- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത ഫുൾബെഞ്ച് പരിഗണിക്കുമെന്ന വിധിക്കെതിരെ അപ്പീൽ സാധ്യതയും വിരളം; അതിവേഗം വാദം കേൾക്കലും വിധിയും വേണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടാം; ഗവർണറുടെ മനസ്സു മാറിയാൽ ഈ നിയമ നടപടിയും അപ്രസക്തമാകും; ലോകായുക്ത അധികാര പരിധിയെച്ചൊല്ലിയുള്ള ഭിന്നത മുഖ്യമന്ത്രിക്കും സർക്കാറിനും തുണയായി മാറുമ്പോൾ
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം പരിശോധിക്കാനുള്ള അധികാരം ലോകായുക്തയ്ക്കുണ്ടോ എന്നതിൽ ഏകാഭിപ്രായത്തിൽ എത്താതിരുന്നതാണ് സർക്കാറിനു ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ തുണയായി മാറിയത്. കേസിൽ ഹർജി സ്വീകരിക്കേണ്ട വേളയിൽ പരിഗണിക്കേണ്ട കാര്യത്തിൽ വർഷങ്ങൾ നീണ്ട വാദത്തിന് ശേഷവും തീരുമാനമായില്ല എന്നതാണ് വിധിയിൽ ബാക്കിപത്രമാകുന്നത്. സർക്കാറിനെ സംബന്ധിച്ചിടത്തോളം തീർത്തും ആശ്വാസം പകരുന്നതാണ് ഈ വിധി.
ലോകായുക്ത ഫുൾബെഞ്ചിലേക്ക് കേസ് വിടുന്നതോടെ ഹൈക്കോടതിയിൽ അപ്പീൽ പോയാലും സാധ്യതകൾ വിരളമാണെന്ന നിരീക്ഷണങ്ങളും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, അതിവേഗം വാദം കേൾക്കലും വിധിയും വേണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടാമെന്ന് മാത്രമേ കാര്യമുള്ളൂവെന്നും നിരീക്ഷണങ്ങളുണ്ട്. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കും, അന്തിമ വാദത്തിനുശേഷം വിധി പറയാൻ ഒരു വർഷത്തോളം കാലതാമസം വന്നതിന്റെ പേരിലുണ്ടായ വിവാദങ്ങൾക്കുമൊടുവിലാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗവുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത വിധി പറഞ്ഞത്. വിവാദങ്ങൾക്കൊടുവിൽ പുറത്തുവന്ന വിധിയാകട്ടെ, ഭിന്നവിധിയായി മാറുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട ഹർജി ലോകായുക്തയുടെ പരിധിയിൽ വരുമോ എന്നതിനേക്കുറിച്ചു പോലും ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും തമ്മിൽ ഭിന്നതയുണ്ടായി എന്നാണ് വിവരം. വിധി പറയാൻ ഇത്രയധികം കാലതാമസം വന്ന കേസിലാണ്, ഹർജി അന്വേഷണ പരിധിയിലാണോ എന്നതിൽപ്പോലും ഇരുവർക്കും യോജിപ്പിലെത്താനായില്ലെന്ന് വ്യക്തമാക്കുന്ന വിധി. ഇതോടെയാണ് പ്രതിപക്ഷം വിധിക്കെതിരെ രംഗത്തെത്താൻ കാരണവും.
ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ് ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് ഫുൾ ബെഞ്ചിനു വിട്ടത്. ഈ കേസിലെ ആക്ഷേപങ്ങളുടെ നിജസ്ഥിതിയിലും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു. മന്ത്രിസഭാ യോഗ തീരുമാനം ലോകായുക്തയുടെ പരിധിയിൽ വരില്ലെന്ന വാദം ഈ കേസിന്റെ തുടക്കത്തിൽ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ഒടുവിലും അതേ ചോദ്യത്തിൽ തന്നെ എത്തിനിൽക്കുന്നുവെന്നാണ് ദുരിതാശ്വാസ നിധി കേസിലെ പ്രത്യേകത.
രണ്ടംഗ ബെഞ്ചിന്റെ ഭിന്ന വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസിലെ പരാതിക്കാരനായ, കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ പറഞ്ഞു. ലാവ്ലിൻ കേസ് പോലെ ഈ കേസും നീട്ടിക്കൊണ്ടുപോവാനാണ് ശ്രമമെന്ന് ശശികുമാർ ആരോപിച്ചു. അതേസമയം കേസിൽ ഒരു ന്യായാധിപന്റെ എതിർ വിധിയുടെ ധാർമ്മിക പ്രശ്‌നമുണ്ടെന്ന ആക്ഷേപങ്ങളും ഉയരുന്നത്. പതിനാലാം വകുപ്പിൽ വെള്ളം ചേർത്തുള്ള ലോകായുക്ത നിയമഭേദഗതി ബിൽ ഗവർണ്ണർ ഇനിയും ഒപ്പിടാതിരിക്കെ എന്താകും വിധി എന്ന ആകാംക്ഷ സർക്കാർ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ ലോകായുക്തയുടെ വിധിയിൽ പ്രതികരിച്ച് പരാതിക്കാരനായ ആർ എസ് ശശികുമാറും രംഗത്തുവന്നു. മൂന്നംഗ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശശികുമാർ വ്യക്തമാക്കിയത്. ലോകായുക്തയുടെ പ്രവർത്തനത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായിരിക്കുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാൻ പാടില്ല. ലാവ്ലിൻ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. ജഡ്ജിമാരെ ചില രാഷ്ട്രീയക്കാർ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
സർക്കാരിന്റെ ഭാഗത്തുനിന്ന് ലോകായുക്തയ്ക്ക് മേൽ സമ്മർദ്ദം ഉണ്ടായി. തനിക്ക് നീതി ലഭിക്കണം. നീതി തേടി വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകും.ധാർമികത അൽപ്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് പദവിയിൽ തുടരാൻ അർഹതയില്ല. ലോകായുക്തയിലെ ഒരംഗം ഹർജി ശരി വച്ചു. അതിനർത്ഥം മുഖ്യമന്ത്രിയും എതിർപക്ഷത്തുള്ള 18 മന്ത്രിമാരും കുറ്റക്കാരാണെന്ന് തന്നെയാണ്. തന്റെ പരാതി ന്യായവും നിലനിൽക്കുന്നതുമാണെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. രണ്ടാമത്തെയാൾ എന്തുകൊണ്ടാണ് എതിർത്തതെന്ന് മനസിലാകുന്നില്ല. ലോകായുക്ത ഇത്രയും കാലം വിധി പറയാതിരുന്നത് ഭിന്നവിധിയായതിനാലായിരിക്കാം. ഹൈക്കോടതിയുടെ നിർദ്ദേശം വന്നതിനാൽ വിധി പറയാൻ ലോകായുക്ത ബാധ്യസ്ഥരായി.
സർക്കാരിന് എതിരായി ഒരു വിധിയുണ്ടെന്നത് വ്യക്തമാണ്.അതുകൊണ്ടുതന്നെ ഇവിടെ അഴിമതി നടക്കുന്നു, ഇത് സ്വജനപക്ഷപാതമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത് ഗൗരവമുള്ളതാണ്. ഏതെങ്കിലും ജഡ്ജി ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ ശരിയാണെന്ന് തെളിയിക്കുന്നതുവരെ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തയ്യാറാകണം. സാങ്കേതികമായിട്ട് മുഖ്യമന്ത്രിയായിട്ട് തുടരാം. മന്ത്രിമാർക്കും തുടരാം. കോടതിയിൽ വാദം വന്നപ്പോൾ രണ്ട് ജഡ്ജിമാരും അനുകൂലിച്ചവരാണ്. രണ്ട് പേരും എന്റെ ഹർജിക്ക് അനുകൂലമായി പരാമർശം നടത്തിയവരാണ്. ഇപ്പോൾ എന്ത് അടിസ്ഥാനത്തിലാണ് മറിച്ചൊരു വിധി പറയാൻ തയ്യാറായത് എന്ന് പരിശോധിക്കണമെന്നും ആർ എസ് ശശികുമാർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പണം ചട്ടങ്ങൾ ലംഘിച്ച് മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടേയും എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനു നൽകിയതിനെതിരെ മുൻ സർവകലാശാല ജീവനക്കാരനായ ആർ.എസ്.ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്. വിചാരണാ വേളയിലെ ലോകായുക്ത പരാർശങ്ങൾ വാര്ത്തയായി മാറിയിരുന്നു.
ഏതു സർക്കാരായാലും തിരഞ്ഞെടുത്ത ജനങ്ങളുടെ പണം 'കാട്ടിലെ തടി തേവരുടെ ആന' എന്ന തരത്തിൽ തോന്നിയപോലെ ഉപയോഗിക്കാനാകുമോയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വാദത്തിനിടെ ആരാഞ്ഞിരുന്നു. ദുരിതാശ്വാസ നിധി കേസ് ലോകായുക്ത പരിഗണിക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓർഡിനൻസ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്. അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്നതാണ് ലോകായുക്തയുടെ 14ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി.
ഭേദഗതി ഓർഡിനൻസ് വരുന്നതിനാൽ ഈ കേസിൽ തിടുക്കത്തിന്റെ ആവശ്യമുണ്ടോയെന്ന് ഉപലോകായുക്ത ഹാറുൺ അൽ റഷീദ് വാദത്തിനിടെ ചോദിച്ചു. ഓർഡിനൻസ് ഭേദഗതി വരുന്നത് കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫിന്റെ നിരീക്ഷണം. പൊതുപ്രവർത്തകരെ അയോഗ്യരായി പ്രഖ്യാപിക്കാൻ സെക്ഷൻ 14 പ്രകാരം ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും, റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ മാത്രമേ ഭേദഗതി വന്നിട്ടുള്ളൂ എന്നുമുള്ള ഹർജിക്കാരനായ ആർ.എസ്.ശശികുമാറിന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിന്റെ അഭിപ്രായത്തോട് ലോകായുക്ത യോജിപ്പ് പ്രകടിപ്പിച്ചു.
മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ദുരിതാശ്വാസനിധിയിൽ നിന്നും തുക അനുവദിച്ചതെന്നും മന്ത്രിസഭാ തീരുമാനം ലോകായുക്തയിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും സർക്കാർ അറ്റോണി ടി.എ. ഷാജി വാദം ഉന്നയിച്ചു. മന്ത്രിസഭ തീരുമാനമെടുത്ത വിഷയത്തിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്കു കഴിയില്ല. മരണപ്പെട്ട പൊതുപ്രവർത്തകരുടെ കുടുംബത്തിനാണ് സഹായം നൽകിയത്. സമൂഹത്തിൽ ഏതു വിഭാഗത്തിലുള്ള ആളുകളായാലും സഹായിക്കണമെന്നാണ് സർക്കാർ നിലപാടെന്നും അതു തുടരുമെന്നും ടി.എ.ഷാജി പറഞ്ഞു.
എന്നാൽ, പൊതുമുതലെടുത്തല്ല ഔദാര്യം കാട്ടേണ്ടതെന്ന് ലോകായുക്ത മറുപടി പറഞ്ഞു. ധനസഹായം നൽകിയതിന് എതിരല്ലെന്നും, നിയമവിരുദ്ധമായി നൽകിയതാണ് കേസിലൂടെ ചോദ്യം ചെയ്തതെന്നും പരാതിക്കാരനുവേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം പറഞ്ഞു. മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് തുക നൽകിയത്. നിയമപ്രകാരം മൂന്നു ലക്ഷം രൂപയ്ക്കു മുകളിൽ അനുവദിക്കാൻ മുഖ്യമന്ത്രിക്കു മാത്രമായി കഴിയില്ല. മന്ത്രി ഒറ്റയ്‌ക്കോ മന്ത്രിസഭ കൂട്ടായോ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് മന്ത്രിമാർ ഉത്തരവാദികളാണെന്നും പൊതുപ്രവർത്തകർ എന്ന നിലയിൽ മന്ത്രിമാർ ലോകായുക്തയുടെ പരിധിയിൽ വരുമെന്നും നിരവധി കോടതി വിധികൾ ചൂണ്ടിക്കാട്ടി ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.
മറുനാടന് ഡെസ്ക്