- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാചക വാതക ലോറി അതിവേഗം പാഞ്ഞുകയറി മറിഞ്ഞത് ജനവാസ മേഖലയിൽ; ഡ്രൈവറുടെ മദ്യപാനും അപകടമായി; എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് അടിച്ചതു കാരണം ടാങ്കറിന് നിയന്ത്രണം നഷ്ടമായതിന് പിന്നിൽ ഡ്രൈവറുടെ വെള്ളമടി; ഗ്യാസ് ചോർച്ചയില്ലാത്തത് ഭാഗ്യമായി; കണ്ണൂരിൽ വീണ്ടും ടാങ്കർ മറിയുമ്പോൾ
കണ്ണൂർ: ദേശീയപാതയിൽ ഏഴിലോട് ചക്ളിയ കോളനി സ്റ്റോപ്പിനു സമീപം ജനവാസ കേന്ദ്രത്തിൽ നിയന്ത്രണം വിട്ടു പാചക വാതക ലോറി മറിഞ്ഞ സംഭവത്തിൽ ടാങ്കർ ഡ്രൈവർ മദ്യപിച്ചിരുന്നതയി സൂചന. ഇതു കാരണം ടാങ്കർ നിയന്ത്രണം വിട്ടതെന്നാണ് അഗ്നിശമന സേന നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.
അപകടത്തിൽ പരുക്കേറ്റ ഡ്രൈവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മെഡിക്കൽ റിപ്പോർട്ടു കിട്ടിയാൽ അനന്തര നടപടികൾ സ്വീകരിക്കാനാണ് പരിയാരം പൊലിസിന്റെ തീരുമാനം. അപകടത്തെ തുടർന്ന് ഈറൂട്ടിലെ വാഹനങ്ങൾ ഇന്ന് പുലർച്ചെ മുതൽ തിരിച്ചുവിട്ടു. തളിപറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പിലാത്തറയിൽ നിന്നും മാതമംഗലം മാത്തിൽ വഴിയും വളപട്ടണം, കണ്ണപുരം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പഴയങ്ങാടി-വെങ്ങര-മുട്ടം-പാലക്കോട്-രാമന്തളി-പയ്യന്നൂർ വഴിയും പയ്യന്നൂർ ഭാഗത്തു നിന്നും വരു വാഹനങ്ങൾ എടാട്ട് -കൊവ്വപ്പുറം-ഹനുമാരമ്പലം- കെ. എസ്. ടി.പി റോഡുവഴിയമാണ് തിരിച്ചുവിട്ടത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്കാണ് ടാങ്കർ തെന്നി വീണത്. മംഗ്ളൂരിൽ നിന്നും കോഴിക്കോട്ടേക്ക് ഇൻഡെയ്ൻ എൽ.പി ഗ്യാസുമായി പോവുകയായിരുന്നു ടാങ്കർ. റോഡുപണി നടക്കുന്നതിനാൽ രണ്ടുവാഹനങ്ങൾക്ക് മാത്രം കടന്നു പോകാൻ മാത്രം സൗകര്യമുള്ള റോഡിൽ എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈൻ കാരണം മുൻവശം തെളിയാതെ അരികിലേക്ക് എടുത്ത ലോറിമറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചത് അപകടമായി മാറുകയും ചെയ്തു. റോഡരികിലെ സുരക്ഷാ വേലികൾ തകർത്താണ് ലോറി കുഴിയിലേക്ക് മറിഞ്ഞത്.
ഇതുകാരണം ലോറിയിൽ നിന്നും ഡീസൽ ചോർന്നിരുന്നു. പയ്യന്നൂരിൽ നിന്ന് അഗ്നി രക്ഷാ സേനയും പരിയാരം പൊലിസും സ്ഥലത്തെത്തി ചോർച്ചയടച്ചു സുരക്ഷ ഉറപ്പാക്കി. സ്ഥലത്ത് ഇന്ന് രാവിലെ മുതൽ അഗ്നി ശമന സേന രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഗ്യാസ് ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കുമെന്നു ജില്ലാകലക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു.സംഭവ സ്ഥലത്ത് ഐ.ഒ.സി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഗ്യാസ് ചോർച്ചയില്ലെന്നു ഉറപ്പിച്ചാൽ ക്രെയിൻ ഉപയോഗിച്ചു ടാങ്കർ നിവർത്തി മറ്റൊരു കാബനിൽ ഘടിപ്പിച്ചു കൊണ്ടു പോകാനാണ് തീരുമാനം.
ടാങ്കർ ലോറി മറിഞ്ഞ സ്ഥലത്ത് പയ്യന്നൂർ അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ ടി.കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കോഴിക്കോട് നിന്നും മംഗലാപുരത്തുനിന്നും എത്തിയ സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനാണ് തീരുമാനം ഈ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
ഏകദേശം എട്ട് മണിക്കൂറാണ് ഇതിന് വേണ്ടിവരുന്ന സമയമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ പറയുന്നു.മൂന്ന് ബുള്ളറ്റ് ടാങ്കറുളാണ് മറിഞ്ഞ ടാങ്കറിൽ നിന്നും പാചകവാതകം നീക്കം ചെയ്യുന്ന പ്രവൃത്തിക്കായി കൊണ്ടുവന്നിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ