- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്ത് ചുറ്റിയടിക്കാൻ ഒരുങ്ങുന്നു; ഇക്കുറി യാത്ര ലോക കേരള സഭയുടെ പേരിൽ; ജൂണിലും സെപ്റ്റംബറിലുമായി യുഎസിലും സൗദി അറേബ്യയിലും മേഖലാ സമ്മേളനങ്ങൾ; ഖജനാവ് കാലിയായിരിക്കുമ്പോഴും പരിവാരങ്ങളുമായി ധൂർത്തടിക്കാൻ വഴിതേടി പിണറായി സർക്കാർ
തിരുവനന്തപുരം: ഖജനാവിൽ എല്ലാം കാലിയായ അവസ്ഥയിൽ ആണെങ്കിലും ധൂർത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചക്കുമില്ലെന്ന് കേരള സർക്കാർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. യാതൊരു പ്രയോജനം ഇല്ലെങ്കിലും മന്ത്രിമാർ വിദേശത്ത് അടക്കം ചുറ്റിയടിക്കുന്നത് തുടർന്നു. ഇപ്പോൾ ലോക കേരള സഭയുടെ പേരിൽ അടുത്ത ധൂർത്തടിക്കാണ അവസരം ഒരുങ്ങുന്നത്.
ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നുവെന്നാണ് വിവരം. ജൂണിൽ യുഎസിലും സെപ്റ്റംബറിൽ സൗദി അറേബ്യയിലും മേഖലാ സമ്മേളനങ്ങൾ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു പുറമേ, ഏതെല്ലാം മന്ത്രിമാർ പങ്കെടുക്കുമെന്നതിൽ അന്തിമ തീരുമാനമായില്ല. പ്രതിനിധികളെ നിശ്ചയിക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ മന്ത്രിമാരാകും വിദേശ പര്യടനം നടത്തുക എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ഒക്ടോബറിൽ ലണ്ടനിൽ സംഘടിപ്പിച്ച യൂറോപ്പ്‌യുകെ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും 3 മന്ത്രിമാരും ആസൂത്രണ ബോർഡ് അംഗങ്ങളും നോർക്ക ഉദ്യോഗസ്ഥരുമടക്കം വലിയ സംഘം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയും മന്ത്രി വി.ശിവൻകുട്ടിയും കുടുംബസമേതമാണു പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തിനു വിമാനക്കൂലി ഒഴികെ 43.14 ലക്ഷം രൂപ ചെലവായെന്നാണു ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വിവരാവകാശ നിയമപ്രകാരം അറിയിച്ചത്.
ഇതിന് ശേഷമാണ് ഇപ്പോൾ മറ്റൊരു വിദേശയാത്രക്കും അവസരം ഒരുങ്ങുന്നത്. കെടിഡിഎഫ്‌സിയിലും ട്രഷറിയിലും നിക്ഷേപിച്ചവർക്ക് പോലും പണം തിരികെ നൽകാൻ കഴിയാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധയിലാണ് സർക്കാർ. ഇതിനിടെയാണ് വീണ്ടുമൊരു ധൂർത്ത്് ക്ഷണിച്ചു വരുത്തുന്നത്. പലപ്പോഴും ലോക കേരള സഭ കൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടമുണ്ടായി എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് അടക്കം ഉത്തരം മുട്ടുകയാണ് ഉണ്ടായത്.
കഴിഞ്ഞ ജനുവരി 31നു ചേർന്ന ലോകകേരള സഭാ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനപ്രകാരമാണ് യുഎസിലെയും സൗദിയിലെയും മേഖലാ സമ്മേളനങ്ങൾക്കുള്ള ഒരുക്കം സർക്കാർ തുടങ്ങിവെച്ചത്. യുഎസിലെ സമ്മേളനത്തിനു ചീഫ് സെക്രട്ടറി ചെയർമാനായി 6 അംഗ ഉപസമിതി രൂപീകരിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല കൺവീനറും നോർക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ലോക കേരളസഭ ഡയറക്ടർ, നോർക്ക റൂട്‌സ് സിഇഒ, നോർക്ക റൂട്‌സ് ഡയറക്ടർ എം.അനിരുദ്ധൻ എന്നിവർ അംഗങ്ങളുമാണ്.
സൗദി അറേബ്യയിലെ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയർമാനായി ഏഴംഗ സമിതിയാണു രൂപീകരിച്ചത്. ഈ സമിതിയിൽ എം.അനിരുദ്ധൻ ഒഴികെയുള്ളവർ അംഗങ്ങളാണ്. നോർക്ക റൂട്‌സ് വൈസ് ചെയർമാൻ എം.എ.യൂസഫലി, ഡയറക്ടർ രവി പിള്ള എന്നിവരെയും ഉൾപ്പെടുത്തി. ഈ സമിതികളുടെ നേതൃത്വത്തിലാകും സമ്മേളനങ്ങളുടെ നടത്തിപ്പെന്ന് നോർക്ക വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉത്തരവിൽ പരാമർശിക്കുന്നില്ല.
ലോക കേരള സഭാ നടത്തിപ്പിനെച്ചൊല്ലി വിമർശനമുയർന്നതോടെ, 2020ലും 2022ലും ചേർന്ന ലോക കേരള സഭയിൽനിന്നു യുഡിഎഫ് വിട്ടുനിന്നിരുന്നു. മൂന്നു ലോക കേരള സഭകൾ സംഘടിപ്പിച്ചെങ്കിലും സാധാരണക്കാരായ പ്രവാസികൾക്കു പ്രയോജനപ്രദമായ പദ്ധതികളൊന്നും ഇതിന്റെ ഭാഗമായി നടപ്പാക്കിയില്ലെന്നാണു പ്രതിപക്ഷത്തിന്റെ വിമർശനം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയും ബജറ്റിലൂടെ കോടിക്കണക്കിനു രൂപയുടെ നികുതിഭാരം ജനത്തിനുമേൽ ചുമത്തുകയും ചെയ്ത പശ്ചാത്തലത്തിൽ വിദേശയാത്രയെ വിമർശിച്ച് അവർ രംഗത്തെത്തിയിട്ടുമുണ്ട്. കെഎസ്ആർടിസി ജീവനക്കാർക്ക് പോലും ശമ്പളം നൽകാതിരിക്കയാണ ്‌സർക്കാർ. ഈ ദുരവസ്ഥ തുടരുന്നതിനിടെയാണ് വീണ്ടും ധൂർത്തിന് അരങ്ങൊരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ