- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കണം; നിര്‍ദേശവുമായി ഹൈക്കോടതി; നടപടി മകള്‍ ആശയുടെ പരാതിയില്‍; മറ്റൊരു മകള്‍ സുജാത മൃതദേഹം വിട്ടു കൊടുക്കാനുള്ള സമ്മതം പിന്‍വലിച്ചുവെന്നും വാദം
എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കണം
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി കേരളാ ഹൈക്കോടതി. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുനല്‍കാന്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.
മറ്റൊരു മകള്‍ സുജാത ഹിയറിങില്‍ മൃതദേഹം വിട്ടു കൊടുക്കാനുള്ള സമ്മതം പിന്‍വലിച്ചുവെന്ന് ആശ ലോറന്‍സ് പറഞ്ഞു. മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളേജ് സമിതിയുടെ തീരുമാനം മുന്‍ വിധിയോടെയാണെന്നും ലോറന്‍സ് കൊടുത്തുവെന്ന് പറയുന്ന സമ്മതത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇവര്‍ കോടതിയെ ധരിപ്പിച്ചു.
്അതേസമയം ഹിയറിങില്‍ അപാകതകളുണ്ടെന്ന് പറഞ്ഞ കോടതി മൃതദേഹം വീണ്ടും ഹര്‍ജി പരിഗണിക്കുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ വീണ്ടും ഹിയറിങ് നടത്താനാകുമോയെന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേക്കാള്‍ സീനിയറായ വ്യക്തിയെ ഉള്‍പ്പെടുത്തി ഹിയറിങ് നടത്തുന്ന കാര്യത്തിലാണ് നിലപാട് തേടിയിരിക്കുന്നത്.
ഹൈക്കോടതി നിര്‍ദേശിച്ച ഹിയറിങ് പ്രിന്‍സിപ്പല്‍ അട്ടിമറിച്ചെന്നും താന്‍ ഉന്നയിച്ച ലീഗല്‍ പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ലെന്നും തനിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടുവെന്നും ഹര്‍ജിയില്‍ ആശ ആരോപിച്ചിരുന്നു. മൂത്ത മകന്റെയും പാര്‍ട്ടിയുടെയും സ്വാധീനത്തിന് വഴങ്ങിയാണ് മൃതദേഹം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും ആരോപണമാണ് ഇവര്‍ ഉയര്‍ത്തിയത്.
ലോറന്‍സ് ഇടവക അംഗമാണെന്നും പള്ളിയില്‍ സംസ്‌കരിക്കണമെന്നുമായിരുന്നു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറന്‍സ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകന്‍ അഡ്വ. എംഎല്‍ സജീവനും രണ്ടാമത്തെ മകള്‍ സുജാതയും പറഞ്ഞതിനെതുടര്‍ന്നാണ് ആശ കോടതിയെ സമീപിക്കുന്നത്. മരണത്തിനു പിന്നാലേ ആശ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബന്ധുക്കളോട് സംസാരിച്ച് അന്തിമതീരുമാനംഎറണാകുളം മെഡിക്കല്‍ കോളേജിന് എടുക്കാമെന്ന ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.
സെപ്റ്റംബര്‍ 21ന് കൊച്ചിയില്‍ വച്ചായിരുന്നു എം എം ലോറന്‍സിന്റെ അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.