തിരുവനന്തപുരം: മുന്‍ ജില്ലാ കലക്ടറും പി.ആര്‍.ഡി ഡയറക്ടറുമായിരുന്ന എം. നന്ദകുമാര്‍ ശസ്ത്രക്രിയാ പിഴവിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടല്‍. കേസെടുത്ത് നാലുമാസം കഴിഞ്ഞിട്ടും യാതൊരു തുടര്‍ നടപടിയും കൈക്കൊള്ളാതെ പോലീസ് അലംഭാവം തുടരുകയാണ്. നന്ദകുമാറിന്റെ മകളുടെ പരാതിയെത്തുടര്‍ന്നാണ് ഈഞ്ചക്കല്‍ എസ്.പി മെഡിഫോര്‍ട്ട് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. കെ. ശ്രീജിത്തിനെ പ്രതിയാക്കി വഞ്ചിയൂര്‍ പോലീസ് കേസെടുത്തിരുന്നത്.

കഴിഞ്ഞ മേയ് 16ന് തലയില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്നാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നന്ദകുമാറിനെ എയര്‍പോര്‍ട്ടിന് സമീപമുള്ള എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ക്കു ശേഷം അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസം തന്നെ ന്യൂറോസര്‍ജന്‍ ഡോ ശ്രീജിത്ത് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം അബോധാവസ്ഥയിലായെന്ന് ആശുപത്രിയില്‍ നിന്നും അറിയിക്കുകയായിരുന്നു. അദ്ദേഹം കോമയിലാകാന്‍ കാരണം ശസ്ത്രക്രിയാ പിഴവാണെന്ന് മകള്‍ പാര്‍വതി ആരോപിക്കുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് മകള്‍ വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

കോമയിലായ നന്ദകുമാറിനെ അടുത്തുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നാലു മാസത്തോളം കോമയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ പത്തിനാണ് നിര്യാതനായത്. മകളുടെ പരാതിയില്‍ മേയ് 24നാണ് വഞ്ചിയൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മനുഷ്യജീവന് അപകടമുണ്ടാക്കും വിധത്തില്‍ അശ്രദ്ധമായി പെരുമാറിയെന്ന കുറ്റമാണ് ചുമത്തിയത്. അദ്ദേഹത്തിന്റെ മരണശേഷവും കേസന്വേഷണം വേണ്ടരീതിയില്‍ ഊര്‍ജ്ജിതമാക്കാന്‍ പോലീസ് ശ്രമിച്ചിട്ടില്ല. ആരോഗ്യ കാരണങ്ങളാല്‍ എസ്.എച്ച്്.ഒ അവധിയിലാണെന്നും അന്വേഷണം അതിന്റെ രീതിയില്‍ നടക്കുമെന്നും വഞ്ചിയൂര്‍ പോലീസ് അറിയിച്ചു.

2011 ഒക്ടോബറിലാണ് നന്ദകുമാര്‍ തിരുവനന്തപുരം കലക്ടറായി നിയമിതനായത്. പിന്നീട് സര്‍ക്കാരില്‍ വിവിധ തസ്തികകള്‍ വഹിച്ചു. സംഖ്യാ ശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയില്‍ പാണ്ഡിത്യമുള്ള നന്ദകുമാര്‍ പ്രാസംഗികനും എഴുത്തുകാരനുമാണ്. ജ്യോതിഷ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വിദഗ്ധനെന്ന നിലയില്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും പ്രശസ്തനായിരുന്നു. ജ്യോതിഷത്തില്‍ വഴികാട്ടിയായി 'പ്രശ്ന പരിഹാര വരിയോല' എന്ന പുസ്തകവും നന്ദകുമാര്‍ രചിച്ചിട്ടുണ്ട്.