വത്തിക്കാന്‍ സിറ്റി: ലണ്ടനില്‍ ജനിച്ച ഇറ്റാലിയന്‍ വംശജനായ കാര്‍ലോ അക്യുട്ടിസിനെ അടുത്തവര്‍ഷം മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. 'ഗോഡ്‌സ് ഇന്‍ഫ്‌ലുവന്‍സര്‍' എന്നറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസ് തന്റെ പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുധ ബാധയെത്തുടര്‍ന്ന് മരണമടയുകയായിരുന്നു. കത്തോലിക്ക സഭയുടെ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങില്‍ റോമില്‍ വെച്ച്, വരുന്ന വര്‍ഷം ഏപ്രിലില്‍ ആയിരിക്കും പ്രഖ്യാപനം ഉണ്ടാവുക. 1991 ല്‍ ജനിച്ച, ടെക്കി കൂടിയായിരുന്ന ഈ കൗമാരക്കാരനെ സാമൂഹ്യ പ്രവര്‍ത്തകനായ പിയറോ ജിയോര്‍ജിയോ ഫ്രാസാറ്റിക്കൊപ്പമായിരിക്കുംവിശുദ്ധനായി പ്രഖ്യാപിക്കുക.

കാര്‍ലോയുടെ അമ്മ ഇറ്റാലിയന്‍ വംശജയാണ്. ഇംഗ്ലീഷ് പിതാവിന് ഇറ്റാലിയന്‍ മാതാവില്‍ ജനിച്ച പുത്രനാണ് കാര്‍ലോയുടെ പിതാവ്. അടുത്ത വര്‍ഷം, കൗമാരക്കാരുടെ ദിനത്തില്‍ താന്‍ കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കും എന്നറിയിച്ച മാര്‍പ്പാപ്പ, യുവാക്കളുടെ ദിനത്തില്‍ പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയെയും വിശുദ്ധനായി പ്രഖ്യാപിക്കും എന്നറിയിച്ചിട്ടുണ്ട്. അക്യുട്ടിസിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിട്ടുള്ള അസ്സിസ്സിയിലെ ആര്‍ച്ച്ബിഷപ്പ് ഡൊമെനിക്കോ സൊറെന്റിനൊയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ജീവിതത്തിന്റെ മുക്കാല്‍ പങ്കും മിലാനില്‍ ചെലവഴിച്ച അക്യുട്ടിസ് എല്ലാ വര്‍ഷവും ഈസ്റ്റര്‍ കാലത്ത് അസ്സിസി സന്ദര്‍ശിക്കാറുണ്ടായിരുന്നു. ബാലനായ അക്യുട്ടിസിന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു അസ്സിസി. അക്യുട്ടിസിന്റെ ആഗ്രഹപ്രകാരമായിരുന്നു മരണശേഷം ഇവിടെ അടക്കം ചെയ്തത്. തിരു ശുശ്രൂഷയിലൂടെ സംഭവിച്ച അദ്ഭുതങ്ങല്‍ ലോകത്തെ അറിയിക്കുന്നതിനായി ഓണ്‍ലൈന്‍ പ്രദര്‍ശനങ്ങള്‍ രൂപകല്പന ചെയ്യുകയായിരുന്നു ജീവിതത്തിലെ അക്യുട്ടിസിന്റെ പ്രധാന കര്‍മ്മം. കമ്പ്യൂട്ടറിലും വിവരസാങ്കേതിക വിദ്യയിലും അക്യുട്ടിസിന് ഉണ്ടായിരുനന്‍ പ്രാവീണ്യം കണക്കിലെടുത്ത് ഐ ടി പ്രൊഫഷണലുകളുടെ പുണ്യാളന്‍ എന്നൊരു പേരുകൂടി ഇപ്പോള്‍ ഈ വിശുദ്ധന് ലഭിച്ചു കഴിഞ്ഞു.

2006 ല്‍ അതീവ ഗുരുതരമായ രക്താര്‍ബുധത്തിന് കീഴടങ്ങിയായിരുന്നു അക്യുട്ടിസ് ഇഹലോകവാസം വെടിയുന്നത്. 1990 കളില്‍ ജനിച്ചവരെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് മില്ലേനിയല്‍ എന്നത്. കാര്‍ലോ അക്യുട്ടിസ് കത്തോലിക്ക സഭയുടെ ആദ്യ മില്ലേനിയല്‍ വിശുദ്ധനായി മാറുകയാണ്. 2020 ല്‍ ബ്രസീലില്‍ ഒരു കൗമാരക്കാരന്റെ അപൂര്‍വ്വമായ ഒരു തരം പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഭേദമാക്കിയത് അക്യുട്ടിസിന്റെ അദ്ഭുത പ്രവര്‍ത്തിയായി മാര്‍പ്പാപ്പ് അംഗീകരിച്ചിരുന്നു. തുടര്‍ന്നായിരുന്നു വിശുദ്ധ പദവിയിലേക്കെത്തുന്നതിനുള്ള ആദ്യ പടിയായ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കല്‍ നടന്നത്.

ഈ വര്‍ഷം ആദ്യം, ഫ്‌ലോറന്‍സിലെ ഒരു വിദ്യാര്‍ത്ഥിക്ക് മസ്തിഷ്‌ക്കത്തില്‍ ഉണ്ടായ രക്തസ്രാവം സുഖപ്പെട്ടത് രണ്ടാമത് അദ്ഭുത പ്രവൃത്തിയായി മാര്‍പ്പാപ്പ അംഗീകരിച്ചു. ആധുനിക ലോകത്ത്, സ്വയം ഉള്‍വലിയുകയും, ഒറ്റപ്പെടുകയും, ശൂന്യമായ സന്തോഷങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന യുവത മാതൃക ആക്കേണ്ട വ്യക്തിത്വമാണ് കാര്‍ലോ അക്യുട്ടിസിന്റേതെന്ന് മാര്‍പ്പാപ്പ പറഞ്ഞു. മിലനില്‍ വളര്‍ന്ന കാര്‍ലോ ആദ്യം തന്റെ പാരിഷ് വെബ്‌സൈറ്റിന്റെ ചുമതല ഏറ്റെടുത്തുകൊണ്ടായിരുന്നു ഓണ്‍ലൈന്‍ സുവിശേഷമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞത്. പിന്നീട് വത്തിക്കാന്‍ ആസ്ഥാനമായുള്ള ഒരു അക്കാഡമിയുടെ വെബ്‌സൈറ്റിലൂടെയായി ദൈവസ്‌നേഹത്തിന്റെ പ്രചാരണം.

വളരെ ചെറുപ്പം മുതല്‍ തന്നെ ഉദാരമനസ്‌കനായിരുന്ന അക്യുട്ടിസ് , സ്‌കൂള്‍ പഠനകാലത്ത് അവഹേളിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷകനായി എത്താറുണ്ടായിരുന്നു. മരിക്കുന്നതിന് തൊട്ട് മുന്‍പ്, കാര്‍ലോ അക്യുട്ടിസ് മാതാപിതാക്കളോട് പറഞ്ഞ അവസാന വാക്കുകളും ഇന്ന് വിശ്വാസികള്‍ ഏറ്റെടുക്കുകയാണ്, ' ഞാന്‍ സന്തോഷത്തോടെയാണ് മരിക്കുന്നത്. കാരണം, എന്റെ ജീവിതത്തിലെ ഒരു നിമിഷം പോലും ദൈവം ഇഷ്ടപ്പെടാത്ത പ്രവൃത്തികള്‍ ചെയാനായി ചെലവഴിച്ചിട്ടില്ല'.