തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാൻഡുകളുടെ നിരക്ക് ഉയരും. മദ്യത്തിന് 10 രൂപ മുതൽ 20 രൂപവരെ കൂട്ടി ഏതാനും മാസങ്ങൾക്കുള്ളിലാണ് വീണ്ടും വില വർധിപ്പിച്ചത്.500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യൻ നിർമ്മിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റിൽ നിരക്ക് വർധിപ്പിച്ചത്.

1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും.ഇതുവഴി 400 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. ഏപ്രിൽ മുതൽ വില വർധന പ്രാബല്യത്തിൽ വരും.

ബെവ്‌കോയുടെ ചില ബ്രാൻഡുകളിൽ വരുന്ന വില വ്യത്യാസം. ബ്രാൻഡ്, പുതുക്കിയ വില, പഴയ വില ബ്രാക്കറ്റിൽ

ഡാഡിവിൽസൺ 750 എംഎൽ: 700 (680), ഓൾഡ് മങ്ക് - 1000 (980), ഹെർക്കുലീസ് - 820 (800), ജവാൻ 1000 എംഎൽ: 630 (610), ജോളി റോജർ- 1010 (990), ഒസിആർ- 690 (670), ഓഫിസേഴ്‌സ് ചോയ്‌സ് - 800 (780), നെപ്പോളിയൻ- 770 (750), മാൻഷൻ ഹൗസ്- 1010 (990), ഡിഎസ്‌പി ബ്ലാക്ക്- 950 (930), ഹണിബീ- 850 (830), എംജിഎം- 690 (670), റെമനോവ്- 920 (900).

അതേസമയം സംസ്ഥാന ബജറ്റിൽ മദ്യ വിലയിൽ സെസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. എല്ലാ മദ്യത്തിനും സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വർധിക്കുന്നില്ലെന്നും ബാലഗോപാൽ വിശദീകരിച്ചു.500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി 500 മുതൽ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നതെന്നും കൂട്ടിച്ചേർത്തു.

500 രൂപ മുതൽ 999 രൂപ വരെ വില വരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതൽ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലുമുള്ള സാമൂഹ്യ സുരക്ഷാ സെസ്സ് ആണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു. 400 കോടി രൂപയാണ് സംസ്ഥാന സർക്കാർ മദ്യത്തിനേർപ്പെടുത്തിയ സെസിലൂടെ അധികമായി പ്രതീക്ഷിക്കുന്നത്.

മദ്യ വിലയിലടക്കം വർധനവ് വരുത്തിയ സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ രൂക്ഷ വിമർശനവുമായാണ് രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ യഥാർത്ഥ ധനപ്രതിസന്ധി മറച്ചുവച്ച് നികുതിക്കൊള്ള നടത്തുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് സതീശൻ പറഞ്ഞു. ഒരു നിയന്ത്രണവും ഇല്ലാത്ത അശാസ്ത്രീയമായ നികുതി വർധനവാണ് എല്ലാ മേഖലകളിലും അടിച്ചേൽപ്പിച്ചിരിക്കുന്നത്.

ഇന്ധന വില കുതിച്ചുയരുന്നതിനിടയിലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. നിലവിൽ മദ്യത്തിന് 251 ശതമാനമാണ് നികുതി. എന്നിട്ടും മദ്യവില കൂട്ടി. ഒരു നിയന്ത്രണവും ഇല്ലാതെ മദ്യവില കൂട്ടുന്നത് മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് തള്ളിവിടുകയും കുടുംബങ്ങളെ കണ്ണീരിലാഴ്‌ത്തുകയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്ന് അഭിപ്രായപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി. ഇന്ധനവില വർധന പൊതു വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും സാധാരണക്കാരുടെ നടു ഒടിക്കുന്ന ബജറ്റാണ് കെ എൻ ബാലഗോപാലിന്റേതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.