- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സ്വജനപക്ഷപാതത്തോടെ സഹായധനം നൽകിയെന്ന കേസിൽ വാദംകഴിഞ്ഞ് വർഷമൊന്നായിട്ടും വിധിയില്ല; ലോകായുക്താ ഭേദഗതിയിൽ ഒപ്പിടില്ലെന്ന നിലപാടിൽ ഗവർണ്ണറും; മുഖ്യമന്ത്രിയ്ക്കെതിരായ വിധി വരുമോ? എല്ലാ കണ്ണും വീണ്ടും ലോകായുക്തയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സ്വജനപക്ഷപാതത്തോടെ സഹായധനം നൽകിയെന്നകേസിൽ വാദംകഴിഞ്ഞ് വർഷമൊന്നാകാറായിട്ടും വിധി വൈകുന്നു. ദുരിതാശ്വാസനിധി സംബന്ധിച്ച് സംസ്ഥാനത്തുണ്ടായ ആദ്യ കേസാണിത്.ഇതെല്ലാം സ്വജനപക്ഷപാതിത്വമാണെന്നും അഴിമതിയാണെന്നുമാണ് ലോകായുക്തയിലെ കേസ്. കേസിൽ സർക്കാരിനെതിരായ വിധിയുണ്ടായാൽ മുഖ്യമന്ത്രിക്ക് പോലും രാജിവയ്‌ക്കേണ്ടി വരും.
ലോകായുക്തയുടെ അധികാരംകവർന്ന് സർക്കാർ ആദ്യം ഓർഡിനൻസും പിന്നീട് നിയമനിർമ്മാണവും കൊണ്ടുവന്നത് ഈ കേസിനെ തുടർന്നാണ്. ലോകായുക്ത അഴിമതി കണ്ടെത്തിയാൽ ബന്ധപ്പെട്ട പൊതുപ്രവർത്തകന് തത്സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് നിയമം. മുമ്പൊരു കേസിൽ ഇതുപ്രകാരം മന്ത്രി കെ.ടി. ജലീലിന് രാജിവെക്കേണ്ടിയും വന്നിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടായാൽ അത് നിർണ്ണായകം.
ദുരിതാശ്വാസനിധിയിൽനിന്നാണ്, അന്തരിച്ച കെ.കെ. രാമചന്ദ്രൻ നായർ എംഎൽഎ.യുടെ മകന് ജോലി, സ്വർണവായ്പയടക്കമുള്ള ബാധ്യതകൾ തീർക്കാൻ 8.75 ലക്ഷം, എൻ.സി.പി.യുടെ സംസ്ഥാന പ്രസിഡന്റായിരുന്ന, അന്തരിച്ച ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനത്തിനുണ്ടായ അപകടത്തിൽ മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് നിയമാനുസൃതമായുള്ള ആശ്രിതനിയമന ജോലി എന്നിവയാണ് കേസിന് ആധാരം.
സമാന സാഹചര്യങ്ങളിൽപ്പെട്ട ആർക്കും ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കാറില്ലെന്നായിരുന്നു പരാതി. ഇത് അഴിമതിയാണെന്നാരോപിച്ചാണ് അഴിമതിവിരുദ്ധ പ്രവർത്തകനായ ആർ.എസ്. ശശികുമാർ അഡ്വ. ജോർജ് പൂന്തോട്ടംവഴി കേസ് നൽകിയത്. ഇതുമൂലമുണ്ടായ നഷ്ടം മന്ത്രിമാരിൽനിന്ന് ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. 2018-ൽ നൽകിയ കേസിൽ 2022 മാർച്ചിൽ വാദം പൂർത്തിയായി. ഈ കേസിലാണ് വിധി വൈകുന്നത്.
ലോകായുക്ത ബില്ലിൽ ഒപ്പിടില്ലെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വരികയാണ്. സർക്കാറിനെതിരായ പരാതികൾ അന്വേഷിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സർക്കാറല്ലെന്നും ഭരണഘടന തത്ത്വങ്ങൾ പാലിക്കാൻ താൻ ജാഗ്രത പാലിക്കുമെന്നും മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. എട്ട് ബില്ലുകളാണ് ഗവർണർക്കു മുന്നിലുള്ളത്. ഇതിൽ മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തന്റെ തീരുമാനമെന്നും ഗവർണർ അറിയിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കടുത്ത നിലപാടുമായി ഗവർണർ രംഗത്തെത്തി.
ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടന ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കാൻ മന്ത്രിമാരെയല്ല അയക്കേണ്ടത്. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറുപുലർത്താനാണ്. അത് നടപ്പാക്കുന്നെന്ന് ഉറപ്പുവരുത്താൻ താൻ സദാ ജാഗരൂകനായിരിക്കും.
ഏക സിവിൽ കോഡിനെ അനുകൂലിച്ച ഇടതു പാർട്ടികൾ ഇപ്പോൾ നിലപാട് മാറ്റുന്നു. പുതിയ രാഷ്ട്രീയ സഖ്യങ്ങൾക്കുവേണ്ടിയാകാമിത്. മുത്തലാഖിൽ ഇ.എം.എസിൽനിന്ന് വ്യത്യസ്ത നിലപാടാണ് ഇടതു പാർട്ടികൾ സ്വീകരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ