- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടോ, ഒരുകാര്യം പറയാം, മര്യാദ ആണേൽ മര്യാദയാ, അല്ലെങ്കിൽ, നാട്ടുകാര് ചുമ്മാ മര്യാദകേട് കാണിക്കും..അതൊക്കെ ഒരുമാതിരി പണിയാ, അതൊന്നും ഞങ്ങളുടെ അടുത്ത് ഇറക്കരുത്, ഉള്ള കാര്യം അങ്ങ് പറഞ്ഞേക്കാം; വനം മന്ത്രിയെ വേദിയിലിരുത്തി പൊരിച്ച് എം എം മണി; മണിയാശാനെ പ്രകോപിപ്പിച്ചത് നോട്ടീസിൽ തന്റെ പേരില്ലാതിരുന്നത്
മൂന്നാർ: മന്ത്രി എ കെ ശശീന്ദ്രൻ ഇരുന്ന വേദിയിൽ, വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച് ഉടുമ്പൻചോല എംഎൽഎയും മുന്മന്ത്രിയുമായ എം എം മണി. മൂന്നാറിൽ നടന്ന വനസൗഹൃദ സദസ്സിലാണ് മണിയാശാൻ പ്രകോപിതനായത്. തന്നെ പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മന്ത്രിയുടെ ക്ഷണപ്രകാരമാണ് താൻ വന്നതെന്ന് പറഞ്ഞുകൊണ്ടാണ് എം എം മണി പ്രസംഗം ആരംഭിച്ചത്.
തന്റെ പ്രസംഗം മന്ത്രി ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയപ്പോൾ, അദ്ദേഹം എടോ മന്ത്രീ എന്ന് വിളിച്ചുകൊണ്ട് അദ്ദേഹം വീണ്ടും വനംവകുപ്പിന് എതിരെ തിരിഞ്ഞു.
'എടോ ഒരു കാര്യം മനസ്സിലാക്കിക്കോ..ഇവിടൊന്നും ആരും കയ്യേറിയില്ല. ഒരുകാര്യം പറഞ്ഞേക്കാം, മര്യാദയ്ക്കാണെങ്കിൽ മര്യാദയ്ക്ക്. അല്ലെങ്കിൽ, നാട്ടുകാര് മര്യാദകേട് കാണിക്കും. എനിക്ക് പറയാനുള്ളത് ഇവിടെ പറയാൻ കഴിഞ്ഞില്ലെങ്കിൽ, പത്രക്കാരോട് പറഞ്ഞ് നല്ല രീതിയിൽ വാർത്ത വരുത്തുമെന്നും മണി പറഞ്ഞു.
'ഒരുകാര്യം പറയാം, മര്യാദ ആണേൽ മര്യാദയാ, അല്ലെങ്കിൽ, നാട്ടുകാര് ചുമ്മാ മര്യാദകേട് കാണിക്കും. എന്നെ ഈ നോട്ടീസീന്ന് ഒഴിവാക്കിയതുകൊണ്ടൊന്നും ഞാൻ ഒഴിവാകുകയൊന്നും ഇല്ല. ഞാൻ ഇവരുടെ കൂടെ ഇവിടെ കാണും. മനസ്സിലാക്കിക്കോ, അല്ലേ എന്നതാ മന്ത്രി ഇത്, ഞാൻ അങ്ങനെ ഒഴിവാക്കാവുന്ന ഒരാളോ ? ഞാനൊരു മന്ത്രിയായിരുന്ന ആളല്ലേ..ഇപ്പോൾ എംഎൽഎ അല്ലേ? പിന്നെന്താ..ഞങ്ങളുടെ ജില്ലാ സെക്രട്ടറിയുടെ പേര് വയ്ക്കാതിരുന്നത് എന്തുകൊണ്ടാ...ചില പാർട്ടികളുടെ ജില്ലാ സെക്രട്ടറിമാരുടെ പേര് വന്നതെങ്ങനാ? അതൊക്കെ ഒരുമാതിരി പണിയാ, അതൊന്നും ഞങ്ങളുടെ അടുത്ത് ഇറക്കരുത്. ഉള്ള കാര്യം അങ്ങ് പറഞ്ഞേക്കാം.'
മണിയാശാന്റെ പ്രസംഗത്തിലുടനീളം മന്ത്രി എ കെ ശശീന്ദ്രൻ തല താഴ്‌ത്തി ഇരിക്കുകയായിരുന്നു. മന്ത്രി കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഉദ്യോഗസ്ഥർ ജനവിരുദ്ധ നടപടികൾ സ്വീകരിക്കുകയാണെന്ന് എം എം മണി വിമർശിച്ചു. മന്ത്രി പറഞ്ഞാലും ഉദ്യോഗസ്ഥർ കേൾക്കില്ല. ഇവരെ വിശ്വാസത്തിലെടുക്കാൻ സാധിക്കില്ല.
60 വർഷമായി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം പാതിരാത്രി വെട്ടി നശിപ്പിച്ചവരാണ് വനം വകുപ്പ് ഉദ്യോദസ്ഥർ. മറ്റുസംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടേക്ക് കാട്ടാനകൾ എത്തുന്നത്. അവയെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നില്ല. അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നൽകി. ഇത് തന്നെയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും എം എം മണി പറഞ്ഞു. വിഷയത്തിൽ താനെടുത്ത നിലപാടിൽ ഉദ്യോഗസ്ഥർക്ക് പകയാണ്. അതിന്റെ ഭാഗമായാണ് നോട്ടീസ് പോലും വെക്കാതിരുന്നത്. മര്യാദയെങ്കിൽ മര്യാദ, വായ മൂടിക്കെട്ടാൻ നോക്കേണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരോട് എം എം മണി പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടികൾക്ക് എതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എം എം മണിയുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. യോഗത്തിൽ അധ്യക്ഷനാവാനുള്ള യോഗ്യത എംഎം മണിക്ക് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും എ. കെ ശശീന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ