കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 12 കോടി 62 ലക്ഷം രൂപ തട്ടിയെടുത്ത തട്ടിയ കേസിൽ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എംപി റിജിൽ അറസ്റ്റിൽ. ചോദ്യം ചെയ്യലിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുക്കത്തുള്ള ഒരു ബന്ധുവീട്ടിൽ നിന്ന് ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാൾ ഒളിവിലായിരുന്നു.

റിജിൽ നൽകിയ മുൻകൂർ ജാമ്യഹർജി കോഴിക്കോട് ജില്ലാ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജാമ്യം നൽകിയാൽ അത് കേസിന്റെ മുന്നോട്ട് പോക്കിനെ സാരമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് ഹർജി കോടതി തള്ളിയത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണത്തിൽ വലിയൊരു പങ്കും ഓൺലൈൻ ചൂതാട്ടത്തിനടക്കം ചെലവഴിച്ചതായാണ് വിവരം.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളിൽ നിന്ന് 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട്. കോർപറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യവ്യക്തികളുടെ അക്കൗണ്ടിലും തിരിമറി നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

സ്വകാര്യവ്യക്തികളുടെ ഒൻപത് അക്കൗണ്ടിൽ നിന്നും കോർപറേഷന്റെ എട്ട് അക്കൗണ്ടിൽ നിന്നും പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്. സംഭവത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എംപി റിജിലിന്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഓൺലൈൻ റമ്മിക്ക് ഉൾപ്പെടെ ഈ അക്കൗണ്ടിൽനിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തുകയും ചെയ്തു.

7 അക്കൗണ്ടുകളിൽ നിന്നായി 15.24 കോടി രൂപ നഷ്ടമായെന്നാണ് കഴിഞ്ഞ ദിവസം മേയർ പറഞ്ഞത്. എന്നാൽ 12 കോടിയോളം രൂപയാണു നഷ്ടമായത് എന്നാണ് ബാങ്കിന്റെ ഇതുവരെയുള്ള ഓഡിറ്റിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലും 12 കോടിയോളം രൂപ നഷ്ടമായതായാണു കണ്ടെത്തൽ. വിവിധ അക്കൗണ്ടുകളിലെ പണം റിജിൽ ഇതേ ബാങ്കിൽ തന്റെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ആക്‌സിസ് ബാങ്കിൽ തന്റെ പേരിലുള്ള ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. കഴിഞ്ഞ 29-ാം തിയതി മുതൽ റിജിൽ ഒളിവിലായിരുന്നു. ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും അത് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്ന് പൊലീസ് തിരച്ചിലിലായിരുന്നു.

പണം തിരികെ നൽകി പഞ്ചാബ് നാഷണൽ ബാങ്ക്

അതേസമയം, കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നും മുൻ മാനേജർ തട്ടിയ പണം തിരികെ നൽകി പഞ്ചാബ് നാഷണൽ ബാങ്ക്. ഇന്ന് ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡിന്റെ തീരുമാന പ്രകാരമാണ് നടപടി. 10.07 കോടി രൂപയാണ് ഇന്ന് തിരികെ നൽകിയത്. രണ്ട് കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് കോർപ്പറേഷന് കൈമാറിയിരുന്നു.