മുംബൈ: ലോകായുക്തയുടെ പല്ലും നഖവും പിഴുത് കളയുകയാണ് പിണറായി സർക്കാർ. ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തി സർക്കാർ നിയമം ഭേദഗതി ചെയ്തു. നിയമം ഗവർണറുടെ മുന്നിലാണ്. അഴിമതി തെളിയുന്ന പക്ഷം പൊതുപ്രവർത്തകന് തൽസ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്ന് പ്രഖ്യാപിക്കാനുള്ള ലോകായുക്തയുടെ അധികാരമാണ് കേരളം ദുർബലപ്പെടുത്തിയത്. എന്നാൽ, മഹാരാഷ്ട്രയിലാകട്ടെ ഇനി ലോകായുക്ത പല്ലില്ലാത്ത കടുവ ആയിരിക്കില്ല. അഞ്ചംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ അധികാരങ്ങൾ നൽകുന്ന ബിൽ വെള്ളിയാഴ്ച നിയമസഭയിൽ സർക്കാർ അവതരിപ്പിച്ചു. ഏതെങ്കിലും സർക്കാർ ഏജൻസി കേസെടുക്കും മുമ്പേ തന്നെ ഏതു അഴിമതി കേസിലും ലോകായുക്ത ബഞ്ചിന് പ്രാഥമിക അന്വേഷണം നടത്താം എന്നതാണ് ഏറ്റവും വലിയ സവിശേഷത.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ലോകായുക്താനിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. അണ്ണാ ഹസാരെയുടെ ആവശ്യങ്ങളാണ് മഹാരാഷ്ട്രാ സർക്കാർ അംഗീകരിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തൊടാൻ കഴിയാത്ത വിധം ലോകായുക്താ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ ശ്രമിച്ചത്. ഇതിനിടെയാണ് മഹാരാഷ്ട്രയിലെ അഴിമതി വിരുദ്ധ ഇടപെടൽ ചർച്ചയാകുന്നത്.

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രീംകോടതി ജഡ്ജിയോ ആയിരിക്കും ലോകായുക്തയായി നിയമിക്കപ്പെടുന്നത്. നിലവിലുള്ള ലോകായുക്തനിയമത്തിൽ ഭേദഗതിവരുത്തിയാണ് പുതിയനിയമം കൊണ്ടുവരുന്നത്. അഴിമതിവിരുദ്ധനിയമംകൂടി സംയോജിപ്പിച്ചാണ് പുതിയനിയമം. കേന്ദ്രസർക്കാരിന്റെ ലോക്പാൽനിയമത്തിന്റെ മാതൃകയിലാണ് ഭരണസുതാര്യതകൂടി മുൻനിർത്തി പുതിയ നിയമം കൊണ്ടുവരുന്നത്. സാമൂഹികപ്രവർത്തകനായ അണ്ണഹസാരെ നിരന്തരം അവശ്യപ്പെട്ടിരുന്ന കാര്യമാണ് സർക്കാർ നടപ്പാക്കുന്നത്. ഇത് അഴിമതി കുറയ്ക്കുന്ന സ്ഥിതിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ശിവസേന വിമതരും ബിജെപിയും ചേർന്നാണ് മഹാരാഷ്ട്രയിൽ ഭരണം നടത്തുന്നത്.

സിവിൽ കോടതിയുടെ അധികാരങ്ങൾ

ഒരു സിവിൽ കോടതിയുടെ അധികാരങ്ങൾ ലോകായുക്തയ്ക്ക് ഉണ്ടായിരിക്കും. ആരെ വേണമെങ്കിലും അഞ്ചംഗ ബഞ്ചിന് വിളിച്ചുവരുത്താം. കേസുകൾ അന്വേഷിക്കാൻ സംസ്ഥാന ഏജൻസിയോട് ആവശ്യപ്പെടാം. അഴിമതി കേസുകളിൽ, പ്രത്യേക കോടതി മുമ്പാകെ കുറ്റപത്രം ഫയൽ ചെയ്യാൻ സർക്കാരിനോട് നിർദ്ദേശിക്കാൻ അധികാരമുണ്ട്. കേസെടുക്കാനും, തിരച്ചിലുകൾ നടത്താനും രേഖകൾ പിടിച്ചെടുക്കാനും പ്രത്യേക അധികാരം ലോകായുക്തയ്ക്ക് നിയമം നൽകുന്നു. ഇക്കാര്യത്തിൽ സർക്കാർ ഏജൻസിയോട് വേണ്ട കാര്യങ്ങൾ ബഞ്ചിന് നിർദ്ദേശിക്കാം.

മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാം

മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമസഭയുടെ മൂന്നിൽ രണ്ട് പിന്തുണ വേണം. കൂടുതൽ അധികാരങ്ങൾ നൽകുന്നതിനൊപ്പം കരട് ബില്ലിൽ ചില ഉപാധികളും വയ്ക്കുന്നുണ്ട്. നിലവിലെ മന്ത്രിക്കെതിരെയോ, മുൻ മന്ത്രിക്ക് എതിരെയോ അന്വേഷണം നടത്താൻ ഗവർണറുടെ അംഗീകാരം തേടണം. ഒപ്പം ഗവർണർ നിയമിച്ച മന്ത്രിമാരുടെ ഗ്രൂപ്പിന്റെ അഭിപ്രായങ്ങൾ തേടണം. ഒരു നിയമസഭാംഗത്തിന് എതിരെയാണ് അന്വേഷണം നടത്തേണ്ടത് എങ്കിൽ, കൗൺസിൽ ചെയർപേഴ്‌സന്റെയോ, നിയമസഭാ സ്പീക്കറുടെയോ അനുമതി നിർബന്ധമാണ്.

മുനിസിപ്പൽ കൗൺസിൽ അംഗത്തിന് എതിരെയോ, സാർപ്പാഞ്ചിന് എതിരെയോ അന്വേഷണം നടത്തണമെങ്കിൽ, ബന്ധപ്പെട്ട മന്ത്രിയുടെ അനുമതി ആവശ്യമാണ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എതിരെ അന്വേഷണം നടത്താൻ, മുഖ്യമന്ത്രിയുടെ അനുമതിയും, ചീഫ് സെക്രട്ടറിയുടെ അഭിപ്രായവും തേടണം.

സംസ്ഥാനത്തിന്റെ ക്രമസമാധാനത്തെയോ, ആഭ്യന്തര സുരക്ഷയെയോ ബാധിക്കുന്ന വിഷയമാണെങ്കിൽ, മുഖ്യമന്ത്രിക്ക് എതിരായ അഴിമതി ആരോപണങ്ങളിൽ ലോകായുക്ത അന്വേഷണം ഉണ്ടാവില്ല. ഏതെങ്കിലും അന്വേഷണം നടന്നാൽ തന്നെ അത് രഹസ്യസ്വഭാവത്തിൽ ഉള്ളതായിരിക്കുമെന്നും, കേസ് തള്ളിയാൽ അന്വേഷണ റെക്കോഡുകൾ പരസ്യപ്പെടുത്തില്ലെന്നും നിയമത്തിൽ പറയുന്നു. വകുപ്പ് തല അന്വേഷണം നടത്താനും ലോകായുക്തയ്ക്ക് കരട് നിയമം അധികാരം നൽകുന്നു.

ലോകായുക്ത അംഗങ്ങളുടെ തിരഞ്ഞെടുപ്പ്

മുഖ്യമന്ത്രി ചെയർപേഴ്‌സണും, ഉപമുഖ്യമന്ത്രിയും, നിയമസഭാ കൗൺസിൽ ചെയർമാനും, സ്പീക്കറും, രണ്ട് സഭയിലെയും പ്രതിപക്ഷ നേതാക്കളും, ഹൈക്കോടതി ചീഫ് ജസ്റ്റിസോ ജഡ്ജിയോ അടങ്ങുന്ന സമിതിയാണ് ലോകായുക്ത അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ആകെ അഞ്ചംഗങ്ങൾ. ഹൈക്കോടതിയിലെ വിരമിച്ച ചീഫ് ജസ്റ്റിസോ, സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയോ, ബോംബെ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ ചെയർപേഴ്‌സൺ ആകണം. മറ്റ് നാല് അംഗങ്ങളിൽ രണ്ട് പേർ ജുഡീഷ്യൽ അംഗങ്ങളാകണം. ചെയർപേഴസൺ അടക്കം മൂന്നുഅംഗങ്ങളിൽ കുറയാത്തതായിരിക്കും ഫുൾ ബഞ്ച്.

സംസ്ഥാന ഏജൻസികളെ മേൽനോട്ടം വഹിക്കാനുള്ള അധികാരം, അഴിമതി കേസുകളിൽ പ്രത്യേക കോടതി അധികാരം, എന്നിവയും നിയമത്തിന്റെ സവിശേഷതകളാണ്.

ലോകായുക്തസംവിധാനം മഹാരാഷ്ട്രയിൽ നടപ്പായത് 1971-ലാണ്. 2001-ൽ മഹാരാഷ്ട്രസർക്കാർ നിയോഗിച്ച മാധവ് ഗോഡ്ബുലെ സമിതി വിജിലൻസ് സംവിധാനത്തിന്റെ ചുമതല ലോകായുക്തയുടെ കീഴിലാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. അഴിമതിവിരുദ്ധ ബ്യൂറോയെ(എ.സി.ബി) ലോകായുക്തയുടെ കീഴിൽ കൊണ്ടുവരണമെന്നായിരുന്നു നിർദ്ദേശം. ഇത്തരം സംവിധാനമാണ് മഹാരാഷ്ട്രയിൽ വേണ്ടതെന്നാവശ്യപ്പെട്ട് 2019-ൽ അണ്ണഹസാരെ നിരാഹാരം സമരം നടത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നവിസ് ഹസാരെയുടെ ആവശ്യം അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീടുണ്ടായ ഭരണമാറ്റത്തെത്തുടർന്ന് തുടർനടപടികളുണ്ടായില്ല. ഇതാണിപ്പോൾ നടപ്പാക്കുന്നത്.

അതിനിടെ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ലോകായുക്ത നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി പുതിയനിയമം കൊണ്ടുവരാൻ തീരുമാനിച്ച ഷിന്ദേ-ഫഡ്‌നവിസ് സർക്കാരിനെ അഭിനന്ദിച്ച് അണ്ണഹസാരെ രംഗത്തു വന്നു. നിശ്ചയദാർഢ്യമുള്ള സർക്കാരിനുമാത്രമേ ഇത്തരം തീരുമാനങ്ങളെടുക്കാനാകൂ എന്നായിരുന്നു ഹസാരെയുടെ പ്രതികരണം. ലോക്പാൽ നിയമത്തിന് സമാനമായ നിയമം കൊണ്ടുവരണമെന്ന് താൻ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് ഹസാരെ പറഞ്ഞു.

ഒഡിഷ, ബിഹാർ, രാജസ്ഥാൻ, യു.പി. എന്നീ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ ലോകായുക്തയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്നില്ല. രാജ്യത്താദ്യമായി ലോകായുക്ത നിലവിൽവന്നത് മഹാരാഷ്ട്രയിലാണ്; 1971-ൽ. കേരളത്തിൽ അധികാരം കുറയ്ക്കുന്ന നിയമം ഗവർണറുടെ മുമ്പിലുമാണ്. കേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ലോകായുക്തയുടെ പരിധിയിലുണ്ട്. എന്നാൽ, ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തി സർക്കാർ നിയമം ഭേദഗതിചെയ്തു. അഴിമതി തെളിയുന്നപക്ഷം പൊതുപ്രവർത്തകന് തതസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടായിരുന്നു.

എന്നാൽ ഈ വകുപ്പ് ഭേദഗതിചെയ്ത്, മുഖ്യമന്ത്രിക്കെതിരേയാണ് വിധിയെങ്കിൽ നിയമസഭയ്ക്കും മന്ത്രിമാർക്കെതിരേയെങ്കിൽ മുഖ്യമന്ത്രിക്കും എംഎൽഎ.മാർക്കെതിരേയാണെങ്കിൽ സ്പീക്കർക്കും തീരുമാനമെടുക്കാൻ അധികാരം നൽകുംവിധമാക്കി. എന്നാൽ, ഈ ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ പഴയ നിയമം തന്നെയാണ് നിലവിൽ ബാധകം.