- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതെങ്കിലും വിഷയത്തിൽ ലോകായുക്ത തീർപ്പ് വന്നാൽ അതത് അപ്ലറ്റ് അഥോറിറ്റികൾ പരിശോധിച്ച് തള്ളുകയോ കൊള്ളുകയോ ചെയ്യും; മുഖ്യമന്ത്രിക്കെതിരായ വിധിയിൽ നിയമസഭ അപ്ലറ്റ് അഥോറിറ്റിയാകും; മന്ത്രിമാർക്കെതിരെയെങ്കിൽ മുഖ്യമന്ത്രി; എംഎൽഎമാർക്കെതിരെയെങ്കിൽ സ്പീക്കർ; ലോകായുക്ത നിയമത്തിലെ ഭേദഗതികൾ ഇങ്ങനെ
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബിൽ നിയമസഭ പാസാക്കി. ഇനി ബില്ലി്ൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെക്കുമോ എന്നാണ് അറിയേണ്ടത്. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷമാണു ബിൽ സഭയിൽ മടങ്ങിയെത്തിയത്. ലോകായുക്തയുടെ വിധികൾ അപ്രസക്തമാക്കുന്നതാണ് ഭേദഗതിയിലെ വ്യവസ്ഥകൾ.
മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാൽ അതിൽ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്കായിരിക്കും. ഉത്തരവിൽ തീരുമാനമെടുക്കുന്നതിൽനിന്ന് ഗവർണറെ ഒഴിവാക്കും. മന്ത്രിമാർക്കെതിരെ പരാമർശം ഉണ്ടായാൽ അത് പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ആയിരിക്കും. ആർക്കെങ്കിലും എതിരെ ലോകായുക്തയുടെ തീർപ്പ് വന്നാൽ അവരുടെ നിയമനാധികാരി അതിലെ നിർദ്ദേശം നടപ്പാക്കിയശേഷം ലോകായുക്തയെ അറിയിക്കണം. ഗവർണർ, മുഖ്യമന്ത്രി, സർക്കാർ എന്നിവരാണു നിയമനാധികാരിക എന്നതാണ് നിലവിലെ നിയമം. ഇത് ഭേദഗതി വരുത്തുമ്പോൾ തീർപ്പ് വന്നാൽ അതത് അപ്ലറ്റ് അഥോറിറ്റികൾ പരിശോധിച്ച് തള്ളുകയോ കൊള്ളുകയോ ചെയ്യുമെന്നാകും.
മുഖ്യമന്ത്രിക്കെതിരായ വിധിയിൽ നിയമസഭയാണ് അപ്ലറ്റ് അഥോറിറ്റി. മന്ത്രിമാർക്കെതിരെയെങ്കിൽ മുഖ്യമന്ത്രി; എംഎൽഎമാർക്കെതിരെയെങ്കിൽ സ്പീക്കർ. 90 ദിവസത്തിനകം തീരുമാനം ലോകായുക്തയെ അറിയിക്കണം. നിയമസഭ തീരുമാനം എടുക്കേണ്ട വിധിയിൽ സഭ ചേരുന്നതു മുതൽ 90 ദിവസമാണു സമയപരിധി. ലോകായുക്ത കുറ്റക്കാരെന്നു കണ്ടെത്തിയാലും ഭരണകക്ഷിക്കു വേണ്ടപ്പെട്ടവരെങ്കിൽ രക്ഷിച്ചെടുക്കാൻ വഴിയൊരുക്കുന്നതാണ് ഈ ഭേദഗതി.
രാഷ്ട്രീയ പാർട്ടികളിലെ സംസ്ഥാന ഭാരവാഹികൾക്കെതിരെ ലോകായുക്തയ്ക്കു കേസെടുക്കാനും വിധി പുറപ്പെടുവിക്കാനും അധികാരം നൽകുന്നതാണ് നിലവിലെ നിയമനം. ഇത് ഭേദഗതി ചെയ്ത് പാർട്ടി ഭാരവാഹികളെ ലോകായുക്ത നിയമത്തിൽനിന്ന് ഒഴിവാക്കി. നേരത്തേ ഗവർണറായിരുന്നു അപ്ലറ്റ് അഥോറിറ്റി. ഇതിൽ അനൗചിത്യമുണ്ടെന്നാണു സർക്കാർ വാദം. ഇതോടെ ലോകായുക്തയുടെ തീർപ്പിനുമേൽ ഗവർണറുടെ അധികാരം പൂർണമായും ഇല്ലാതായി.
ലോകായുക്തയായി സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ നിയമിക്കണം. ഉപലോകായുക്തയായി ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ നിയമിക്കണമെന്നതാണ് ലോകായുക്തയുടെ നിലവിലെ നിയമനത്തിലെ ഒരു കാര്യം. ഇത് ഭേദഗതി ചെയ്ത് ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയെ ലോകായുക്തയായും ഉപലോകായുക്തയായും നിയമിക്കാം എന്നാക്കി.
കൂടാതെ നിലവിലെ നിയമനം അനുസരിച്ച് ലോകായുക്ത, ഉപലോകായുക്ത കാലാവധി 5 വർഷമാണ്. ഇത് ഭേദഗതി വരുത്തി ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ഉയർന്ന പ്രായപരിധി 70 ആക്കി ഉയർത്തി. ലോകായുക്തയുടെയും ഉപലോകായുക്തമാരുടെയും മരണമോ രാജിയോ ഉണ്ടായാൽ എന്തുവേണമെന്നു നിലവിലെ നിയത്തിൽ വ്യവസ്ഥയില്ല.
എന്നാൽ, പുതിയ ലോകായുക്തയുടെ നിയമനം വരെ ഏറ്റവും സീനിയറായ ഉപലോകായുക്തയെ ലോകായുക്തയായി പ്രവർത്തിക്കാൻ ഗവർണർക്ക് അധികാരപ്പെടുത്താം. അവധിയോ മറ്റു കാരണങ്ങളാലോ ലോകായുക്തയുടെ അസാന്നിധ്യമുണ്ടായാലും സീനിയർ ഉപലോകായുക്തയ്ക്കു ചുമതല നൽകാൻ ഗവർണർക്ക് അധികാരം.
മറുനാടന് മലയാളി ബ്യൂറോ