പത്തനംതിട്ട: നാല്‍പ്പത്തിരണ്ടാം വയസില്‍ ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്‍ അകാല ചരമം അടയുമ്പോള്‍ അതിന് കാരണം പോലീസ് മര്‍ദനമാണെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെയും യൂത്ത് കോണ്‍ഗ്രസിലെയും ഒരു വിഭാഗം നേതാക്കള്‍. കോവിഡ് കാലത്തും അതിന് മുന്‍പും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ സമരം നയിക്കാന്‍ മുന്നില്‍ നിന്നത് കണ്ണനായിരുന്നു.

പോലീസിന്റെ മൃഗീയ മര്‍ദനമാണ് അന്ന് കണ്ണന് ഏല്‍ക്കേണ്ടി വന്നത്. പല തവണ ലാത്തിയടിയില്‍ കണ്ണന്റെ തലയ്ക്ക് മാരക പരുക്കേറ്റു. അതിന്റെ അനന്തരഫലമാണ് മരണ കാരണമെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. തലയ്ക്കുള്ളിലെ രക്തസ്രാവമാണ് കണ്ണന്റെ മരണത്തിന് കാരണമായത്. കണ്ണന്‍ പോലീസ് മര്‍ദനത്തിന്റെ ഇരയാണെന്ന് മുന്‍ ഡി.സി.സി സെക്രട്ടറി വി.ആര്‍. സോജി ഫേസ്ബുക്കില്‍ കുറിച്ചു. പോലീസിന്റെ ലാത്തിയടി കാരണം തലയ്ക്കേറ്റ പരുക്കാണ് ആന്തരിക രക്തസ്രാവത്തിന് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായം യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളും ഉന്നയിക്കുന്നുണ്ട്. കണ്ണന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ചെന്നീര്‍ക്കര പഞ്ചായത്തിലെ മാത്തൂര്‍ മേലേടത്ത് വീട്ടില്‍ മരംവെട്ട് തൊഴിലാളിയായ പിതാവ് ഗോപിയും കൂലിവേലക്കാരിയായ മാതാവ് ശാന്തമ്മയും ഏറെ കഷ്ടപ്പെട്ടാണ് കണ്ണനെ വളര്‍ത്തിയത്. മകന്‍ വലിയ ജോലിക്കാരനായാല്‍ കുടുംബം രക്ഷപ്പെടുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ബിരുദ പഠനത്തിന് ശേഷം കേബിള്‍ ടി.വി. ടെക്നീഷ്യനായും കുറേക്കാലം ജോലി ചെയ്തു. പിന്നെ ജനപ്രതിനിധിയുടെ റോളിലേക്ക് മാറി. അപ്പോഴും കണ്ണന് പത്രം ഏജന്‍സിയുണ്ടായിരുന്നു. അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ പത്ര വിതരണം കഴിഞ്ഞാണ് പ്രചാരണത്തിന് പോയത്. നിര്‍മാതാവ് എം. രഞ്ജിത്തിന്റെ പിതാവും മാത്തൂരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ഉണ്ണികൃഷ്ണന്‍ നായരാണ് കണ്ണനെ കോണ്‍ഗ്രസിലേക്ക് കൊണ്ടു വന്നത്. കണ്ണന്‍ പാര്‍ട്ടിക്കൊരു മുതല്‍ കൂട്ടാകുമെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു ഉണ്ണികൃഷ്ണന്‍ നായര്‍. അത് യാഥാര്‍ഥ്യമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

രണ്ടു തവണ വ്യത്യസ്ത ഡിവിഷനുകളില്‍ നിന്ന് ജില്ലാ പഞ്ചായത്തംഗം, ഒരു തവണ ഗ്രാമപഞ്ചായത്തംഗം, രണ്ടു തവണ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷന്‍, സമരമുഖങ്ങളിലെ നിറസാന്നിധ്യം എന്നിങ്ങനെ അടൂരിലെ നിയമസഭ സീറ്റില്‍ വരെ കണ്ണനെത്തി. സീറ്റ് കൊടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് കണ്ണന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ ചിറ്റയം ഗോപകുമാര്‍ 25460 വോട്ടിന് ജയിച്ച മണ്ഡലമാണ് അടൂര്‍. മുമ്പ് രണ്ടു തവണ ചിറ്റയത്തോട് ഏറ്റുമുട്ടി പരാജയം ഏറ്റു വാങ്ങിയത് പന്തളം, സുധാകരന്‍, കെ.കെ. ഷാജു എന്നിവരായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ നിന്ന് കണ്ണന്‍ പൊരുതി. ചിറ്റയത്തിന്റെ കാല്‍ലക്ഷം വോട്ട് ഭൂരിപക്ഷം വെറും 2919 ആക്കി കുറച്ചാണ് കണ്ണന്‍ തല്‍ക്കാലത്തേക്ക് പോര് അവസാനിപ്പിച്ചത്. കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം കുറച്ചു കൂടി ശ്രദ്ധ വച്ചിരുന്നുവെങ്കില്‍ കണ്ണന്‍ അട്ടിമറി വിജയം നേടുമായിരുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന ദൃഢനിശ്ചയത്തോടെ മണ്ഡലത്തില്‍ നിറഞ്ഞുള്ള പ്രവര്‍ത്തനത്തിലായിരുന്നു കണ്ണന്‍. എല്ലാ ദിവസവും മണ്ഡലത്തിന്റെ മുക്കും മൂലയിലും വിവിധ പരിപാടികള്‍ക്ക് കണ്ണന്‍ എത്തിയിരുന്നു. കഴിഞ്ഞ തവണ ജില്ലയില്‍ മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വലിയ വോട്ടിന്റെ മാര്‍ജിനില്‍ പരാജയപ്പെട്ടപ്പോള്‍ പൊരുതി തോല്‍ക്കുകയായിരുന്നു കണ്ണന്‍. അതു കൊണ്ട് തന്നെ ഇക്കുറി വീണ്ടും കണ്ണന്‍ സീറ്റ് ഉറപ്പിച്ചിരുന്നു. 2005 ല്‍ ചെന്നീര്‍ക്കര പഞ്ചായത്തംഗമായിട്ടാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ കണ്ണന്റെ കടന്നു വരവ്. 2010 ല്‍ മുന്‍ എം.എല്‍.എ പി.കെ. കുമാരനെ ജില്ലാ പഞ്ചായത്ത് ഇലന്തൂര്‍ ഡിവിഷനില്‍ അട്ടിമറിച്ചു കൊണ്ട് തന്റെ ജനപ്രീതി കണ്ണന്‍ തെളിയിച്ചു. 2015 ല്‍ സംവരണ ഡിവിഷന്‍ മാറിയതോടെ റാന്നിയിലാണ് കണ്ണന്‍ മത്സരിച്ചത്. അവിടെയും വിജയക്കൊടി നാട്ടി. 2021 ല്‍ അസംബ്ലിയിലേക്കും സീറ്റ് കിട്ടി.

മകന്‍ ശിവകിരണിന് ബാധിച്ച രക്താര്‍ബുദം ആയിരുന്നു കണ്ണന്റെ വലിയ വേദന. തെരഞ്ഞെടുപ്പ് തിരക്കിനിടെ മകനെയും തോളിലിട്ട് ആര്‍.സി.സിയില്‍ നില്‍ക്കുന്ന കണ്ണന്റെ ചിത്രം തീരാനൊമ്പരമായി. ക്രൂരമായ സൈബര്‍ ആക്രമണം കൊണ്ടാണ് എതിര്‍ പാര്‍ട്ടിക്കാര്‍ ഇതിനെ നേരിട്ടത്. കുറച്ചു പേരുടെ സഹായവും കടം വാങ്ങിയുള്ള ചികില്‍സയുമാണ് മകനെ ജീവിതത്തിലേക്ക് മടക്കി എത്തിച്ചതെന്ന് കണ്ണന്‍ എപ്പോഴും പറയുമായിരുന്നു.