- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക കെട്ടിടങ്ങളുടെ ഭാഗങ്ങൾ അടുത്ത ബന്ധുക്കളുടെ പേരിൽ എഴുതി ആഡംബര നികുതിയിൽ നിന്ന് ഒഴിവായാൽ ഇനി പിടി വീഴും; അടുക്കളയും ഗ്യാസ് കണക്ഷനും വൈദ്യുത ബില്ലും പരിശോധിച്ച് താമസിക്കുന്നത് ഒരു കുടുംബമാണോ എന്ന് ഉറപ്പിക്കും; 3000 ചതുരശ്ര അടിയിൽ അധികമുള്ള വീടുകളെല്ലാം നിരീക്ഷണത്തിലാകും; ആഡംബര ടാക്‌സിൽ രണ്ടും കൽപ്പിച്ച് പിണറായി
തിരുവനന്തപുരം: ഒരു വീടിന് പല അവകാശികളെ ഉണ്ടാക്കി ആഡംബര ടാക്‌സിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കം ഇനി നടക്കില്ല. 1975ലെ കേരള ബിൽഡിങ് ടാക്‌സ് ആക്ട് അനുസരിച്ച് 1999 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ പൂർത്തിയാക്കിയ മൂവായിരം ചതുരശ്രയടി വരുന്നതോ (278.7 ചതുരശ്ര മീറ്റർ) അതിലും ഏറെയോ വിസ്തീർണം ഉള്ള കെട്ടിടങ്ങൾക്കാണ് വർഷം തോറും റവന്യു വകുപ്പ് ആഡംബര നികുതി ഈടാക്കുന്നത്. അടിത്തറ വിസ്തീർണം (പ്ലിന്ത് ഏരിയ) പ്രകാരം 5000 രൂപ മുതൽ 12,500 രൂപ വരെ വിവിധ ആഡംബര നികുതി സ്ലാബുകൾ ഉണ്ട്.
ഇതിൽ നിന്നും രക്ഷപ്പെടാൻ ഒരു വീടിന്റെ പല ഭാഗങ്ങൾ കുടുംബത്തിലെ തന്നെ പലരുടെ പേരിലാക്കും. ഇതിലൂടെ പല വീട്ടു നമ്പരും കിട്ടും. ഇതോടെ വിസ്ത്രീർണ്ണം പലരുടെ പേരിലായി ഭാഗിക്കപ്പെടും. അങ്ങനെ വലിയ വീട്ടിൽ താമസിക്കുന്നവർക്ക് ആഡംബര നികുതി ഒഴിവാക്കാം. ഇത് കുതന്ത്രമാണ്. ഇത് കണ്ടു പിടിക്കാനും നടപടി എടുക്കാനുമാണ് സർക്കാർ ശ്രമം. ഖജനാവിലെ പ്രതിസന്ധി തിരിച്ചറിഞ്ഞാണ് ഈ നടപടി. വീടും ഫ്‌ളാറ്റും ഉൾപ്പെടെയുള്ള ഗാർഹിക കെട്ടിടങ്ങളുടെ ഭാഗങ്ങൾ അടുത്ത ബന്ധുക്കളുടെ പേരിൽ എഴുതിവച്ച് ആഡംബര നികുതിയിൽ നിന്ന് ഒഴിവാകാനുള്ള നീക്കങ്ങൾക്കു റവന്യു വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.
ഇതിനായി അടുക്കളയും ഗ്യാസ് കണക്ഷനും വാട്ടർ, വൈദ്യുതി ബില്ലുകളും വരെ ഇനി പരിശോധിക്കും. നികുതിയിളവ് ലഭിക്കുന്നതിനായി കെട്ടിടങ്ങൾ ധനനിശ്ചയ ആധാര പ്രകാരം അടുത്ത ബന്ധുക്കളുടെ പേരിലേക്കു കൈമാറ്റം ചെയ്യുന്ന പ്രവണത വർധിച്ചതിനാൽ നികുതി വരുമാനം കുറയുന്നുവെന്നു വിലയിരുത്തിയാണു നിയന്ത്രണങ്ങൾ. കെട്ടിടങ്ങൾ വിവിധ ഭാഗങ്ങളാക്കി വെവ്വേറെ നികുതി നിർണയം നടത്തണമെന്ന അപേക്ഷകൾ സർക്കാരിലേക്കു റഫർ ചെയ്യാനാണു നിർദ്ദേശം. ഓരോ കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം പരിശോധിക്കാൻ അംഗീകൃത പ്ലാൻ, പഞ്ചായത്തിൽ നിന്നോ നഗരസഭയിൽ നിന്നോ ലഭിച്ച കെട്ടിട നിർമ്മാണ പെർമിറ്റ്, ഒക്യുപൻസി സർട്ടിഫിക്കറ്റ്, ധനനിശ്ചയ ആധാരം എന്നിവയുടെ പകർപ്പ് ഇനി വീട്ടുടമ ഹാജരാക്കണം.
നിയമപരമായി ഉടമസ്ഥത കൈമാറിയാലും യഥാർഥത്തിൽ കെട്ടിടങ്ങളുടെ രണ്ടു ഭാഗങ്ങളിലായി കഴിയുന്നുണ്ടോ എന്നു പരിശോധിക്കാൻ റേഷൻ കാർഡിന്റെ പകർപ്പ്, കഴിഞ്ഞ 3 മാസത്തെ പാചകവാതക ബില്ല്, വൈദ്യുതി വാട്ടർ കണക്ഷന്റെ വിശദാംശങ്ങൾ എന്നിവ സമർപ്പിക്കണം. ഓരോ കെട്ടിടത്തിനും പ്രത്യേകം അടുക്കള, രണ്ടു നിലകൾക്കും പ്രത്യേകം പ്രവേശന കവാടം എന്നിവ ഉണ്ടോ എന്നും ഉടമകൾക്കു സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതാണോ എന്നുമുള്ള സ്ഥലപരിശോധന റിപ്പോർട്ട് ഫൊട്ടോഗ്രാഫ് അടക്കം നൽകണമെന്നും റവന്യു വകുപ്പിലെ സ്‌പെഷൽ സെൽ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കി. ഇതോടെ ഒരു വീടിന് പല അവകാശികളെ ഉണ്ടാക്കി നികുതി വെട്ടിപ്പ് നടത്താൻ കഴിയാത്ത സാഹചര്യം വരും.
വലിയ വീടുകൾക്ക് ആഡംബര നികുതി അടക്കേണ്ടി വരുന്നത് പലർക്കും ദുരിതമാകുന്നുണ്ടെന്ന വാദവും സജീവമാണ്. നല്ല ധനസ്ഥിതി ഉള്ളപ്പോൾ പ്രവാസികളടക്കം വലിയ വീടുകൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അവരുടെ അവസ്ഥ വളരെ മോശമാണ്. സ്ഥിരമായി ആഡംബര നികുതി അടക്കേണ്ടി വരുന്നത് ഇവരിൽ പലർക്കും ദുരിതമാകുന്നുണ്ട്. അച്ഛൻ നിർമ്മിച്ച വലിയ വീടുകൾ ഇളയ മക്കൾക്ക് പിൽകാലത്ത് ലഭിക്കുകയും അവർ ആഡംബര നികുതി അടക്കാൻ പ്രയാസപ്പെടുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്.
വാഹന നികുതി മാതൃകയിൽ ആഡംബര നികുതി ഒറ്റതവണയായി ക്രമപ്പെടുത്തിയാൽ ഈ ബാധ്യത മറ്റുള്ളവരിലേക്ക് വരുന്നത് ഒഴിവാക്കാനാകുമെന്നും ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇത് സർക്കാർ പരിഗണിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ