തിരുവനന്തപുരം: വിവാദം സൃഷ്ടിച്ച ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതികൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ 12 ബില്ലുകളും രാജ് ഭവൻ ഒപ്പിടുമെന്ന പ്രതീക്ഷയിൽ സർക്കാർ. സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഗവർണ്ണർ പറഞ്ഞതാണ് ഈ പ്രതീക്ഷയ്ക്ക് കാരണം. എന്നാൽ ഉടനൊന്നും ഓപ്പിടില്ലെന്നാണ് ലഭിക്കുന്ന സൂചന. വിശദീകരണം ചോദിച്ച് മടക്കാനും സാധ്യതയുണ്ട്. ഏതായാലും 12 ബില്ലുകളും ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവനിൽ എത്തി. ബില്ലുകൾ എത്തിയപ്പോൾ പക്ഷേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്ഥലത്തില്ല.

18നു രാവിലെ മടങ്ങിയെത്തിയ ശേഷം അദ്ദേഹം ബില്ലുകൾ വിശദമായി പരിശോധിക്കും. ആവശ്യമെങ്കിൽ നിയമോപദേശം തേടും. സംശയമുള്ള കാര്യങ്ങളിൽ സർക്കാരിനോട് വിശദീകരണം തേടണമെങ്കിൽ അതു ചെയ്യും. രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട വ്യവസ്ഥകൾ ബില്ലിൽ ഉണ്ടെങ്കിൽ അക്കാര്യത്തിലും ഗവർണർ തീരുമാനമെടുക്കും. ആറു മാസം വരെ ബില്ലുകളിൽ തീരുമാനം എടുക്കാതെ കൈയിൽ വയ്ക്കാനും സാധ്യതയുണ്ട്. ഏതായാലും വിവാദമല്ലാത്ത ബില്ലുകൾ ഉടൻ ഗവർണ്ണർ ഒപ്പിടാനും സാധ്യതയുണ്ട്. അനുനയത്തിന് ശ്രമങ്ങൾ പിണറായി സർക്കാർ നടത്തുന്നുണ്ട്.

ബില്ലുകൾ നിയമസഭ പാസാക്കിയ ശേഷം നിയമസഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച് പിഴവില്ലെന്ന് ഉറപ്പാക്കി അച്ചടിക്കുകയും അതിൽ സ്പീക്കർ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിന്റെ വിശദ പരിശോധന പൂർത്തിയാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ഇന്നലെ രാജ്ഭവനിൽ എത്തിയത്. സ്പീക്കറുടെ ഒപ്പിനു താഴെ ഗവർണർ ഒപ്പു വച്ചാലേ ബിൽ നിയമമായി മാറുകയുള്ളൂ. ഇതിൽ ലോകായുക്താ ബിൽ നിർണ്ണായകമാണ്. മുഖ്യമന്ത്രിക്ക് ഭാവിയിൽ വലിയ പ്രതിസന്ധിയായി ഇത് മാറും. അതാണ് എല്ലാ കണ്ണുകളും രാജ് ഭവനിലേക്ക് എത്താനുള്ള കാരണം.

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും ഗവർണർ തിരികെയെത്തിയ ശേഷമായിരിക്കും തീരുമാനം. കേരള സർവകലാശാലാ വിസിയെ തിരഞ്ഞെടുക്കുന്നതിനു കമ്മിറ്റിയെ നിയോഗിച്ചെങ്കിലും തുടർ നടപടികൾ ഊർജിതപ്പെടുത്താനും ഗവർണറുടെ അനുമതി വേണം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവൻകുട്ടിയും മന്ത്രി മുഹമ്മദ് റിയാസും യൂറോപ്യൻ പര്യടനത്തിന് പോവുകയാണ്. തിരിച്ചെത്തുമ്പോൾ ഗവർണ്ണറുടെ മനസ്സ് അവർക്ക് വ്യക്തമാകും.

കിഫ്ബിയുടെ മസാലാ ബോണ്ട് അടക്കം വിവാദത്തിൽ പെട്ടു. ഈ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട ഇടപെടലുകൾക്കാണോ ബ്രിട്ടണിലേക്ക് പിണറായി പോകുന്നതെന്ന ചർച്ചയും സജീവം. അതുകൊണ്ട് തന്നെ കേന്ദ്രം അനുമതി നൽകുമോ എന്നതും നിർണ്ണായകം. ഇതിനൊപ്പമാണ് ലോകായുക്ത ഭേദഗതി ബില്ലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകാതിരുന്നാൽ അതു മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവിക്കു വെല്ലുവിളിയാകുമോ എന്ന ചോദ്യവും സജീവമാകും. സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി, തന്റെ എതിർപ്പുകളെ കുഴിച്ചുമൂടിക്കൊണ്ടു വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പിടുമോ എന്നതാണ് ഇനി നിർണ്ണായകം. വിവിധ ചടങ്ങുകളിൽ പങ്കെടുത്തതിനു ശേഷം ഗവർണർ 17നു രാജ്ഭവനിൽ മടങ്ങിയെത്തും.

ലോകായുക്തയുടെ അധികാരങ്ങൾ അരിഞ്ഞു വീഴ്‌ത്തുന്ന ഭേദഗതി ബില്ലിലും ചാൻസലറായ തന്റെ അധികാരങ്ങളെ അപ്രസക്തമാക്കുന്ന ഭേദഗതികൾ ഉൾപ്പെടുന്ന സർവകലാശാല ഭേദഗതി ബില്ലിലും ഗവർണർ ഒപ്പിട്ടില്ലെങ്കിൽ അത് സർക്കാരിന് വലിയ പ്രതിസന്ധിയായുകം. അങ്ങനെ വന്നാൽ ലോകായുക്താ വിധി എതിരായാൽ മുഖ്യമന്ത്രി പിണറായിക്ക് രാജി വയ്ക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വീഴ്ചകളിലെ ലോകായുക്താ വിധി ഉടൻ വരാൻ സാധ്യത ഏറെയാണ്.

സുപ്രീംകോടതിയിലുള്ള ലാവ്‌ലിൻ കേസ് നീട്ടിവയ്ക്കാൻ തുടർച്ചയായി സിബിഐ ആവശ്യപ്പെടുന്നുണ്ട്. അഞ്ചു വർഷത്തിലേറെയായി കേസ് നീട്ടിവച്ചു പിണറായിയെ ബിജെപി സരക്ഷിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പു വച്ചാൽ ബിജെപി നേതാക്കളും പിണറായിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന കുറ്റപ്പെടുത്തൽ കൂടുതൽ ശക്തമാകും.