- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളന്മാര് കൊണ്ട് പോയ സാധനങ്ങളുടെ ലിസ്റ്റില്‍ ഇല്ലാതിരുന്ന മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന് അവകാശപ്പെട്ടത് പത്ത് വര്‍ഷം മുന്‍പ്; മന്ത്രിയായി അഞ്ച് മാസം പിന്നിട്ടപ്പോള്‍ പൊങ്ങി വന്നു; ബ്രിട്ടീഷ് മന്ത്രിയുടെ രാജി നമ്മുടെ സജി ചെറിയന്മാര് അറിഞ്ഞിരുന്നെങ്കില്‍
ബ്രിട്ടീഷ് മന്ത്രിയുടെ രാജി നമ്മുടെ സജി ചെറിയന്മാര് അറിഞ്ഞിരുന്നെങ്കില്‍
ലണ്ടന്‍: ഏത് ആരോപണം ഉയര്‍ന്നാലും, മുട്ടാന്യായങ്ങളുടെ അരയാല്‍ തണലില്‍ അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നവര്‍ക്ക് ഒരു മാതൃകയാവുകയാണ് ബ്രിട്ടനിലെ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി. ഇന്ത്യയിലെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് തുല്യമായ പദവിയാണിത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നുണ പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്ന വസ്തുത ഉയര്‍ന്ന് വന്നപ്പോള്‍, ലൂസി ഹെയ്ഗിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഇന്നലെ അവര്‍ തന്റെ രാജി സമര്‍പ്പിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടന്‍ വീണ്ടും തെളിയിച്ചത്, ജനാധിപത്യത്തെ പോലെ മനോഹരമായ മറ്റൊരു സംവിധാനം വര്‍ത്തമാനകാല ലോകത്തിലില്ല എന്നാണ്. പക്ഷെ അത് നല്ല രീതിയില്‍ കൊണ്ടു പോകണമെങ്കില്‍ നേതാക്കള്‍ സ്വന്തം മനസാക്ഷിയോടെങ്കിലും അല്പം സത്യസന്ധത പുലര്‍ത്തണമെന്ന് മാത്രം.
2014 ല്‍ ആയിരുന്നു ലൂസി ഹെയ്ഗ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്ന് തെളിഞ്ഞത്. 2020 - ല്‍, പ്രതിപക്ഷത്തായിരുന്ന കീര്‍ സ്റ്റാര്‍മര്‍ രൂപീകരിച്ച നിഴല്‍ മന്ത്രിസഭയില്‍ അംഗമാകുമ്പോള്‍ ഇക്കാര്യം പൂര്‍ണ്ണമായും ലൂസി ഹെയ്ഗ് വെളിപ്പെടുത്തിയിരുന്നില്ല എന്നാണ് ലേബര്‍ പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മോഷണവുമായി ബന്ധപ്പെട്ട് ഒരു ഇന്‍ഷുറന്‍സ് ക്ലെയിം നടത്തിയപ്പോള്‍, അതില്‍ മോഷ്ടിക്കപ്പെടാത്ത മൊബൈല്‍ ഫോണും മോഷണം പോയതായി രേഖപ്പെടുത്തി എന്നതാണ് ഇവരുടെ മേലുണ്ടായിരുന്ന കുറ്റം.
എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ കടുത്ത ഇടതുപക്ഷക്കാരിയായ ഇവരുടെ അനുയായികള്‍ പറയുന്നത്, എല്ലാ കാര്യങ്ങളും 2020 ല്‍ തന്നെ പാര്‍ട്ടിയേയും സ്റ്റാര്‍മറെയും അറിയിച്ചിരുന്നു എന്നാണ്. എന്നാല്‍, സ്റ്റാര്‍മര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ അറിയാം എന്നതോ എപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിവായതെന്നോ അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കിയില്ല. പണ്ട്, കോവിഡ് കാലത്ത്, നിയന്ത്രണങ്ങള്‍ ലംഘിച്ച് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഔദ്യോഗിക വസതിയില്‍ വിരുന്ന് നല്‍കിയത് ഏറെ വിവാദമായിരുന്നു. അന്ന്, ബോറിസിനെ തത്സ്ഥാനത്തു നിന്നും മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് കീര്‍ സ്റ്റാര്‍മറായിരുന്നു.
'നിയമങ്ങള്‍ക്ക് രൂപം നല്‍കുന്നവര്‍ ഒരിക്കലും നിയമലംഘകര്‍ ആകരുത്' എന്ന സുവര്‍ണ്ണ വാക്യം പാര്‍ലമെന്റില്‍ ഉയര്‍ത്തിപ്പിടിച്ചത് കീര്‍ സ്റ്റാര്‍മര്‍ ആയിരുന്നു. തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ച് കേസ് ജയിക്കുന്നതും, ഭരണഘടനയെ അവഹേളിക്കുന്നതുമൊക്കെ പോലെയുള്ള നിയമലംഘനങ്ങള്‍ നടത്തിയാല്‍ അവര്‍ ഭരണത്തില്‍ തുടരാന്‍ അര്‍ഹരല്ലെന്നാണ് ഇടതുപക്ഷക്കാരന്‍ കൂടിയായ കീര്‍ സ്റ്റാര്‍മര്‍ അന്ന് പറഞ്ഞത്. അത്രത്തോളം ഗൗരവകരമല്ലെങ്കില്‍ കൂടി പോലീസിനെ തെറ്റിദ്ധരിപ്പിച്ച നിയമ ലംഘനം നടത്തിയ മന്ത്രിയെ പുറത്തേക്കുള്ള വഴികാണിച്ച് സ്റ്റാര്‍മര്‍ ആ വാക്കുകള്‍ പ്രാവര്‍ത്തികമാക്കി എന്ന് കരുതാം.
മനപൂര്‍വ്വമല്ലെങ്കില്‍ കൂടി താന്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്ന് സമ്മതിച്ചുകൊണ്ടാണ് അവര്‍ രാജികത്ത് എഴുതിയിരിക്കുന്നത് എന്നത് ഉയര്‍ന്ന ജനാധിപത്യ മൂല്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്. രാജിവെയ്ക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പോലും, താന്‍ രക്തസാക്ഷിയായെന്ന വാദമുയര്‍ത്തി രാജിവച്ചു പോകുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തയായ ഒരു നേതാവാണ് താനെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു.