ന്യൂഡൽഹി: റിട്ട. ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ പുതിയ സംയുക്ത സൈനിക മേധാവി. ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച് 9മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പിൻഗാമിയെ കേന്ദ്രം തെരഞ്ഞെടുത്തിരിക്കുന്നത്. കരസേനയുടെ കിഴക്കൻ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്ന അനിൽ ചൗഹാൻ, കഴിഞ്ഞ വർഷമാണ് സൈന്യത്തിൽനിന്ന് വിരമിച്ചത്.

കരസേനയുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ആയും അനിൽ ചൗഹാന് പ്രവർത്തനപരിചയമുണ്ട്. നാഗാലാൻഡിലെ ദിമാപുർ ആസ്ഥാനമായുള്ള സേനാ കമാൻഡ് (സ്പിയർ കോർ) മേധാവിയുമായിരുന്നു. സൈനിക സേവനത്തിലെ മികവിനു അദ്ദേഹത്തിനു കീർത്തിചക്ര നൽകിയിരുന്നു. കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.

കൊൽക്കത്ത സ്വദേശിയാണ് ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ. ഇന്ത്യയുടെ ശക്തിദുർഗമായ 11 ഗൂർഖ റൈഫിൾസിന്റെ നായകനും അദേഹമായിരുന്നു. പിന്നീട് മനോജ് മുകുന്ദ് നരവനെയുടെ പിൻഗാമിയായി ഈസ്റ്റേൺ കമാൻഡിനെ നയിച്ചു. തുടർന്ന് 2021 മെയ് 31ന് സൈന്യത്തിൽ നിന്നു വിരമിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ തമിഴ്‌നാട്ടിൽ കുനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേരാണ് മരിച്ചത്. കരവ്യോമനാവിക സേനകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് 2020ജനുവരിയിലാണ് ബിപിൻ റാവത്തിനെ രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്.