- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോൺ കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടു വന്ന സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരെ ഓടിക്കാൻ പട്ടിയെ അഴിച്ചു വിട്ടു; പട്ടി കടിയേറ്റുവെന്ന് ആരോപിച്ച് ജീവനക്കാർ പൊലീസിൽ പരാതി നൽകി; പട്ടി കടിച്ചില്ലെന്നും വിരട്ടിയതേ ഉള്ളൂവെന്നും ഉടമ; അനുനയ ശ്രമവുമായി പൊലീസ്
പത്തനംതിട്ട: ഏഴു മാസം മുൻപ് എടുത്ത വ്യക്തിഗത വായ്പ കുടിശികയാവുകയും തവണ അടയ്ക്കുന്നതിന് നൽകിയ ചെക്ക് മടങ്ങുകയും ചെയ്തപ്പോൾ പണം വാങ്ങാൻ തേടി വന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരെ ഉടമ പട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ചുവെന്ന് പരാതി. ബഹളം കേട്ട് വീടിനുള്ളിലുണ്ടായിരുന്ന പട്ടി ഇറങ്ങി വന്നതാണെന്നും ആരെയും കടിച്ചിട്ടില്ലെന്നും ഉടമ. ഇരുകൂട്ടരെയും അനുനയിപ്പിച്ച് പരാതി ഒത്തു തീർപ്പാക്കാൻ പൊലീസ്.
ചെന്നീർക്കര പഞ്ചായത്തിലാണ് സംഭവം. ഓമല്ലൂർ-ചെന്നീർക്കര പഞ്ചായത്ത് അതിർത്തിയായ ചീക്കനാലിലാണ് സംഭവം. സാം പി. വർഗീസ് എന്നയാളാണ് പട്ടിയെ അഴിച്ചു വിട്ടതായി പറയുന്നത്. പണമിടപാട് സ്ഥാപന മാനേജർ അരുൺ ഇയാൾക്കെതിരേ പൊലീസിൽ പരാതി നൽകി.
പത്തനംതിട്ടയിലെ ബജാജ് ഫിനാൻസിൽ നിന്നുമാണ് സാം വ്യക്തിഗത ലോൺ എടുത്തത്. തവണ മുടങ്ങിയതിനെ തുടർന്ന് രണ്ട് ജീവനക്കാർ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ സാം പി. വർഗീസിന്റെ വീട്ടിൽ എത്തി. ചെക്ക് മടങ്ങിയ സ്ഥിതിക്ക് പണം ഇപ്പോൾ അടയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടുവത്രേ.
ഇതേ ചൊല്ലി ജീവനക്കാരും സാമും തമ്മിൽ വാക്കേറ്റമായി. വാടാ പോടാ വിളിയും കൈയേറ്റ ശ്രമവും ഉണ്ടായി. വന്നവർ വീട്ടിൽ കയറി തന്നെ ഭീഷണിപ്പെടുത്തിയതായി സാം പറഞ്ഞു. ബഹളം കേട്ട് വീട്ടിനുള്ളിൽ നിന്നും കുടുംബാംഗങ്ങൾ കതക് തുറന്ന് പുറത്തു വന്നു. ഈ സമയത്ത് മുറിക്കുള്ളിൽ ഉണ്ടായിരുന്ന നായയും പുറത്ത് ചാടി. നായ് ഉച്ചത്തിൽ കുരച്ചു കൊണ്ട് ജീവനക്കാരുടെ അടുത്തേക്ക് ചാടി വീണതായി പറയുന്നു. ഒടുവിൽ ഇവർ രക്ഷപ്പെട്ട് റോഡിലിറങ്ങി. പട്ടിയെ വിട്ട് കടിപ്പിച്ചതായി കാണിച്ച് പിന്നീട് ഇലവുംതിട്ട പൊലിസ് സ്റ്റേഷനിൽ പരാതിയും നൽകി. ഒന്നാം തീയതി ഇരു കൂട്ടരേയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരിക്കയാണ്. പട്ടി കുരച്ചു കൊണ്ട് ചെന്നതേയുള്ളൂ എന്നാണ് സാം പി.വർഗീസ് പറയുന്നത്. കടിച്ചുവെന്ന് ജീവനക്കാരും പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്