കണ്ണൂർ: സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം സംസ്ഥാനത്ത് വിദേശമദ്യ ഉൽപാദനം ഡിസ്റ്റലറികൾ നിർത്തിവച്ചതോടെ ബീവറേജ്സ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യവിൽപന ശാലകൾക്ക് താഴുവീഴുന്നു. സാധാരക്കാർക്ക് പ്രാപ്യമായ മദ്യംകിട്ടാനില്ലാത്ത അവസ്ഥയിൽ നിരാശരായാണ് മദ്യപർ ഇത്തരം മദ്യവിൽപശാലകളിൽ നിന്നും മടങ്ങുന്നത്.

ഒരാഴ്ചയിലധികമായി വിദേശ മദ്യവിൽപനശാലകൾ മദ്യമൊഴിഞ്ഞ അലമാരകൾ മാത്രമായി മാറിയിട്ടുണ്ട്. സാധാരക്കാർ ഏറ്റവും അധികം ഉപയോഗിച്ചുവരുന്ന ബ്രാൻഡുകളൊന്നും ഇപ്പോൾകിട്ടാനേയില്ല. ക്വാർട്ടർ, ഹാഫ് ഇനത്തിൽപ്പെട്ട കുപ്പികൾ ഔട്ട് ലെറ്റിൽ വരാതായിട്ട് ആറുദിവസമായെന്ന് മദ്യപർ പറയുന്നു.ബീവ്റേജ്സ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും പണ്ടേ ഇറക്കിവെച്ച മുന്തിയ ഇനം മദ്യം മാത്രമേ ഇപ്പോഴും സ്റ്റോക്കുള്ളൂ.

കണ്ണൂർ വെയർഹൗസിൽ സാധാരണഗതയിൽ ഒന്നര കോടി രൂപയുടെ മദ്യം സ്റ്റോക്കുണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ 20 ലക്ഷത്തിന്റെ മദ്യംമാത്രമേ സ്റ്റോക്കുള്ളു. പ്രതിദിനം 15ലക്ഷത്തിന്റെ മദ്യവിൽപന നടക്കാറുള്ള ഔട്ട് ലെറ്റുകളിൽ വിൽപന രണ്ടുലക്ഷത്തിൽ താഴെയായി മാറിയിട്ടുണ്ട്. ഗോവയിലും മറ്റും നിർമ്മിക്കുന്ന തീരെ ഗുണനിലവാരമില്ലാത്ത മദ്യം മുഴുവൻ ഇപ്പോൾ ഔട്ട് ലെറ്റുകളിൽ നിന്ന് കാലിയായിട്ടുണ്ട്. കെട്ടിക്കിടക്കുന്ന ബ്രാൻഡുകൾ തീർന്നതോടെ പുതിയ മദ്യമെത്തിക്കാൻ വേറെ വഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.

കേരളത്തിലെ ഡിസ്റ്റലിറികളിൽ നിന്നുള്ള മദ്യ ഉൽപാദനം നിലച്ചതാണ് കാരണം. കഴിഞ്ഞ തിരുവനന്തപുരത്ത് മദ്യ ഉൽപാദകരുമായി അധികൃതർ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കഴിഞ്ഞ സീസണിലും ഇതേ രീതിയിൽ മദ്യക്ഷാമമുണ്ടായിരുന്നുവെങ്കിലും അന്ന് കേരളത്തിന് പുറത്തു നിന്നും മദ്യം എത്തിച്ചിരുന്നു. എന്നാൽ ഇക്കുറി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല.

235 ശതമാനം നികുതി ഏർപ്പെടുത്തിയാണ് കോർപറേഷൻ മദ്യം വിൽക്കുന്നത്. എന്നാൽ നാമമാത്രമായ തുക മാത്രമേ ഡിസ്റ്റലറികൾക്കു ലഭിക്കുന്നുള്ളൂ. കയറ്റിറക്കുമതി ചെലവ് കൂടിവഹിക്കുന്നതോടെ ഫലത്തിൽ ഡിസ്റ്റലറികൾക്ക് ഉൽപാദനം മുതലാകാത്ത സ്ഥിയാണുള്ളതെന്നു നടത്തിപ്പുകാർ പറയുന്നു. യഥാസമയം മദ്യവില അടയ്ക്കാതെ ബീവറേജ്സ് കോർപറേഷൻ മദ്യകമ്പിനികൾക്ക് കോടികൾ കുടിശിക വരുത്തിയിട്ടുണ്ട്.

സർക്കാർ ഇടപെട്ട് കേരളത്തിൽ മദ്യഉൽപാദനം പൂർവസ്ഥിതിയിലായില്ലെങ്കിൽ ഔട്ട്ലെറ്റുകൾ പൂട്ടേണ്ടിവന്നേക്കും. ഇതുമാഹിയിൽ നിന്നുള്ള മദ്യക്കടത്തും അതിർത്തി ഗ്രാമങ്ങളിലെ വ്യാജചാരായ നിർമ്മാണവും വീണ്ടും ശക്തമാക്കും. കോവിഡ് നിയന്ത്രണക്കാലത്ത് കൂണുപോലെയാണ് കണ്ണൂർ ജില്ലയുടെ മലയോരങ്ങളിൽ വ്യാജചാരായ നിർമ്മാണ കേന്ദ്രങ്ങൾ പൊട്ടിമുളച്ചത്. അതിർത്തികളിലൂടെയുള്ള മാഹിമദ്യക്കടത്തും സജീവമായിരുന്നു. കർണാടക മദ്യവും കേരളത്തിലേക്ക് ഒഴുകിയിരുന്നു.