- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലിറ്ററിന് 600 രൂപ ആയിരുന്ന ജവാന് ഇനി മുതൽ 610 രൂപ നൽകേണ്ടി വരും; സാധാരണ ബ്രാൻഡുകൾക്ക് 20 രൂപ വരെ വരർധിക്കും; മദ്യത്തോടൊപ്പം ബിയറിനും വൈനിനും രണ്ട് ശതമാനം നികുതിയും കൂടും; കേരളത്തിൽ മദ്യപാനം ഇനി മുതൽ ചെലവേറിയ പരിപാടി; ഗവർണര് ഒപ്പിട്ടതോടെ വിലവർധന പ്രാബല്യത്തിൽ
തിരുവനന്തപുരം: ഇന്ത്യയിൽ മദ്യത്തിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്ന സംസ്ഥാനം കേരളമായി മാറുന്നു. സംസ്ഥാനത്തെ മദ്യവിലയിൽ വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രണ്ട് ശതമാനം വിൽപ്പന നികുതിയാണ് വർധിച്ചിരിക്കുന്നത്. സാധാരണ ബ്രാന്റുകൾക്ക് 20 രൂപ വരെ വർധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സർക്കാരിന്റെ മദ്യമായ ജവാനും പത്ത് രൂപ വർധിച്ചു. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആണ് ഇന്ന് മുതൽ ഈടാക്കുക്ക. മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2 ശതമാനം വിൽപ്പന നികുതി വർദ്ധിക്കും.
മദ്യവില വർദ്ധിപ്പിച്ച ബില്ലിൽ ഗവർണർ ഇന്നലെയാണ് ഒപ്പിട്ടത്. ഇതോടെ ഇന്ന് വിജ്ഞാപനവും വന്നു. ഇന്ന് പുതുക്കിയ നിരക്കിലാണ് മദ്യവിൽപ്പന നടക്കുന്നത്. ജനുവരി ഒന്ന് മുതൽ 9 ബ്രാൻഡ് മദ്യത്തിന് വില കൂടുമെന്നായിരുന്നു അറിയിച്ചതെങ്കിലും വില വർദ്ധന എത്രയും വേഗം നിലവിൽ വരുമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ വില വർദ്ധന നടപ്പിലാക്കിയത്. വിവിധ ബ്രാന്റികളുടെ വിലയിൽ 10 രൂപ മുതലുള്ള വർദ്ധനവ് രേഖപ്പെടുത്തും. നാല് ശതമാനം വിൽപ്പന നികുതിയാണ് സർക്കാർ വർദ്ധിപ്പിച്ചത്. എന്നാൽ സർക്കാർ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്ന മദ്യത്തിന് രണ്ട് ശതമാനം വർദ്ധനവ് ഉപഭോക്താവ് നൽകിയാൽ മതിയെന്ന് ബെവ്‌കോയുടെ അറിയിപ്പിൽ പറയുന്നു.
ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവർണർ ഒപ്പിട്ടത്. സാധാരണ ബ്രാന്റുകൾക്ക് മാത്രമാണ് വില വർദ്ധന ബാധകമാവുക. പുതു വർഷത്തിൽ പുതിയ വിലക്ക് വിൽക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, ഉത്തരവിൽ പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് രേഖപ്പെടുത്തിയതിനാൽ ഇന്ന് മുതൽ പുതിയ വിലക്ക് വിൽപ്പന തുടങ്ങുകയായിരുന്നു.
നേരത്തെ മദ്യവില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തീരുമാനം അശാസ്ത്രീയമാണെന്നും വൻകിട മദ്യ കമ്പനികൾക്ക് വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപണം ഉന്നയിച്ചിരുന്നു. മദ്യവില വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതുമാണ്. മദ്യവില അമിതമായി വർധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടുമെന്ന യാഥാർത്ഥ്യം സർക്കാർ കാണാതിരിക്കരുത്. ലഹരിവിരുദ്ധ കാമ്പയിൻ നടത്തുന്ന സർക്കാർ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്നിടുന്നത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
മദ്യ കമ്പനികൾ നൽകേണ്ടിയിരുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയതിനെ തുടർന്നുണ്ടാകുന്ന 150 കോടി രൂപയുടെ വരുമാന നഷ്ടം പരിഹരിക്കാനാണ് മദ്യവില കൂട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വർധന കൂടിയാകുമ്പോൾ വിദേശ മദ്യത്തിനുള്ള വിൽപന നികുതി 247 ശതമാനത്തിൽ നിന്നും 251 ശതമാനമായി വർധിക്കുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ എത്തിയ എൽ.ഡി.എഫ് അത് നടപ്പാക്കിയില്ലെന്നു മാത്രമല്ല പൂട്ടിക്കിടന്ന 407 ബാറുകൾ തുറക്കുകയും 118 പുതിയ ബാറുകൾക്ക് പുതുതായി അനുമതി നൽകുകയും ചെയ്തു. സർക്കാരിന്റെ ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയെയും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പകരമായി മദ്യ വില അടിക്കടി വർധിപ്പിക്കുന്നത് തെറ്റായ സാമ്പത്തികശാസ്ത്ര രീതിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ