ലണ്ടൻ: സാമ്പത്തിക ബാദ്ധ്യത വർദ്ധിച്ചതോടെ ദിനപ്പത്രം നിർത്താൻ തീരുമാനിച്ച് ലണ്ടനിലെ ഈവനിങ് സ്റ്റാൻഡേർഡ്. കഴിഞ്ഞ 200 വർഷമായി വായനക്കാരുടെ കൈകളിൽ കൃത്യമായി എത്തിയിരുന്ന പത്രം ഇല്ലാതെയാകുമ്പോൾ പകരം വാരിക പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ലണ്ടൻ ഭൂഗർഭ റെയിലിൽ വൈ ഫൈ നടപ്പാക്കിയതാണ് പത്രത്തെ പ്രധാനമായും ബാധിച്ചത് എന്നാണ് കരുതുന്നത്. അതുപോലെ കൂടുതൽ പേർ വർക്ക് ഫ്രം ഹോമിലേക്ക് തിരിഞ്ഞതും, ഉപഭോക്താക്കളുടെ മാറിമാറി വരുന്ന മുൻഗണനകളുമൊക്കെ വരിക്കാരുടെ എണ്ണം കാര്യമായി കുറച്ചു.

ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ ആറ് വർഷം കൊണ്ട് 84.5 മില്യൻ പൗണ്ടിന്റെ നഷ്ടമാണ് പത്രത്തിന് ഉണ്ടായത്. ഭാഗികമായി ഇതിന്റെ ഉടമയായ ഈവ്‌ജെനി ലെബെഡേവിന്റെ ധനസഹായത്താലായിരുന്നു ഇത് മുൻപോട്ട് പോയ്ക്കൊണ്ടിരുന്നത്. സൗദി അറേബ്യൻ സർക്കാരുമായി അടുത്ത ബന്ധമുള്ള ഒരു ബാങ്കിനാണ് ഇതിന്റെ ബാക്കി ഓഹരികൾ ഉള്ളത്. അടുത്തകാലത്തായി പത്രം വിൽക്കാനുള്ള ശ്രമത്തിലായിരുന്നു ലിബെഡേവ് എന്ന് ഈ മേഖലയിൽ ഉള്ളവർ പറയുന്നു. എന്നാൽ, വാങ്ങാൻ ആരും തയ്യാറായില്ല.

നിലവിലെ പ്രവർത്തനങ്ങളിൽ നിന്നും വൻ നഷ്ടമുണ്ടാകുന്നത് കമ്പനിയുടെ സിസ്ഥിരതയെ ബാധിക്കുന്നുവെന്ന് ചെയർമാൻ പോൾ കന്നാറെക്ക് ഇന്നലെ ജീവനക്കാരെ അറിയിച്ചു. അതുകൊണ്ടു തന്നെ ജീവനക്കാരുമായും, സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റുള്ളവരൗമായി കൂടിയാലോചന നടത്തി ബിസിനസ്സ് പുതിയ രൂപത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചതായും അയാൾ അറിയിച്ചു. ലണ്ടൻ നഗരത്തിലെ പ്രമുഖ ന്യൂസ് ബ്രാൻഡായ ഈവനിങ് സ്റ്റാൻഡേർഡിനെ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമാക്കുന്നതിനും ലാഭകരമാക്കുന്നതിനുമുള്ള നടപടികളായിരിക്കും കൈക്കൊള്ളുക എന്നും അദ്ദേഹം പറഞ്ഞു.

പ്രതിവാര വാർത്താ പത്രം ഈ വർഷം അവസാനത്തോടെ ഇറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ യോഗത്തിൽ പറഞ്ഞു. ഇ എസ് മാസിക തുടർന്ന് കൊണ്ടു പോകുമെങ്കിലും മാസിക ഇറങ്ങുന്ന ഇടവേളകൾ ദീർഘിപ്പിക്കും. നിരവധി തൊഴിൽ നഷ്ടങ്ങൾ ഇതുമൂലമുണ്ടാകും. പ്രിന്റിങ് വിഭാഗത്തിലെ ഡിസൈൻ ജീവനക്കാരെ ആയിരിക്കും ഇത് പ്രധാനമായും ബാധിക്കുക. അതേസമയം, ലണ്ടൻ നഗരത്തിന്റെ ഓരോ കോണിലും പത്രം എത്തിച്ചിരുന്ന വിതരണക്കാർക്കും തൊഴിൽ നഷ്ടപ്പെടും. മാത്രമല്ല, ഓരോ ദിവസത്തെയും തലക്കെട്ടുകൾ പ്രദർശിപ്പിച്ചിരുന്ന, റെയിൽവേ സ്റ്റേഷനു പുറത്തുള്ള പരസ്യ ഫലകങ്ങളും ഇനി ഏറെക്കുറെ ശൂന്യമാകും.