മുംബൈ: ജയിലിൽ കഴിയുന്ന ദിവസങ്ങൾ ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് നരകം പോലെയാണ്. തനിക്ക് ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടമായെന്നും, ഇനി ജയിലിൽ മരിച്ചാൽ മതിയെന്നും ആണ് 74 കാരനായ ഗോയൽ ഇന്നലെ മുംബൈയിലെ പ്രത്യേക കോടതിയിൽ ജഡ്ജിക്ക് മുമ്പാകെ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്.

അങ്ങനെ നിരാശനാകരുതെന്നും മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ എല്ലാ ചികിത്സയും സംരക്ഷണവും നൽകുമെന്ന് ജഡ്ജി സഹാനുഭൂതിയോടെ ആശ്വസിപ്പിച്ചു. തന്റെ ആരോഗ്യനില വളരെ മോശമാണെന്നും, കിടപ്പിലായ ഭാര്യയെ കാണാൻ മോഹമുണ്ടെന്നും ഗോയൽ കൂപ്പുകൈകളോടെ കോടതിയോട് പറഞ്ഞു. ഗോയലിന്റെ അസുഖം ഭേദമാക്കാൻ വേണ്ടത് ചെയ്യാൻ അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് പ്രത്യേക ജഡ്ജി എം ജി ദേശ്പാണ്ഡെ നിർദ്ദേശം നൽകി.

സെപ്റ്റംബർ 14 മുതൽ ഗോയൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നരേഷ് ഗോയലിനും, ഭാര്യ അനിത ഗോയലിനും നാലു കമ്പനികൾക്കും എതിരായ കുറ്റപത്രം കണക്കിലെടുത്താണ് കസ്റ്റഡി. എസ്‌ബിഐ, പിഎൻബി ബാങ്കുകളുമായി ബന്ധപ്പെട്ട 5716.3 കോടിയുടെ ക്രമക്കേടാണ് ഗോയലിന് കുരുക്കായത്.

തന്നെ ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കണമെന്ന് ഗോയൽ ശനിയാഴ്ച അഭ്യർത്ഥിച്ചിരുന്നു. മുമ്പൊരിക്കലും, തനിക്ക് നേരിട്ട് ഹാജരാകണമെന്ന് ഗോയൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. ' കൈകളും, ശരീരമാസകലവും വിറച്ചുകൊണ്ടാണ് അദ്ദേഹം കോടതിക്ക് മുമ്പാകെ എത്തിയത്. തന്റെ വിഷമങ്ങൾ അദ്ദേഹത്തിന് കിടപ്പിലായ ഭാര്യയോടും ഏക മകളോടും പറയാനാവില്ല. ജയിൽ ജീവനക്കാർക്കും അദ്ദേഹത്തെ സഹായിക്കുന്നതിൽ പരിമിതികളുണ്ട്', ജഡ്ജി പറഞ്ഞു.

'എണീറ്റ് നിൽക്കാൻ പോലും ഗോയലിന് സഹായം ആവശ്യമാണ്. തന്റെ മുട്ടുകളിൽ നീരുവന്നതും, കടുത്ത വേദന അനുഭവിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രണ്ടുകാലുകളും മടക്കാൻ അദ്ദേഹത്തിന് ശേഷിയില്ല. നീര് കാരണം കടുത്ത മുട്ടുവേദനയുണ്ട്. മൂത്രമൊഴിക്കാൻ അടിക്കടി വാഷ്‌റൂമിലേക്ക് പോകേണ്ടിയും വരുന്നു. മൂത്രമൊഴിക്കുമ്പോൾ കടുത്ത വേദനയുണ്ടെന്നും, ചിലപ്പോൾ രക്തം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.', ജഡ്ജി നിരീക്ഷിച്ചു.

ജെ ജെ ആശുപത്രിയിലേക്ക് ഗോയലിനെ റഫർ ചെയ്തതുകൊണ്ടും കാര്യമില്ല. ജയിൽ അധികൃതരുടെയും, സഹായികളുടെയും സൗകര്യം നോക്കി സഹതടവുകാർക്കൊപ്പം ഉള്ള യാത്ര ഗോയലിന് ബുദ്ധിമുട്ടായിരിക്കും. ആശുപത്രിയിലാകട്ടെ രോഗികളുടെ വലിയ ക്യൂ ആയിരിക്കും. സമയത്തിന് ഡോക്ടറെ കാണാൻ സാധിക്കണമെന്നില്ല. ഇതെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു, ജഡ്ജി പറഞ്ഞു.

ജെറ്റ് എയർവെയ്സുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിമാന കമ്പനിയുടെ 538 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. 17 ഫ്ളാറ്റുകളും, ബംഗ്ലാവുകളും വാണിജ്യ കെട്ടിടങ്ങളും അടക്കമാണ് കണ്ടുകെട്ടിയത്. ഇവയൊക്കെ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, മകൻ നിവാൻ ഗോയൽ എന്നിവരടക്കം ഉള്ളവരുടെ പേരുകളിൽ രജിസ്റ്റർ ചെയ്ത സ്വത്തുക്കളാണ്. ലണ്ടൻ, ദുബായ്, ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സ്വത്തുക്കൾ ഇതിൽ ഉൾപ്പെടുന്നു.

2002 ലെ കള്ളപ്പണം തടൽ നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഏജൻസി 538 കോടിയുടെ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഗോയൽ കുടുംബത്തെ കൂടാതെ ചില ആസ്തികൾ ജെറ്റ് എയർ പ്രൈവറ്റ് ലിമിറ്റഡിന്റെയും, ജെറ്റ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എസ്‌ബിഐ യും പിഎൻബിയും നേതൃത്വം നൽകിയ ബാങ്കുകളുടെ കൺസോർഷ്യം നൽകിയ വായ്പകൾ നരേഷ് ഗോയൽ വകമാറ്റി ചെലവഴിച്ചുവെന്ന് ഇഡിയുടെ പ്രസ്താവനയിൽ പറയുന്നു. കാനറ ബാങ്കിന്റെ രേഖാമൂലമുള്ള പരാതിയിലാണ് അന്വേഷണം വന്നത്.

നരേഷ് ഗോയലിന് കുരുക്കായത് വായ്പാ തട്ടിപ്പ്

ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനെ സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. തെളിവുകൾ വിശകലനം ചെയ്ത്. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആയിരുന്നു നടപടി. ഗോയലിന്റെ ഭാര്യ അനിതയ്ക്കും കമ്പനിയിലെ ചില മുൻ എക്സിക്യുട്ടീവുകൾക്കെതിരെയും സിബിഐ കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇഡി ഇടപെടൽ.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് 74 കാരനായ ഗോയലിനെ ഇഡി കസ്റ്റഡിയിലെടുത്തത്. കനറാ ബാങ്കിൽ 538 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോയലിനെതിരെ കള്ളപ്പണ ഇടപാട് ആരോപണം ഉയരുന്നത്. നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്‌സ് ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. മുംബൈയിൽ 7 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികൾ റെയ്ഡ് ചെയ്ത ശേഷമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ടൊരു ഇന്ത്യൻ എയർലൈനായിരുന്നു ജെറ്റ് എയർവേസ്. ഇൻഡിഗോ എയർലൈൻസിനു ശേഷം മാർക്കറ്റ് ഷെയറിലും യാത്രക്കാരുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനായിരുന്നു ജെറ്റ് എയർവേസ്. ലോകമെമ്പാടുമുള്ള 74 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദിവസവും 300-ൽ അധികം ഫ്‌ളൈറ്റ് സർവീസുകൾ നടത്തിയിട്ടുണ്ട്. ജെറ്റ് എയർവേസിന്റെ പ്രധാന ഹബ് മുംബൈ ആയിരുന്നു. ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളുരു എന്നിവടങ്ങളിൽ ആയിരുന്നു മറ്റ് ഹബ്ബുകൾ. കനത്ത സാമ്പത്തികനഷ്ടവും കടബാധ്യതയും ഉണ്ടായതിനെത്തുടർന്ന് 2019 ഏപ്രിൽ 7 ന് ജെറ്റ് എയർവേസ് താൽകാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചു.

ജെറ്റ് എയർവേയ്‌സിന്റെ ഡയറക്ടർ ബോർഡിൽ നിന്നു ചെയർമാൻ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജിവച്ചത് 2019ലാണ്. സാമ്പത്തിക പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാനാകുമെന്ന ഉദ്ദേശത്തിലാണ് നരേഷ് ഗോയലും ഭാര്യയും രാജിവച്ചത്. എസ്‌ബിഐയുമായി നടത്തി ചർച്ചയെ തുടർന്നായിരുന്നു തീരുമാനം. 1993ലാണ് നരേഷ് ഗോയലും ഭാര്യയും ചേർന്ന് ജെറ്റ് എയർവേസ് വിമാനക്കമ്പനി ആരഭിക്കുന്നത്. ഇവർ രാജിവയ്ക്കുമ്പോൾ 119 വിമാനങ്ങളാണ് ജെറ്റ് എയർവേസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നത്. ഇതിൽ 54 വിമാനങ്ങളുടെയും സർവീസ് മുടങ്ങിയിരുന്നു. അറ്റകുറ്റ പണികൾക്കായി 24 വിമാനങ്ങൾ നേരത്തേ തന്നെ സർവീസ് നിർത്തിയിരുന്നുവെന്നതാണ് വസ്തുത.

സി ബി ഐയുടെ എഫ് ഐ ആർ പ്രകാരം നരേഷ് ഗോയലിന്റെ കുടുംബത്തിന്റെ സ്വകാര്യ ചെലവുകൾ അടക്കം ജെറ്റ് എയർവേയ്സ് വഹിച്ചിരുന്നതായി ആരോപിക്കുന്നു. 2023 മെയ് മാസത്തിൽ നരേഷ് ഗോയലിന്റെ വീട്ടിലും കമ്പനി ഓഫീസിലും സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കാനറ ബാങ്ക് രേഖാമൂലമുള്ള പരാതി നൽകിയത്. മുൻപ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവെയ്സ് സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടതിന് പിന്നാലെ ജലൻ കൽറോക്ക് കൺസോർഷ്യം കമ്പനി ഏറ്റെടുത്തിരുന്നു.

25 വർഷത്തെ വിമാനസേവനങ്ങൾക്ക് ശേഷം സാമ്പത്തിക പ്രതിസന്ധികളിൽ കുടുങ്ങിയതോടെ 2019ൽ ജെറ്റ് ഏയർവെയ്സ് പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. പിന്നീടാണ് ലണ്ടൻ ആസ്ഥാനമായ കാർലോക് ക്യാപ്പിറ്റൽ, യുഎഇ വ്യവസായി മുരാരി ലാൽ ജലാൻ എന്നിവരുടെ കൺസോർഷ്യം സഹായഹസ്തവുമായി 2021 ൽ കമ്പനി ഏറ്റെടുക്കുന്നത്. ജെറ്റ് ഏയർവെയ്സ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കൺസോർഷ്യം 100 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഗോയൽ ഇപ്പോൾ മുംബൈ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.