ആലപ്പുഴ: അടുത്തിടെ മലയാളികളെ ഞെട്ടിച്ച സംഭവമാണ് ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം പ്രവാസി യുവാവ് ജീവനൊടുക്കിയത്. ഭാര്യയും, ഭാര്യ വീട്ടുകാരുമായി അസ്വാരസ്യത്തിലായിരുന്നു കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജുരാജു (40). ന്യൂസിലൻഡിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. കായംകുളത്ത് ബോയ്സ് സ്‌കൂളിന് സമീപത്തെ ലോഡ്ജിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും ഭാര്യവീട്ടുകാരും തന്നെ ചതിച്ചെന്നും താൻ ജീവനൊടുക്കാൻ പോവുകയാണെന്നും നേരത്തെ ബൈജുരാജു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു. മരണാനന്തര ചടങ്ങുകളിൽ മകൾ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നെങ്കിലും, ഒടുവിൽ പങ്കെടുത്തത് ആശ്വാസമായിരുന്നു. ബൈജു രാജുവിന്റെ മരണാന്തര ചടങ്ങുകളിൽ പങ്കെടുത്ത നടനും സംവിധായകനുമായ എം.ബി. പത്മകുമാറാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ വിഡിയോയിൽ പകർത്തിയതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും. ജീവനൊടുക്കും മുമ്പ് ബൈജു രാജു തനിക്ക് അയച്ച ആത്മഹത്യാ കുറിപ്പിന്റെ വിശദാംശങ്ങളും, പത്മകുമാർ ഇന്ന് പുറത്തുവിട്ടു.

ഭാര്യ ചതിച്ചെന്നും ഭാര്യവീട്ടുകാർ പണം കൈക്കലാക്കി തന്നെ വഞ്ചിച്ചെന്നും മകളെ തന്നിൽ നിന്ന് അകറ്റിയെന്നുമാണ് ബൈജുരാജ് ആരോപിച്ചത്. 'ഇനി പറ്റുന്നില്ല. ജീവിതത്തിൽ അർഥമില്ല. അവസാന പ്രതീക്ഷ മകളായിരുന്നു. ജീവിതത്തിൽ ഒത്തിരി കാര്യങ്ങൾ ആഗ്രഹിച്ചു. നല്ലൊരു കുടുംബം, നല്ലൊരു വീട്. ഒടുവിൽ സ്വന്തം കൂടെനിൽക്കുന്ന ആൾക്കാർ തന്നെ ചതിച്ചു. മകളെ തന്റെ കൈയിൽനിന്ന് തട്ടിപ്പറിച്ചു. കല്യാണം തുടങ്ങിയത് തന്നെ ചതിയോടെയായിരുന്നു' ബൈജുരാജ് അവസാനം പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

'ഏറ്റവും ഉറ്റവർ വഞ്ചിക്കുമ്പോൾ നിങ്ങൾ നിസ്സഹായരാകും. എന്റെ മനസമാധാനം തകർന്നു. ജീവിതത്തിന് അർത്ഥമില്ലാതായി. എന്റെ ഭാര്യയും, ഭാര്യ വീട്ടുകാരും, ഭാര്യയുടെ സുഹൃത്തും ചേർന്ന് എന്റെ സ്വപ്നങ്ങളും, പ്രതീക്ഷകളും തകർത്തു. എന്റെ അതിജീവനത്തിന് അവസാന പ്രതീക്ഷയായിരുന്ന മകളെ എന്നിൽ നിന്നകറ്റി. അച്ഛനെന്ന നിലയിൽ അവളുടെ പഠിത്തം, പള്ളിക്കാര്യം, ബൈബിൾ വായന, പ്രാർത്ഥന, നൃത്ത പഠനം, വയലിൻ ക്ലാസ് ഇതിലെല്ലാം ഇടപെട്ട് പ്രവർത്തിച്ചിരുന്ന ഞാൻ ആകെ തകർന്നുപോയി. എന്റെ മകളുടെ ഭാവിയെ കുറിച്ച് ഒരു പാട് പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എന്റെ ഭാവി ജീവിതം മകളുടെ കണ്ണിലൂടെ കാണണമെന്നാണ് ആശിച്ചത്. കുടുംബത്തിൽ എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ കഴിയണമെന്നാണ് ആഗ്രഹമെന്ന് മകൾ പറയുമായിരുന്നു'- ബൈജു രാജുവിന്റെ ആത്മഹത്യാ കുറിപ്പിലെ വാചകങ്ങളാണിത്.

ജീവിച്ചുമതിയായെന്ന് ബൈജു

താൻ ഡിസംബറിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി ബൈജു രാജു ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ, അപ്പോഴും, ജീവിതം തുടരാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഭാര്യയും, വീട്ടുകാരും, വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 16 ന് വക്കീൽ നോട്ടീസ് അയച്ചതോടെ, വീണ്ടും ആത്മഹത്യ ചെയ്യാനുള്ള തോന്നൽ ഉണ്ടായി. ഉറക്കമില്ലാത്ത രാത്രികളും, മനോവേദനയും ഇനി താങ്ങാൻ ആവില്ലെന്നും പറഞ്ഞു കൊണ്ടാണ്് ബൈജുരാജു കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം, വീഡിയോ ബൈജു രാജു പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞിരുന്നു. ഒരുവിഭാഗം ബൈജുരാജുവിന് ഒപ്പം നിലകൊണ്ടപ്പോൾ, ബൈജു രാജു ഭാര്യയെ ചോദ്യം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തത് ശരിയായില്ലെന്നും, ടോക്സിക് ഭർത്താവാണെന്നും ഒക്കെ മറുവിഭാഗം വിമർശിച്ചിരുന്നു. എന്തായാലും പൊലിഞ്ഞത് ഒരു ജീവനാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല താനും.

ബൈജു രാജുവിന്റെ ആത്മഹത്യാ കുറിപ്പ് പത്മകുമാർ തന്റെ മകൾക്കൊപ്പം വിശകലനം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത് പോലെ ഈ കുടുംബത്തിലെ ആരാണ് തെറ്റു ചെയ്തത് എന്ന ചോദ്യത്തിന് ബൈജുവിനെയോ ഭാര്യയെയോ തെറ്റുകാരായി കാണാനാവില്ല എന്ന് പത്മകുമാർ വിലയിരുത്തുന്നു.

''എനിക്ക് അറിയാത്ത ഒരാൾ അവസാനമായി അയച്ച കുറിപ്പ് കണ്ടു ദുഃഖം തോന്നിയതുകൊണ്ടാണ് ബൈജുവിന്റെ സംസ്‌കാര ചടങ്ങുകൾക്ക് പോയി വിഡിയോ പങ്കുവച്ചത്. ബൈജു അദ്ദേഹത്തിന്റെ ഭാര്യയെ ഒരുപാട് ഉപദ്രവിച്ചിരുന്നു എന്നൊക്കെ സംസ്‌കാര ചടങ്ങിന്റെ വിഡിയോ പങ്കുവച്ചതിനു ശേഷം ആളുകൾ കമന്റിടുന്നുണ്ട്. പക്ഷേ ബൈജു പങ്കുവച്ച ഇമെയിലുകളിൽ അവർ ന്യൂസീലൻഡിൽ സന്തോഷകരമായി താമസിച്ചതിന്റെ തെളിവുകൾ അദ്ദേഹം അയച്ചിട്ടുണ്ട്. മകളും കുടുംബവുമായി നന്നായി ജീവിക്കുമ്പോഴാണ് ആരുടെയൊക്കെയോ ഇടപെടലുകൾ കൊണ്ട് ബൈജുവിന്റെ കുടുംബത്തിൽ അസ്വാരസ്യമുണ്ടാവുന്നത് എന്ന് ബൈജുവിന്റെ മെയിലിൽ പറയുന്നു. ബൈജു ശാരീരികമായി ഒരുപാട് ഉപദ്രവിച്ചു എന്നുപറഞ്ഞാണ് ന്യൂസീലൻഡ് പൊലീസിൽ ബൈജുവിന്റെ ഭാര്യ കേസ് കൊടുത്തത്. പക്ഷേ ബൈജു അയച്ച മെയിലിൽ പൊലീസിന്റെ സാക്ഷ്യപ്പെടുത്തൽ പങ്കുവച്ചിട്ടുണ്ട്. അതിൽ പറഞ്ഞത് ബൈജുവിന്റെ ഭാര്യയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ്.

ഭാര്യയുടെ ശരീരത്തിൽ ഉപദ്രവിച്ചതിന്റെ ഒരു തെളിവും ഇല്ല എന്നാണു പൊലീസ് സാക്ഷ്യപ്പെടുത്തുന്നത്. ബൈജു അയച്ച ചാറ്റ് ഹിസ്റ്ററിയിൽനിന്നു മനസ്സിലായത് ബൈജു തെറ്റിദ്ധരിക്കത്തക്ക വിധത്തിൽ ഭാര്യ തെറ്റു ചെയ്തിട്ടില്ല എന്നാണ്. ഒരു പ്രശ്‌നമുണ്ടായപ്പോൾ ബൈജുവിനെ പിന്തുണയ്ക്കാൻ ആരുമില്ലായിരുന്നു. പക്ഷേ ഭാര്യയ്ക്ക് പിന്തുണയായി ഭാര്യയുടെ കുടുംബമുണ്ടായിരുന്നു. മകളെ കാണാതെ ബൈജു അനുഭവിച്ച ശ്വാസംമുട്ടൽ വളരെ വലുതായിരുന്നു അതിലും വലിയ ശ്വാസംമുട്ടൽ വേറെ ഇല്ല എന്നു തോന്നിയിട്ടാണ് ബൈജു സ്വന്തം ശ്വാസം ഉപേക്ഷിച്ചത്. മകളെ കാണാതിരിക്കുന്ന അച്ഛൻ അനുഭവിക്കുന്ന മാനസിക സംഘർഷം ഒരു സ്ത്രീക്കും മനസ്സിലാകില്ല. അതുപോലെ അമ്മ അനുഭവിക്കുന്ന വേദന ഒരു പുരുഷനും മനസ്സിലാകില്ല. മനുഷ്യർ അങ്ങനെയാണ്. ഇക്കാര്യത്തിൽ ബൈജുവോ ഭാര്യയോ തെറ്റുകാരല്ല. മറിച്ച് പുറത്തുനിന്ന് ആരൊക്കെയോ ഇടപെട്ടാണ് ആ കുടുംബം തകർത്തതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കുടുംബബന്ധവും തകർക്കാൻ ആരും ശ്രമിക്കരുത്. ബൈജു എത്രമാത്രം ശുദ്ധനാണെന്ന് ഇമെയിലിന്റെ അടിക്കുറിപ്പിൽ അദ്ദേഹം എഴുതിയ ആത്മഹത്യക്കുറിപ്പ് വായിച്ചാൽ മനസ്സിലാകും. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.''പത്മകുമാർ പറയുന്നു.

അവസാനമായി ബൈജുവിന് അന്ത്യചുംബനം നൽകാൻ മകളെ എത്തിക്കണമെന്ന ആഗ്രഹം ബൈജുവിന്റെ പിതാവ് പ്രകടിപ്പിച്ചിരുന്നെങ്കിലും അതിന് ബൈജുവിന്റെ ഭാര്യാ കുടുംബം ആദ്യം വഴങ്ങിയില്ല. മകളെ എത്തിക്കില്ല എന്ന വാശിയിലായിരുന്നു അവർ. എന്നാൽ പുരുഷന്മാരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന മെൻസ് റൈറ്റ്സ് ഫൗണ്ടേഷനാണ് മകളെ മരണാനന്തര ചടങ്ങുകളിൽ പങ്കുകൊള്ളിക്കാൻ എത്തിക്കാൻ വേണ്ട നടപടികൾ ചെയ്തത്. നാടകീയ സംഭവങ്ങളാണ് ബൈജുവിന്റെ സംസ്‌കാര ദിനത്തിൽ സംഭവിച്ചത്.

ബൈജുവിന്റെ മകളെ കൊണ്ടു വരില്ലെന്നായിരുന്നു പൊതു ധാരണ. എന്നാൽ പൊലീസും ബാലാവകാശ കമ്മീഷനും ഇക്കാര്യത്തിൽ ഉറച്ച നിലപാട് എടുത്തു. മെൻസ് റൈറ്റ്സ് ഫൗണ്ടേഷനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഈ സമ്മർദ്ദം ഫലം കണ്ടു. ഒടുവിൽ പള്ളിയിൽ കുട്ടിയെ എത്തിച്ചു. എന്നാൽ വീഡിയോ എടുക്കാനോ ഒന്നും ആരേയും അനുവദിച്ചില്ല. ബൈജുവിന്റെ ഭാര്യ വീട്ടുകാർ ഒരുക്കിയ കവച്ചത്തിൽ ആ കുട്ടി അച്ഛനെ കണ്ടു മടങ്ങി. അവസാന മുത്തവും നൽകി.

ആരോപണങ്ങളുമായി ബൈജുവിന്റെ പിതാവ്

ന്യൂസിലാൻഡിൽ ആദ്യം പോയത് ബൈജുവിന്റെ ഭാര്യയാണെന്ന് പിതാവ് രാജു പറഞ്ഞു. രണ്ടുവർഷത്തിനുശേഷമാണ് മകൻ ന്യൂസിലാൻഡിൽ എത്തിയത്. ഇതിനിടയിൽ ബൈജുവിന്റെ ഭാര്യയും ടോജോ എന്നു പറയുന്ന വ്യക്തിയും തമ്മിൽ അരുതാത്ത ബന്ധങ്ങൾ ഉണ്ടാവുകയായിരുന്നു എന്നാണ് ആരോപണം. മകൻ ഇക്കാര്യം അറിയുകയും ഇതു സംബന്ധിച്ച് ഇവർ തമ്മിൽ സംസാരം ഉണ്ടാവുകയും ചെയ്തു. അവൻ അവിടെ എത്തി ഒന്നര വർഷത്തിനുശേഷം അവർ തമ്മിൽ പിണങ്ങി. മറ്റൊരാളുമായുള്ള ഭാര്യയുടെ ബന്ധം അവൻ അറിഞ്ഞതാണ് പിണക്കത്തിന് കാരണം. ഇതിന്റെ പേരിൽ വഴക്കും മറ്റു പ്രശ്നങ്ങളുമുണ്ടായി. ഇതിന്റെ പേരിൽ ഭാര്യയുടെ സഹോദരനുമായി മകൻ വഴക്കായി. തുടർന്ന് മകനെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ച് മടങ്ങി. പിന്നീട് ന്യൂസിലാൻഡിൽ ഇരുവരും രണ്ട് വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഇതിനിടയിൽ മകളോട് പറയാതെ മകന്റെ ഭാര്യ കുഞ്ഞുമായി നാട്ടിലേക്ക് വരികയായിരുന്നു. അപ്പോൾ ആ റൂമിലുണ്ടായിരുന്ന മകന്റെ സാധനങ്ങൾ മറ്റൊരാളെ ഏൽപ്പിച്ച് മകന്റെ കയ്യിൽ കൊടുക്കുവാൻ പറഞ്ഞിട്ടാണ് അവർ നാട്ടിലേക്ക് വന്നത്. കുഞ്ഞിനെയും കൊണ്ട് അവർ നാട്ടിലേക്ക് വന്നത് മകൻ അറിഞ്ഞില്ല. പിന്നീട് ഈ സാധനങ്ങൾ കയ്യിൽ കിട്ടിയപ്പോഴാണ് മകൻ ഇക്കാര്യം അറിയുന്നത്. ഇതിനു മുൻപ് മകന്റെ സമ്പാദ്യം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കി എന്നും പിതാവ് രാജു ആരോപിച്ചു. ഭാര്യയുടെ അമ്മ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഏജന്റ് ആയിരുന്നു. ഈ സ്ഥാപനത്തിലേക്ക് മകൻ 26 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു. എന്നാൽ ഈ സ്ഥാപനം പൊളിയുകയായിരുന്നു. മകന്റെ ആ പണം മുഴുവൻ നഷ്ടപ്പെട്ടു. വലിയ രീതിയിലുള്ള കമ്മീഷൻ കൈപ്പറ്റിക്കൊണ്ടാണ് മകന്റെ ഭാര്യയുടെ അമ്മ മകനെ ഈ കമ്പനിയിൽ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചത്. മകന്റെ ഭാര്യയുടെ സഹോദരന് നാട്ടിൽ പലിശയ്ക്ക് പണം നൽകുന്ന ഏർപ്പാട് ഉണ്ടായിരുന്നു. അതിനായി പലപ്പോഴും പണം വാങ്ങിയിരുന്നത് മകന്റെ കയ്യിൽ നിന്നാണ്. ആ പണവും നഷ്ടപ്പെട്ടു.

നാട്ടിലേക്ക് തിരിച്ചുവന്നശേഷം ന്യൂസിലാൻഡിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു ബൈജു രാജുവിന്. അവിടെ കേസും മറ്റുമായി പ്രശ്നങ്ങളായിരുന്നു. ന്യൂസിലാന്റിൽ നിന്നും നാട്ടിലെത്തിയ മകൻ വീട്ടിൽ വന്നില്ല. പകരം കായംകുളത്തെ ലോഡ്ജിൽ ആയിരുന്നു അവൻ താമസിച്ചിരുന്നത്. അവന്റെ അമ്മ മാനസിക പ്രശ്നങ്ങളുമായി ആശുപത്രിയിൽ കഴിഞ്ഞു വരികയാണ്. നാട്ടിലെത്തിയതിന് പിന്നാലെ മകൻ തന്നെയും കൂട്ടി അമ്മയെ ചികിത്സിക്കുന്ന ആശുപത്രിയിൽ എത്തിയിരുന്നു. അമ്മയെ അവിടെ ആജീവനാന്തം നോക്കുവാനുള്ള സൗകര്യങ്ങളൊക്കെ ചെയ്തിട്ടാണ് മകനും അച്ഛനും മടങ്ങിയത്. ഏകദേശം 3.5 ലക്ഷം രൂപ അവിടെ അന്ന് ഡെപ്പോസിറ്റ് ചെയ്തു. ഇതിൽ നിന്നെല്ലാം മകൻ ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്നും പിതാവ് രാജു പറഞ്ഞു.

മകനെ പലതവണ താൻ വീട്ടിലേക്ക് വിളിച്ചിരുന്നുവെങ്കിലും അവൻ വന്നില്ല. 24-ാം തീയതി തിരിച്ചു പോവുകയാണെന്ന് പറഞ്ഞു. എയർപോർട്ടിൽ താനും കൂടി വരാമെന്ന് പറഞ്ഞപ്പോൾ വേണ്ട എന്നാണ് അവൻ മറുപടി പറഞ്ഞത്. രാത്രിയിലാണ് താൻ പോകുന്നതെന്നും അച്ഛനും ബുദ്ധിമുട്ടാകുമെന്നും അവൻ പറഞ്ഞപ്പോൾ താൻ മറ്റൊന്നും കരുതിയില്ല. അവന്റെ മരണം നടന്നശേഷം ആറന്മുള പൊലീസ് സ്റ്റേഷനിൽ നിന്നും അവന്റെ ഭാര്യയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഭാര്യ ന്യൂസിലാൻഡിൽ ആണെന്ന് മറുപടിയാണ് വീട്ടിൽ നിന്നും ലഭിച്ചത്.

മകന്റെ ഭാര്യക്ക് ടോജോ എന്നു പറയുന്ന വ്യക്തിയുമായി ബന്ധം ഉണ്ടായിരുന്നു എന്ന് ന്യൂസിലൻഡിൽ എത്തിയപ്പോൾ മനസ്സിലായെങ്കിലും, എല്ലാം മറന്ന് ജീവിതം നന്നായി മുന്നോട്ടു പോകണം എന്നാണ് മകൻ ആഗ്രഹിച്ചിരുന്നതെന്നും അച്ഛൻ പറയുന്നു. ഈ ബന്ധം മുന്നോട്ട് നന്നായി പോകുന്നില്ലെന്ന് കണ്ട താൻ പലതവണ വിവാഹമോചനം നടത്താൻ ഉപദേശിച്ചിരുന്നു. എന്നാൽ തന്നെക്കൊണ്ട് അതിന് കഴിയില്ല എന്നാണ് അവൻ പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ട്, മാനസികമായി തകർന്ന്, ഇനി തിരിച്ചു വരാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് മകൻ ആത്മഹത്യ ചെയ്തതൊന്നും അച്ഛൻ പറയുന്നു. മകന്റെ ആത്മാവിന് നീതി വാങ്ങിക്കൊടുക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ഇതുമായി ബന്ധപ്പെട്ട് കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് തന്റെ തീരുമാനമെന്നും പിതാവ് രാജു ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞു.