ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് (47) ചുമതലയേറ്റു. ബോറിസ് ജോൺസൻ ഇന്ന് രാവിലെ സ്‌കോട്ലൻഡിലെത്തി എലിസബത്ത് രാജ്ഞിക്കു രാജിക്കത്ത് കൈമാറിയിരുന്നു. പിന്നാലെ, ലിസ് ട്രസും രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഔദ്യോഗികമായി ചുതലയേറ്റത്. നാളെ ക്യാബിനറ്റ് യോഗം ചേരുന്നതിന് മുൻപായി പുതിയ ഭരണസംഘത്തെ ലിസ് രൂപീകരിക്കും. ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.

ഇന്ത്യൻ വംശജനായ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോൺസനു പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ വിദേശകാര്യ മന്ത്രിയായ ട്രസ്, മുൻധനമന്ത്രിയായ സുനകിനെതിരെ 57% വോട്ട് നേടിയിരുന്നു. മുൻഗാമികളെ അപേക്ഷിച്ചു കുറഞ്ഞ ഭൂരിപക്ഷമാണു ട്രസിനു ലഭിച്ചത്. 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിസ് വിജയിച്ചത്. 81,326 വോട്ടുകൾ ലിസ് നേടിയപ്പോൾ 60,399 വോട്ടുകളാണ് സുനകിന് ലഭിച്ചത്.

മാർഗരറ്റ് താച്ചർ, തെരേസ മെയ് എന്നിവർക്കു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് ലിസ് ട്രസ്. കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു ലിസ് ട്രസ് പ്രതികരിച്ചത്. രാജ്യത്തിന് നേതൃത്വം നൽകാൻ തന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നതിനടക്കം ധീരമായ നടപടികൾ സ്വീകരിക്കുമെന്നും ലിസ് ട്രസ് പറഞ്ഞു.

ജീവിതച്ചെലവും ഊർജ പ്രതിസന്ധിയും മുതൽ മാന്ദ്യത്തിന്റെ വക്കിലുള്ള സമ്പദ്വ്യവസ്ഥയെ നേരിടുക എന്ന വെല്ലുവിളി വരെ ലിസ് ട്രസിനു മുന്നിലുണ്ട്. പുതിയ ഉരുക്കു വനിത എന്ന വിശേഷണം ലിസിനു ചേരുമോ എന്ന കാര്യം കണ്ടറിയണം.

പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ രാജിവെച്ചതോടെയാണ് ബ്രിട്ടണിൽ അടുത്ത പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലോക്ക് ഡൗൺ ലംഘിച്ച് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട 'പാർട്ടി ഗേറ്റ്' വിവാദമടക്കമാണ് ബോറിസ് ജോൺസന് വിനയായത്. പാർട്ടി നേതൃസ്ഥാനത്ത് ബോൺസൺ തുടരണമോ എന്നതിൽ വിശ്വാസവോട്ടെടുപ്പു നടന്നിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ 359 എംപിമാരിൽ 54 എംപിമാരാണ് വിശ്വാസ വോട്ടെടുപ്പ് നടത്താൻ കത്തു നൽകിയത്

വിശ്വാസ വോട്ടെടുപ്പിൽ ജോൺസൻ വിജയിച്ചെങ്കിലും ലൈംഗികാരോപണം നേരിട്ട നേതാവിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതും അടുത്ത വിവാദത്തിനു തിരികൊളുത്തി. പിന്നാലെ മന്ത്രിസഭയിൽ നിന്നു നിരവധി അംഗങ്ങൾ രാജിവെക്കുകയായിരുന്നു. ഇതോടെയാണ് ജോൺസനും രാജിക്കു തയ്യാറായത്. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനവും ബോറിസ് ജോൺസൺ രാജിവെച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നതുവരെ ജോൺസൺ കാവൽ പ്രധാനമന്ത്രിയായി തുടരുകയായിരുന്നു.

കൺസർവേറ്റീവ് പാർട്ടിയിലെ വിശ്വസ്തയായ നേതാവായ ലിസ് ട്രസ്, ബോറിസ് ജോൺസണെ പിന്തുണച്ചവരിൽ ഒരാളാണ്. ജോൺസണെതിരായ പ്രതിഷേധത്തിന് തുടക്കമിട്ടതിന് ഭരണകക്ഷിയിലെ ചിലർ പോലും ഋഷി സുനകിനെ കുറ്റപ്പെടുത്തിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ലേബർ പാർട്ടിയെ തോൽപ്പിക്കാൻ സുനകിന് കഴിയില്ലെന്നും ചിലർ വിലയിരുത്തിയിരുന്നു.

ഇന്ത്യൻ വംശജനെന്നും അതിസമ്പന്നനെന്നുമുള്ള പാർട്ടിക്കുള്ളിലെ എതിരാളികളുടെ പ്രചാരണമാണ് ഋഷി സുനകിന് തിരിച്ചടിയായത്. കൺസർവേറ്റീവ് പാർട്ടിയേയും ലിസ് ട്രസ് തന്നെ നയിക്കും. ആദ്യഘട്ടത്തിൽ കൺസർവേറ്റീവ് എംപിമാരാണ് വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് റൗണ്ടുകളിലായി നടന്ന ആദ്യഘട്ടത്തിൽ മറ്റ് സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഋഷി സുനകിന്റെ മുന്നേറ്റം.

അഞ്ചിൽ നാല് റൗണ്ടിലും ഋഷി സുനകിനും പെന്നി മോർഡന്റിനും പിന്നിലായിരുന്നു ലിസ് ട്രസ്. അവസാന റൗണ്ടിൽ പെന്നി മോർഡന്റിനെ പിന്നിലാക്കിയാണ് ലിസ് ട്രസ് ഋഷി സുനകിന് വെല്ലുവിളിയായത്. രണ്ടാം ഘട്ടത്തിന്റെ തുടക്കം തൊട്ടേ അഭിപ്രായ സർവ്വേകളിൽ ലിസ് ട്രസ് മുന്നിലെത്തിയിരുന്നു.

ഓക്‌സ്‌ഫോർഡിൽ ജനിച്ച ലിസ് ട്രസ് സ്‌കോട്ട്‌ലൻഡിലെ പെയ്സ്ലിയിലും പിന്നീട് വടക്കൻ ഇംഗ്ലണ്ടിലെ ലീഡ്‌സിലുമായാണ് കുട്ടിക്കാലം ചെലവഴിച്ചത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ പഠിച്ചു. പിന്നീട് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. കൺസർവേറ്റീവ് പാർട്ടിയിലെത്തുന്നതിനു മുൻപ് മുമ്പ് ലിബറൽ ഡെമോക്രാറ്റുകളെയാണ് ലിസ് പിന്തുണച്ചിരുന്നത്.

ഒരു കാലത്ത് അക്കൗണ്ടന്റായും ലിസ് ജോലി ചെയ്തിരുന്നു. പക്ഷേ രാഷ്ട്രീയത്തിലായിരുന്നു ലിസിനു താത്പര്യം. 2001-ലെയും 2005-ലെയും പൊതുതിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 2006-ൽ തെക്ക്-കിഴക്കൻ ലണ്ടനിലെ ഗ്രീൻവിച്ചിൽ കൗൺസിലറായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടു. റൈറ്റ് ഓഫ് സെന്റർ റിഫോം തിങ്ക് ടാങ്കിന്റെ ഡെപ്യൂട്ടി ഡയറക്ടറായും ലിസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2010-ൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽ നിന്ന് പാർലമെന്റ് അംഗമായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടു. അതിന് ശേഷമുള്ള അവരുടെ ഉയർച്ച അതിശയാവഹമായിരുന്നു. രണ്ടു വർഷത്തിന് ശേഷം, ലിസ് വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2014 ൽ, അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ലിസിന് പരിസ്ഥിതി സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി.

2016-ൽ തെരേസ മേയുടെ കീഴിൽ നീതിന്യായ സെക്രട്ടറിയായി നിയമിതയായ ലിസ് ട്രസ് പിന്നീട് ട്രഷറിയുടെ ചീഫ് സെക്രട്ടറിയായി. സർക്കാരിന്റെ സാമ്പത്തിക പരിപാടിയിലും നിർണായക പങ്ക് വഹിച്ചു. 2019 ൽ ബോറിസ് ജോൺസൺ ചുമതലയേറ്റപ്പോൾ, ട്രസ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കഴിഞ്ഞ വർഷമാണ് വിദേശകാര്യ സെക്രട്ടറി സ്ഥാനം ലഭിച്ചത്.

ആദ്യം ബ്രെക്‌സിറ്റിനെ എതിർത്താണ് ലിസ് ട്രസ് സംസാരിച്ചിരുന്നത്. യൂറോപ്യൻ യൂണിയൻ വിടുന്നത് 'ഒരു ട്രിപ്പിൾ ദുരന്തം' ആയിരിക്കുമെന്നു പറഞ്ഞ ലിസ് പിന്നീട് ബ്രെക്‌സിറ്റിന് അനുകൂലമായി സംസാരിച്ചു.

യൂറോപ്യൻ യൂണിയനും യുകെയുമായുള്ള പ്രധാന ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നയാൾ കൂടിയാണ് ലിസ്. നോർത്തേൺ അയർലണ്ടുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ട കരാറിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ ബോറിസ് ജോൺസൺ ട്രസിനെയാണ് നിയമിച്ചത്.

റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചപ്പോഴും ലിസ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. റഷ്യൻ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ ലിസ് റഷ്യക്കു മേൽ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

കൺസർവേറ്റീവ് ലീഡറും പ്രധാനമന്ത്രിയുമായിരുന്ന മാർഗരറ്റ് താച്ചറിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ ലേബർ പാർട്ടി അംഗങ്ങളായ മാതാപിതാക്കൾക്കൊപ്പം അഞ്ചാം വയസിൽ പങ്കെടുത്തതാണ് ട്രസിന്റെ ആദ്യ രാഷ്ട്രീയ ഓർമ. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഓക്‌സ്ഫഡിൽ പഠിക്കാനെത്തിയ ലിസ് ട്രസ് പിന്നീട് താച്ചറിന്റെ കടുത്ത അനുയായി മാറി. സോവിയറ്റ് യൂണിയൻ തകർച്ചയുടെ കാലത്ത് കിഴക്കൻ യൂറോപ്പിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടത്തിയ യാത്രകളാണ് തന്റെ രാഷ്ട്രീയ വീക്ഷണത്തിൽ മാറ്റം വരുത്തിയതെന്നാണ് ലിസ് ട്രസ് പറഞ്ഞിട്ടുള്ളത്. കിഴക്കൻ യൂറോപ്പിലെ ഒരു ബ്രിട്ടീഷ് ആർമി ടാങ്കിൽ മാർഗരറ്റ് താച്ചറിനു സമാനമായ രീതിയിൽ പോസ് ചെയ്ത ലിസ് ട്രസിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.