തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പി.എസ്.സി യെ നോക്കുകുത്തിയാക്കുന്ന ഉത്തരവുമായി സർക്കാർ.ഭരണസമിതിക്ക് ഇഷ്ടമുള്ളവരെ തസ്തികകളിലേക്ക് തിരുകി കയറ്റാൻ പാകത്തിനാണ് പുതിയ ഉത്തരവുമായി സർക്കാർ എത്തിയിരിക്കുന്നത്.പഞ്ചായത്തുകളിൽ അസി:എൻജിനീയർ,ഓവർസിയർ തസ്തികകളിൽ താത്കാലിക നിയമനം നടത്താമെന്ന ഉത്തരവാണ് തദ്ദേശ ഭരണ വപുപ്പിന്റേതായി പുറത്ത് വന്നിരിക്കുന്നത്.ഈ മാസം 20 ന് തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച പി.ഡി.എൽ.എ.എസ്.ജി.ഡി/1241/2022 എന്ന ഉത്തരവിലാണ് ഭരണസമിതികൾക്ക് നിയമനത്തിനുള്ള അധികാരം നൽകുന്നത്.

പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച അസി: എൻജിനീയർ,ഓവർസിയർ എന്നിവരെ കരാറടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണസമിതികൾക്ക് നിയമിക്കാമെന്നും ഇവർക്ക് ശമ്പളത്തിന് പുറമേ ഓണറേറിയവും നൽകാമെന്നും ഉത്തരവിൽ പറയുന്നു.പി.എസ്.സി വഴി നിയമനം ലഭിക്കുന്നവർ വരുന്നതുവരെ തുടരാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അസി.എൻജിനീയർമാരുടെ പി.എസ്.സി റാങ്ക് പട്ടിക കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്നതാണ്.മെയിൻ പട്ടികയിൽ 727 പേരാണുള്ളത്.ഇതിൽ 96 പേർക്ക്(ഓപ്പൺ കാറ്റഗറി) മാത്രമാണ് നിയമന ശുപാർശ നൽകിയത്.ഓവർസിയർമാരുടെ ഗ്രേഡ് ഒന്ന്,രണ്ട്,മൂന്ന് തസ്തികകളുടെ റാങ്ക് പട്ടികകൾ ജൂലായിലും ജൂണിലും ഓഗസ്റ്റിലും നിലവിൽ വന്നു.ഇതിൽ നിന്നും ഓപ്പൺ കാറ്റഗറിയിൽ യഥാക്രമം 88,119,80 എന്നിങ്ങനെ നിയമന ശുപാർശയും നൽകി.

ഈ രണ്ട് തസ്തികകളിലേക്കും പി.എസ്.സിയിൽ നിന്ന് നിയമന ശുപാർശകൾ നൽകിക്കൊണ്ടിരിക്കുമ്പോൾ താത്ക്കാലിക നിയമനം നടത്താമെന്ന ഉത്തരവിറക്കിയതോടെ ആശങ്കയിലാണ് റാങ്ക് പട്ടികയിലുള്ളവർ.ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പട്ടികയിലുള്ളവരുടെ നീക്കം.