- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പെട്ടതെങ്കിലും ലൗ ജിഹാദുണ്ട്, പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്ത് ഇസ്ലാമിലേക്ക് ആകർഷിക്കുന്നു; ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗമാണ് മിക്ക മതപരിവർത്തനങ്ങൾക്കും പിന്നിൽ; കേരളത്തിൽ ഹിന്ദു ഐക്യത്തിന് സാധ്യതയില്ല, അതിനുള്ള ശ്രമങ്ങളെല്ലാം ഞാൻ ഉപേക്ഷിച്ചു; ഈഴവർ സിപിഎമ്മിന് വോട്ട് ചെയ്യുന്നത് തുടരും: വെള്ളാപ്പള്ളി
ആലപ്പുഴ: ലൗ ജിഹാദിനെ കുറിച്ചും കേരളത്തിലെ മതപരിവർത്തനത്തെ കുറിച്ചും വീണ്ടും തുറന്നു പറഞ്ഞു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലൗ ജിഹാദിനെ കുറിച്ചും മതപരിവർത്തനത്തെ കുറിച്ചും മുൻപ് പറഞ്ഞ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുന്നകതായി വെള്ളാപ്പള്ളി പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ഹിന്ദു ഐക്യത്തിന് സാധ്യതയില്ല, അതിനുള്ള ശ്രമങ്ങളെല്ലാം ഞാൻ ഉപേക്ഷിച്ചുവെന്നും വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.
ലൗ ജിഹാദ് യഥാർത്ഥമാണെന്ന് വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു. ഒറ്റപ്പെട്ടതെങ്കിലും ലൗ ജിഹാദ് എന്നൊന്നുണ്ട്. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന സമ്പന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് ആകർഷിക്കുന്നു. ഇതിനായി സഹപാഠികൾ ബ്രെയിൻ വാഷ് ചെയ്യുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ സമൂഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗമാണ് മിക്ക മതപരിവർത്തനങ്ങൾക്കും പിന്നിൽ എന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം മുഴുവൻ ക്രിസ്ത്യൻ സമൂഹത്തേയും താൻ പറയുന്നില്ല. മതപരിവർത്തനത്തിന് കോടികളാണ് അവർ ചെലവഴിക്കുന്നത് എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സർക്കാരിൻ മുസ്ലിം-ഭൂരിപക്ഷ സമുദായ പ്രീണനമാണ് എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ സർക്കാർ മുസ്ലിം സംഘടനകൾക്ക് മുന്നിൽ പതറി. ഇത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകിയത്. ജനാധിപത്യം പിന്നാക്കം പോയതുപോലെയും മതഗ്രൂപ്പുകളുടെ സമ്മർദത്തിൻ കീഴിൽ സർക്കാർ തലകുനിച്ചതായും തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെയും മുന്നാക്ക സമുദായങ്ങളുടെയും താളത്തിനൊത്ത് സർക്കാർ നൃത്തം ചെയ്യുന്നു. ലത്തീൻ സമുദായം ന്യൂനപക്ഷം മാത്രമാണെങ്കിലും വിഴിഞ്ഞം കേസിൽ ഇടതു സർക്കാർ അവർക്ക് മുന്നിൽ തലകുനിക്കുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 96 ശതമാനം ജീവനക്കാരും മുന്നാക്ക സമുദായത്തിൽ നിന്നുള്ളവരാണ്. കൂടാതെ, ദേവസ്വം ബോർഡ് റിക്രൂട്ട്‌മെന്റിനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങൾ മുന്നാക്ക സമുദായത്തിന് അനുകൂലമാണ്. മുന്നാക്ക സമുദായങ്ങൾ മൊത്തം ജനസംഖ്യയുടെ 15 ശതമാനം മാത്രമാണെങ്കിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 10 ശതമാനം സീറ്റുകൾ ആ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
പാർട്ടിയിൽ ചേരാൻ സഭയെ തള്ളിപ്പറയേണ്ടിവരുമെന്ന് ക്രിസ്ത്യൻ സമുദായ നേതാക്കളോട് സിപിഎം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ, അതേ പാർട്ടിയുടെ നേതാക്കൾ ബിഷപ്പുമാരെയും വൈദികരെയും കാണാൻ കാത്തിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാഷ്ട്രീയ പാർട്ടികൾ ഈഴവ യുവാക്കളെ തങ്ങളുടെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാനും അവര രക്തസാക്ഷികളാക്കാനുമാണ് ആഗ്രഹിക്കുന്നത് എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം 2026 ലും എൽ ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് താൻ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഭാഗ്യം അനുദിനം കുറഞ്ഞുവരികയാണ്. വിഭാഗീയത കോൺഗ്രസിന്റെ വോട്ട് അടിത്തറ തകർത്തു. ക്രിസ്ത്യൻ, മുസ്ലിം വോട്ടർമാർ സിപിഐ എമ്മിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു. ഈഴവർ സിപിഐ എമ്മിന് വോട്ട് ചെയ്യുന്നത് തുടരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് പൂർണമായും മുസ്ലിം ലീഗിനെയാണ് ആശ്രയിക്കുന്നത്, എന്നാൽ ലീഗ് പോലും ശിഥിലമാകുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്ല സ്വാധീനം ഉണ്ടായിരുന്നെങ്കിലും കടുത്ത നിലപാടുകളുടെ സ്വാധീനം പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ സ്ഥാനം ദുർബലപ്പെടുത്തി എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
നേരത്തെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശിവഗിരി സന്ദർശിച്ചപ്പോൾ കോൺഗ്രസിൽ ഈഴവ പ്രാതിനിധ്യം കുറവാണെന്ന് ശ്രീനാരായണഗുരു ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. 28 ശതമാനം ശ്രീ നാരായണീയർ ഉണ്ടായിട്ടും ഒരു എംഎൽഎ മാത്രമാണുള്ളതെന്ന അതൃപ്തി സച്ചിദാനന്ദ രാഹുൽ ഗാന്ധിയെ അറിയിക്കുകയുണ്ടായി. ശിവഗിരിയും പിണറായി സർക്കാറിനെ പുകഴ്‌ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ഈഴവ സമൂഹം ഇടതു മുന്നണിക്ക് വോട്ടു ചെയ്യുന്നത് തുടരുമെന്ന് വെള്ളാപ്പള്ളിയും വ്യക്തിമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ