- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചുപോലും നോക്കിയില്ല; അനുബന്ധ രേഖകളോ സാക്ഷിമൊഴികളോ പരിഗണിച്ചില്ല; ഒരു എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതുവായ ആരോപണങ്ങള്‍ മാത്രമാണ് പരാതി; അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെ അജിത് കുമാര്‍ ഹൈക്കോടതിയില്‍
അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എം.ആര്‍. അജിത് കുമാര്‍ ഹൈക്കോടതിയില്‍
കൊച്ചി:അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ പ്രത്യേക വിജിലന്‍സ് കോടതി വിധിക്കെതിരെ എഡിജിപി എം.ആര്‍. അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഒരു എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതുവായ ആരോപണങ്ങള്‍ മാത്രമാണ് പരാതിയായി കോടതിയിലെത്തിയതെന്നും, ഇതിന് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാര്‍ വാദിച്ചു. വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച അനുബന്ധ രേഖകളോ സാക്ഷി മൊഴികളോ കോടതി പരിഗണിച്ചില്ലെന്നും, റിപ്പോര്‍ട്ട് നന്നായി വായിച്ചു പോലും നോക്കാതെയാണ് വിധിയുണ്ടായതെന്നും ഹര്‍ജിയില്‍ പറയുന്നു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് വിഭാഗം വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താന്‍ ഈ മാസം 30ന് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് എം.ആര്‍. അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
കേസിലെ വസ്തുതകള്‍ ശരിയായി വിലയിരുത്താതെ പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കൂടാതെ, ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ട്. അന്വേഷണത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്കെന്ത് അധികാരമെന്ന ചോദ്യം വിജിലന്‍സ് മാനുവലിനെതിരാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.
സ്വന്തം നിലയില്‍ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് എഡിജിപി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കങ്ങളെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള പ്രത്യേക യൂണിറ്റാണ് അജിത് കുമാറിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകമാകും.