- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടക്കാട് പാലമുക്കിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വില കുറഞ്ഞ മദ്യം കടത്തുന്നത് പരസ്യമായി: ഒരാൾക്ക് മൂന്നു ലിറ്റർ മദ്യമെന്ന നിയമം ഇവിടെ ബാധകമല്ല; നാട്ടുകാർ വീഡിയോ എടുത്തിട്ടും മോഷ്ടാക്കൾക്ക് കുലുക്കമില്ല; പരാതി നൽകി മടുത്തവർ 150 രൂപ വരെ അധികം മുടക്കി അനധികൃത വിൽപ്പനക്കാരിൽ നിന്ന് മദ്യം വാങ്ങുന്ന കഥ
കൊല്ലം: മദ്യവുമായി ലോറി വന്ന് മടങ്ങുന്നതിന് പിന്നാലെ ഇടയ്ക്കാട് പാലമുക്കിലെ ബിവറേജസ് ഔട്ട്ലെറ്റിലേക്ക് ചെല്ലണം. പുതിയ ലോഡിലെ വില കുറഞ്ഞ മദ്യം നേരിട്ട് അനധികൃത മദ്യവിൽപ്പനക്കാർക്ക് നൽകുന്ന കാഴ്ച കാണാം. ഓട്ടോയിലും സ്‌കൂട്ടറിലും പരസ്യമായി 40 മുതൽ 50 ലിറ്റർ മദ്യം വരെ ഇവിടെ നിന്നു കൊണ്ടു പോകുന്നു. ജീവനക്കാർ വാരിക്കൊടുക്കുന്നു. കച്ചവടക്കാർ കൊണ്ടു പോകുന്നു. ഇനി, വില കുറഞ്ഞ മദ്യം വാങ്ങാൻ ഔട്ടലെറ്റിലേക്ക് ചെന്ന് നോക്കൂ. നോ സ്റ്റോക്ക് ബോർഡ് കാണാം. പക്ഷേ, ഈ പ്രദേശത്ത് അനധികൃത കച്ചവടക്കാർക്കിടയിൽ വില കുറഞ്ഞ മദ്യം സുലഭം.
കുപ്പിയൊന്നിന് 100 മുതൽ 200 രൂപ വരെ അധികം കൊടുക്കണം. ബിവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരും അനധികൃത മദ്യക്കച്ചവടക്കാരും തമ്മിലുള്ള ബന്ധം ഇവിടെ വ്യക്തമാണ്. പരാതികൾ നിരവധി പോയി. ഒരു അനക്കവുമില്ല. കാരണം ഔട്ട്ലെറ്റിൽ മദ്യം അനധികൃതമായി കച്ചവടം ചെയ്യുന്നത് ഭരണപ്പാർട്ടിയുടെ ആളുകളാണ്. അവർ പരസ്യമായി നിയമലംഘനം നടത്തുന്നു. യാതൊരു കൂസലുമില്ലാതെ അനധികൃത കച്ചവടക്കാർ ലിറ്റർ കണക്കിന് മദ്യം വാങ്ങിപ്പോകുന്നു. വിൽക്കുന്നു. നാട്ടുകാർ സംഘടിച്ച് എടുത്ത ഒരു വീഡിയോ മറുനാടന് ലഭിച്ചു. അതിൽ വീഡിയോ ഷൂട്ട് ചെയ്യുന്നത് മദ്യം കടത്തുന്നവരുടെ ശ്രദ്ധയിൽപ്പെടുന്നുണ്ട്. യാതൊരു കുലുക്കവും ഇവർക്കോ അനധികൃതമായി ഇവർക്ക് മദ്യം നൽകിയവർക്കോ ഇല്ല.
പോരുവഴി പഞ്ചായത്ത് ഇടക്കാട് വടക്ക് മലനട ദുര്യോധന ക്ഷേത്രത്തിന് വടക്കു ഭാഗത്തായി കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് ഈ ബിവറേജസ് ഔട്ട്ലെറ്റുള്ളത്. മുൻപ് ഇത് ഭരണിക്കാവിലാണ് പ്രവർത്തിച്ചിരുന്നത്. സ്റ്റേറ്റ് ഹൈവേയുടെ 100 മീറ്റർ പരിസരത്ത് മദ്യവിൽപ്പന ശാലകൾ പാടില്ലെന്ന നിയമം വന്നപ്പോഴാണ് ഇപ്പോഴത്തെ സ്ഥലത്തേക്ക് മദ്യവിൽപ്പന ശാല മാറ്റിയത്.
ഇതാകട്ടെ അൽപ്പം ഉള്ളിലേക്ക് കയറിയാണ്. അനധികൃത കച്ചവടത്തിന് പറ്റിയ ഇടം. ഉൾപ്രദേശമായതിനാൽ ഇടവഴികൾ ധാരാളമുണ്ട്. മദ്യം വാങ്ങി ഏതെങ്കിലും ഇടവഴിയിലുടെ കൊണ്ടു പോകാം. ശൂരനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയാണ് ഇവിടം. പൊലീസ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ മാത്രമാണ് പിടിക്കുന്നത്. ചാക്ക് കണക്കിന് മദ്യം കടത്തുന്നവരെ ഇവർ കാണുന്നില്ല.
വില കുറഞ്ഞ മദ്യബ്രാൻഡുകൾ അടൂർ, കുന്നത്തൂർ താലൂക്കുകളിലെ അനധികൃത കച്ചവടക്കാർക്ക് മൊത്തമായി മറിച്ചു നൽകുകയാണ് ചെയ്യുന്നത് എന്നാണ് പരാതി. കുപ്പി ഒന്നിന് കമ്മിഷൻ വാങ്ങി രണ്ടു ജീവനക്കാർ ചേർന്നാണ് കച്ചവടം നടത്തുന്നതെന്ന പരാതി സംസ്ഥാന സർക്കാരിനും എക്സൈസിനുമൊക്കെ ചെന്നിരുന്നു. പേരിന് പോലും അന്വേഷണം ഉണ്ടായില്ല.
പുതിയ ലോഡ് വരുന്നതിന് പിന്നാലെ തിരക്കില്ലാത്ത സമയം നോക്കി ആരോപണ വിധേയരായ ജീവനക്കാർ ഇടപാടുകാരെ വിളിച്ചു വരുത്തിയാണ് കച്ചവടം. നിരന്തരം പരാതികൾ നാട്ടുകാർ അയച്ചിട്ടും ഒരു നടപടിയും ഇല്ലാത്തതിൽ പ്രതിഷേധം ഉണ്ട്. ബിവറേജിൽ കിട്ടാത്ത ഏതു ബ്രാൻഡും അനധികൃത കച്ചവടക്കാരിൽ നിന്ന് 100 മുതൽ 150 രൂപ വരെ അധികം മുടക്കിയാൽ കിട്ടും. ഈ ഔട്ട്ലെറ്റ് ടൗണിലേക്ക് മാറ്റുന്നതിന് നടപടിയായിട്ടുണ്ട്. പക്ഷേ, അങ്ങോട്ട് മാറ്റുന്നതിന് ജീവനക്കാർക്ക് വലിയ താൽപര്യമില്ല. നിലവിലുള്ള ഔട്ട്ലെറ്റ് പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിന് 60,000 രൂപയാണ് വാടകയെന്നാണ് അറിയുന്നത്.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയിലാണ് പ്രദേശം. അനധികൃത കച്ചവടം ഇവിടെ ചില വീടുകൾ കേന്ദ്രീകരിച്ച് പൊടിപൊടിക്കുന്നു. സമീപത്തെ ഏഴോളം പഞ്ചായത്തുകളിൽ സ്ത്രീകൾ അടക്കം മദ്യവിൽപ്പന നടത്തുന്നു. എക്സൈസിനും പൊലീസിനും കൃത്യമായി പടി കിട്ടുന്നതുകൊണ്ടാണ് നടപടി ഇല്ലാത്തതെന്ന് നാട്ടുകാർ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്