീവ് ബ്രാൻഡ് അംബാസിഡറായിട്ടാണ് ലയണൽ മെസ്സിയെ നിയോഗിച്ചിരിക്കുന്നത്.
പ്രഖ്യാപനത്തിന് പിന്നാലെ ബൈജൂസിന്റെ ജഴ്സി ധരിച്ച് ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന അൽ രിഹ്ല പന്തും പിടിച്ച് നിൽക്കുന്ന മെസിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബൈജൂസ് മെസിയെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചുകൊണ്ട് സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക സ്പോൺസർമാരും കൂടിയാണ് ബൈജൂസ് ലേണിങ് ആപ്പ്.
'ബൈജുസിന്റെ ബ്രാൻഡ് മൂല്യങ്ങളുമായി ഒത്തുപോകുന്ന ഒരു തലമുറയിലെ പ്രതിഭയാണ് അദ്ദേഹം. എക്കാലത്തെയും മികച്ച കളിക്കാരൻ കാര്യങ്ങൾ ഗ്രഹിക്കുന്നതിലും മികവുള്ള വ്യക്തികൂടി ആണെന്നതിൽ അതിശയിക്കാനില്ല. ഈ പങ്കാളിത്തം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ വലിയ സ്വപ്നം കാണാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'മെസ്സിയുമായി കരാർ ഒപ്പുവെച്ചതിന്റെ വിവരം അറിയിച്ചുകൊണ്ട് ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുൽ നാഥ് പറഞ്ഞു.
ബെജൂസ് രാജ്യാന്തര തലത്തിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണു മെസ്സിയുമായുള്ള കരാർ.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്‌പോൺസർമാരാണ് നിലവിൽ ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോർട്ടുകൾക്കിടെയാണ് ആഗോളതലത്തിൽ തന്നെ ഏറ്റവും ആരാധകരുള്ള കായികതാരങ്ങളിൽ ഒരാളുമായി ബൈജൂസ് കൈകോർക്കുന്നത്. ഫുട്‌ബോൾ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.
ബൈജൂസ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ ദിവസം തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും സ്ഥലംമാറ്റമില്ലെന്നും വ്യക്തമാക്കി കമ്പനി രംഗത്തെത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയിലാണു തീരുമാനം. തുടർന്ന്, മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശ പ്രകാരം മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ജീവനക്കാരുടെ സംഘടനയുടെയും പ്രതിനിധികളുമായി ലേബർ കമ്മിഷണർ കെ.വാസുകി കൂടിക്കാഴ്ച നടത്തി തീരുമാനം അറിയിച്ചു.
ബൈജൂസിന്റെ ചില പ്രവർത്തനങ്ങൾ ഏകീകരിക്കാൻ തിരുവനന്തപുരത്തെ ഡവലപ്‌മെന്റ് സെന്ററിലെ ജീവനക്കാർക്ക് ബെംഗളൂരു ഓഫിസിലേക്കു മാറാൻ അവസരം നൽകിയിരുന്നു. ചർച്ചയിലെ തീരുമാനം അനുസരിച്ച് 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ തുടരാൻ കഴിയും. കമ്പനിയുടെ ആഗോളതലത്തിലെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം തിരുവനന്തപുരം സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്‌നം വൈകിയാണ് ശ്രദ്ധയിൽപെട്ടതെന്നു ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. 'എന്റെ വേരുകൾ കേരളത്തിലാണ്' എന്നു വ്യക്തമാക്കിയാണ് തീരുമാനം ബൈജു രവീന്ദ്രൻ പ്രഖ്യാപിച്ചത്.
കേരളത്തിൽ നിലവിൽ 11 ഓഫിസുകളിലായി 3000 ജീവനക്കാരുണ്ട്. ഈ സാമ്പത്തിക വർഷം 3 ഓഫിസുകൾ കൂടി കേരളത്തിൽ ആരംഭിക്കും. 600 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന 'പ്രതിധ്വനി'യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലേബർ കമ്മിഷണർ ചർച്ച നടത്തിയത്. രാജിവയ്ക്കാൻ നിർബന്ധിക്കപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കും. പരാതി നൽകിയ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകില്ല. കമ്പനിയിൽ തിരികെ പ്രവേശിക്കാൻ താൽപര്യമില്ലാത്ത ജീവനക്കാർക്കു പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നൽകാനും തീരുമാനമായി
140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാൻ കഴിയും.കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്‌നം തന്റെ ശ്രദ്ധയിൽ വന്നതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ