ന്യൂഡൽഹി: ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ ലിഥിയം നിക്ഷേപം കണ്ടെത്തുന്നത് നൽകുന്നത് വലിയ പ്രതീക്ഷ. ഇന്ത്യയിലാദ്യമായാണ് ലിഥിയം കണ്ടെത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തുവാണ് ലിഥിയം. ലിഥിയം കണ്ടെത്തിയതോടെ ഇലക്ട്രിക് ബാറ്ററികൾക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ഒരുപരിധി വരെ കുറക്കാൻ രാജ്യത്തിനാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അതുകൊണ്ട് രാജ്യത്തിന് മുതൽകൂട്ടായി ഇത് മാറും.

59 ലക്ഷം ടൺ ഖനനശേഷിയുള്ളതാണ് ഈ നിക്ഷേപങ്ങൾ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനനത്തിലാണ് ഇതു കണ്ടെത്തിയത്. ജമ്മു, ഉധംപുർ, റംബാൻ, രജൗറി, കുൽഗാം ജില്ലകളുമായി അതിർത്തി പങ്കിടുന്ന റിയാസി ജമ്മു മേഖലയിലാണ്. ലിഥിയം, നിക്കൽ, കൊബാൾട്ട് തുടങ്ങിയ ലോഹങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഓസ്‌ട്രേലിയയെയും അർജന്റീനയെയുമാണ് ലിഥിയത്തിനായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. മൊബൈൽ ഫോണുകൾ, വാഹനങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമ്മിക്കുന്നതിന് ലിഥിയം അവശ്യവസ്തുവാണ്. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ നിർമ്മാണത്തിനും ലിഥിയം അനിവാര്യമാണ്.

ചിലി, ഓസ്‌ട്രേലിയ, അർജന്റീന, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും കൂടുതൽ ലിഥിയം ഉൽപാദിപ്പിക്കുന്നത്. ആകെ ഉൽപാദനത്തിന്റെ 35 ശതമാനവും ചിലിയിൽ നിന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ലോഹങ്ങളിലൊന്നാണ് ലിഥിയം. കല്ല് എന്നർഥമുള്ള ഗ്രീക്ക് വാക്ക് 'ലിത്തോസ്' എന്നതിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. പെറ്റാലൈറ്റ് എന്ന കല്ലിൽ നിന്നുമാണ് ലിഥിയം കണ്ടെത്തിയത് എന്നതാണ് ഇതിനു കാരണം. മഹാവിസ്‌ഫോടനത്തിന്റെ ആദ്യ മൂന്നു മിനിറ്റിനുള്ളിൽ നിർമ്മിക്കപ്പെട്ട നാലു മൂലകങ്ങളിൽ ഒന്നാണ് ലിഥിയവും എന്നാണ് കരുതപ്പെടുന്നത്. ഭാരം ഏറ്റവും കുറഞ്ഞ ഖരമൂലകമാണ് ഇത്.

ലിഥിയത്തിന് പുറമേ സ്വർണം, പൊട്ടാഷ് തുടങ്ങിയവയുടെ ശേഖരം ജമ്മുകശ്മീർ, ആന്ധ്രപ്രദേശ് , ഛത്തിസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ഓഡിഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലെ 51 സ്ഥലങ്ങളിൽ കണ്ടെത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇലക്ട്രോണിക് വാഹനങ്ങളിൽ മാത്രമല്ല, ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയ ഗാഡ്ജെറ്റുകളുടെ ബാറ്ററികളിലും ലിഥിയം ഉപയോഗിക്കുന്നു. ഗ്ലാസ്, സെറാമിക്‌സ് വ്യവസായങ്ങളിലും ഇതിന്റെ ഉപയോഗം ഉണ്ട്. 'വെളുത്ത സ്വർണം' എന്നാണ് ലിഥിയം അറിയപ്പെടുന്നത്. 2025 ഓടെ ലോകം ലിഥിയം ക്ഷാമം നേരിടേണ്ടി വരുമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട്. എന്നാൽ ഇന്ത്യയിലെ ഈ കണ്ടെത്തൽ വലിയ വിപ്ലവത്തിന് വഴി തുറന്നേക്കും.

ലോകത്തിലെ ലിഥിയം നിക്ഷേപത്തിന്റെ 50 ശതമാനവും അർജന്റീന, ബൊളീവിയ, ചിലി എന്നിവിടങ്ങളിലാണ്. ഓസ്ട്രേലിയയിലും ഏകദേശം 2.7 ദശലക്ഷം ടൺ ലിഥിയമുണ്ട്. എന്നാൽ അസംസ്‌കൃത ലിഥിയം ബാറ്ററികളാക്കി സംസ്‌കരിക്കുന്നതിനുള്ള ലോകത്തെ ശേഷിയുടെ 60 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്. ലിഥിയം-അയൺ ബാറ്ററികളുടെ വിപണിയിൽ ചൈനയുടെ ആധിപത്യം 80 ശതമാനം വരെ ഉയരുമെന്നാണ് ചില കണക്കുകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ലിഥിയം കണ്ടെത്തലിന്റെ സാധ്യത കൂടുന്നത്.

ജമ്മുകശ്മീരിലെ റെസി ജില്ലയി?ലാണ് 5.9 മില്യൺ ടൺ ലിഥിയം കണ്ടെത്തിയതെന്ന് ഖനന മന്ത്രാലയം അറിയിച്ചു. ലിഥിയവും സ്വർണവും ഉൾപ്പടെയുള്ള 51 ഖനികൾ സംസ്ഥാന സർക്കാറുകൾക്ക് കൈമാറിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു.