ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പുകളും ആസന്നമായി പശ്ചാത്തലത്തിൽ ജനകീയ വഴിയിൽ നീങ്ങാൻ കേന്ദ്രസർക്കാർ. ഇത്രയും കാലം ഉയർന്നു നിന്ന പാചകവാതക സിലിണ്ടർ വില കുറയ്ക്കാനുള്ള വഴികൾ തേടുകായാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി ഉജ്വല പദ്ധതിയുടെ ഭാഗമായുള്ള പാചകവാതക ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സബ്‌സിഡി 200ൽനിന്ന് 300 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതോടെ, രാജ്യത്തെ 10 കോടി ഉപഭോക്താക്കൾക്കു പാചകവാതക സിലിണ്ടറിന് 100 രൂപ കുറയും. കഴിഞ്ഞ ദിവസം വില കുറച്ചതുകൂടി പരിഗണിക്കുമ്പോൾ ഉജ്വല ഉപഭോക്താക്കൾക്ക് 600 രൂപ നിരക്കിലാകും സിലിണ്ടർ ലഭ്യമാകുക. പൊതുവിപണിയിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 900 രൂപയാണ് വില.

അടുത്തിടെ രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. 209 രൂപയാണ് വർധന. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയതുമില്ല. കഴിഞ്ഞ രണ്ട് തവണയും വിലയിൽ കുറവ് ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർധനവ് ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് സിലിണ്ടറിന്റെ വില കൂട്ടിയത്. എന്നാൽ ഉജ്വൽ യോജനയുടെ ഭാഗമായി കൂടുതൽ തുക കണ്ടെത്താനാണ് സിലിണ്ടർ വില വർധിപ്പിച്ചതെന്നാണ് എണ്ണ കമ്പനികൾ അനൗദ്യോഗികമായി നൽകുന്ന വിവരം.

ഇതിനു പുറമേ, തെലങ്കാനയിൽ കേന്ദ്ര ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായി 2009ലെ സെൻട്രൽ യൂണിവേഴ്‌സിറ്റി ആക്ട് ഭേദഗതി ചെയ്യും. ഏതാണ്ട് 889 കോടി രൂപയാണ് ട്രൈബൽ യൂണിവേഴ്‌സിറ്റി യാഥാർഥ്യമാകാൻ ചെലവു പ്രതീക്ഷിക്കുന്നത്. ഗോത്ര ദേവതകളായ സമാക്ക, സറാക്ക എന്നിവരുടെ പേരിലാകും ഈ യൂണിവേഴ്‌സിറ്റി അറിയപ്പെടുക. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയിൽ അതുകൂടി ഉന്നമിട്ടാണ് കേന്ദ്രസർക്കാർ നീക്കം.

ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. മഞ്ഞൾ കർഷകരെ സംബന്ധിച്ച് ഏറെ നിർണായകമായ നീക്കമാണിത്. ദേശീയ തലത്തിൽ മഞ്ഞളിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതിനൊപ്പം കയറ്റുമതി രംഗത്തും വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങും.