- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി സിയാവാൻ അപേക്ഷിക്കുന്നതിൽ 10 ൽ 9 പേരും അയോഗ്യർ; ചീഫ്‌സെക്രട്ടറി അക്കാദമിക് വിദഗ്ദ്ധൻ; കേന്ദ്ര നിയമം സംസ്ഥാന നിയമനത്തിനു മേൽ നിലനിൽക്കുന്നത് എങ്ങനെ? ഭരണഘടനയെയും സുപ്രീംകോടതി ഉത്തരവിനെയും യുജിസി നിയമങ്ങളെയും തള്ളിപ്പറഞ്ഞ് പിണറായി
തിരുവനന്തപുരം : ഇടതുമുന്നണിയുടെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയിൽ ഗവർണർക്കെതിരേ മുഖ്യമന്ത്രി ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങളിൽ ഭൂരിഭാഗവും കഴമ്പില്ലാത്തതും നിയമവിരുദ്ധവും. നിയമനത്തിന് പാനലിന് പകരം ഒറ്റപ്പേര് നൽകിയെന്ന് കണ്ടെത്തി സാങ്കേതിക സർവകലാശാലാ വി സി ഡോ.രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിനെപ്പോലും വെല്ലുവിളിക്കുന്നതാണ് പിണറായിയുടെ വിമർശനങ്ങൾ. ഒറ്റപ്പേര് നൽകുന്നത് തുടങ്ങിയത് എൽ.ഡി.എഫ് സർക്കാരല്ലെന്നും യു.ഡി.എഫ് കാലത്താണെന്നും പറഞ്ഞ് തെറ്റിനെ ന്യായീകരിക്കുകയും ചെയ്തു പിണറായി.
ആ വാക്കുകൾ ഇങ്ങനെ '10 അപേക്ഷകരിൽ 9 പേരും അയോഗ്യരെന്ന് സെർച്ച് കമ്മിറ്റി കണ്ടെത്തി ഒരു പാനൽ നൽകുമ്പോൾ മൂന്നുപേരുടെ പാനൽ വേണമെന്ന് നിർബന്ധിച്ചാൽ അയോഗ്യരെക്കൂടി ഉൾപ്പെടുത്തേണ്ടി വരും. പിന്നെ എന്തിനാണ് സെർച്ച് കമ്മിറ്റി ? ഒറ്റപ്പേര് നൽകുന്നത് തുടങ്ങിയത് എൽ.ഡി.എഫ് സർക്കാരല്ല, യു.ഡി.എഫും ഇക്കാര്യങ്ങൾ ചെയ്തിട്ടുണ്ട് '' പത്ത് വർഷം അദ്ധ്യാപന പരിചയമുള്ള പ്രൊഫസർമാരാണ് വി സിയാവാൻ അപേക്ഷിക്കുന്നത്. ഇവരിൽ നിന്നാണ് സെർച്ച് കമ്മിറ്റി പാനൽ തയ്യാറാക്കുന്നത്. അപേക്ഷിക്കുന്നതിൽ പത്തിൽ ഒമ്പതു പേരും അയോഗ്യരാണെന്ന് പറയാൻ പിണറായിക്ക് എങ്ങനെ കഴിയും എന്നാണ് ചോദ്യം ഉയരുന്നത്.
കേന്ദ്ര നിയമവും സംസ്ഥാന നിയമവും തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ കേന്ദ്ര നിയമം മാത്രമേ നിലനിൽക്കൂ എന്ന ഭരണഘടനാ വ്യവസ്ഥയെയും പിണറായി വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: 'കൺകറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമം നിർമ്മിക്കാം. സംസ്ഥാനം പാസക്കിയ നിയമം കേന്ദ്രനിയമത്തിന് എതിരാവുന്നത് ഏത് വ്യവസ്ഥയിലാണ് ? അങ്ങനെയെങ്കിൽ ആ വ്യവസ്ഥയാണ് നിയമവിരുദ്ധം.'' ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് വന്നാൽ സർക്കാരിന്റെ നിലനിൽപ്പ് അപകടത്തിലാവും. ഗവർണർക്ക് പിരിച്ചുവിടാൻ ശുപാർശ ചെയ്യാൻ കളമൊരുങ്ങുന്നു. കേന്ദ്രസർക്കാരിന് ഇവിടെ ഇടപെടാനുള്ള അന്തരീക്ഷം ഒരുക്കുകയാണ് ഗവർണർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞിട്ടുമുണ്ട്.
വി സിമാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമാവുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർക്കെതിരെയും പിണറായി രംഗത്തെത്തി. ചീഫ്‌സെക്രട്ടറി അക്കാഡമിക് വിദഗ്ദ്ധനല്ലെന്ന് ഗവർണർ പറയുന്നു. എന്നാൽ പഠനശാഖയായ പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിലെ വൈദഗ്ദ്ധ്യമുള്ളയാൾ വിദഗദ്ധനല്ലേ? എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാൽ അക്കാഡമിക് രംഗത്തെ വിദഗ്ദ്ധനായിരിക്കണം സെർച്ച് കമ്മിറ്റിയിലുണ്ടാവേണ്ടത് എന്ന യുജിസി ചട്ടം മറന്നാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് 11 വി സിമാർക്ക് ഗവർണർ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സർവകലാശാലകളിൽ ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഡി.ജി.പിക്ക് ഗവർണർ നിർദ്ദേശം നൽകിയതിനെയും പിണറായി വിമർശിക്കുന്നത് കാര്യമറിയാതെയാണ്. സർവകലാശാലകളുടെയും സംസ്ഥാനത്തിന്റെയും തലവനായ ഗവർണർക്ക് ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താനും നിർദ്ദേശം നൽകാനുമെല്ലാം അധികാരമുണ്ട്. ഡി.ജി.പിക്ക് നിർദ്ദേശം നൽകാൻ ഇവിടെ സർക്കാരുണ്ടെന്നും താനാണിതൊക്കെ ചെയ്യേണ്ടതെന്ന് ഗവർണർ കരുതിയാൽ മനസിൽ വച്ചിരുന്നാൽ മതിയെന്നുമാണ് ഗവർണറെ മുഖ്യമന്ത്രി വിരട്ടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്