- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വ്യാജ ചെമ്പോലയ്ക്ക് സ്ഥിരീകരണം നല്കിയ എം ആര് രാഘവവാര്യര്‍ക്ക് വീണ്ടും കോളടിച്ചു; കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും; വിവാദം
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്സണ് മാവുങ്കലിന്റെ വ്യാജ ചെമ്പോലയ്ക്ക് സ്ഥിരീകരണം നല്കിയ ചരിത്രകാരന് എം ആര് രാഘവവാര്യര്‍ക്ക് കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കിയത് ചര്‍ച്ചയാകുന്നു. നേരത്തെ, വാര്യരെ പൈതൃക പഠന കേന്ദ്രത്തിന്റെ ഡയറക്ടറാക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ 'കൈരളി ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്' സമ്മാനിക്കുകയും ചെയ്തിരുന്നു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മുഖ്യമന്ത്രിയാണ് സമ്മാനിച്ചത്
മോന്സന് മാവുങ്കലിന്റെ വീട്ടില്‍ ചെമ്പോല കാണാന്‍ എത്തിയവരോട് ആധികാരികത വ്യക്തമാക്കിയതു എം ആര് രാഘവവാര്യരുടെ വാക്കുകളായിരുന്നു. ശബരിമല യുവതി പ്രവേശന വിവാദം കത്തി നിന്ന നാളുകളിലായിരുന്നു ചെമ്പോലയും പൊങ്ങി വന്നത്. ശബരിമലയുടെ യഥാര്‍ത്ഥ ചരിത്രത്തെ കുറിച്ച് വിവരം നല്കുന്ന 300ല്‍പരം വര്‍ഷം വരെ പഴക്കമുള്ള രാജമുദ്ര പതിപ്പിച്ച രേഖ കണ്ടെത്തിയെന്ന് വാര്‍ത്ത വന്നത് 2018 ഡിസംബറിലായിരുന്നു. മൂന്നു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ശബരിമല ക്ഷേത്രം ദ്രാവിഡ വംശത്തില്‍ പെട്ടവരുടെ ആരാധനാലയമായിരുന്നെന്നും ഇന്ന് കാണുന്നത് പോലുള്ള വൈദിക ചടങ്ങുകളോ ആചാരങ്ങളോ അവിടെ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന ചെമ്പോലയില്‍ എഴുതി തയാറാക്കിയ തിട്ടൂരമാണ് ലഭിച്ചതെന്നായിരുന്നു വാര്‍ത്ത.
എറണാകുളത്ത് കലൂരിലുള്ള മോണ്സന് മാവുങ്കലിന്റെ സ്വകാര്യ ചരിത്രവസ്തു ശേഖരത്തിലാണ് പന്തളം കൊട്ടാരത്തിന്റെ രാജ്യമുദ്രയുള്ള രേഖയുള്ളതെന്നും വാര്‍ത്ത വന്നു. 1668ല്‍ എഴുതിയ ചെമ്പോലയില്‍ ശബരിമലയെ കോലെഴുത്ത് രീതി അനുസരിച്ച് 'ചവരിമല' എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. യുവതീ പ്രവേശന വിലക്കിനെ കുറിച്ചു രേഖയില്‍ ഒന്നും പറയുന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു.
്ശബരിമല സന്നിധാനത്തെ കാണിക്കയ്ക്ക് സമീപം കുടില്‍കെട്ടി പാര്‍ത്തിരുന്നത് തണ്ണീര്‍മുക്കം ചീരപ്പന്‍ ചിറയിലെ കുഞ്ഞന്‍ പണിക്കരാണെന്നും ചെമ്പോലയില്‍ പറഞ്ഞിരുന്നു. ചെമ്പോല വസ്തുനിഷ്ഠവും ആശ്രയിക്കാന്‍ കഴിയുന്ന രേഖയുമാണെന്ന് തൃപ്പൂണിത്തുറ ഹില്‍പാലസിലെ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എം.ആര്. രാഘവവാര്യര് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എം.ആര്.രാഘവ വാരിയര്‍ക്ക് ചെമ്പോല വ്യാജമെന്ന് അറിയാമായിരുന്നു എന്നാണ് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം ജി ശശിഭൂഷണ്‍ 2021 ല്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തെ നേരില്‍ കണ്ടു വ്യാജ ചെമ്പോലയാണെന്നു പറഞ്ഞിരുന്നതായും ശശിഭൂഷണ്‍ വെളിപ്പെടുത്തിയിരുന്നു.
മോണ്‍സന്റെ പക്കല്‍ നിന്ന് പിടികൂടിയ ശബരിമല ചെമ്പോല വ്യാജമാണെന്ന് വ്യക്തമാക്കുന്ന ആധികാരികമായ തെളിവുണ്ടെന്ന് എം.ജി. ശശിഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ അവകാശവാദം ഉന്നയിക്കുന്നതിനായുള്ള കോടതി വ്യവഹാരത്തിനായാണ് ഈ ചെമ്പോല നിര്‍മിച്ചത്.
1965-66 കാലത്താണ് ചെമ്പോലയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ ഉണ്ടാകുന്നത്. 1964-ല്‍ അല്ലെങ്കില്‍ 65ല്‍ ആണ് ചെമ്പോല നിര്‍മിക്കുന്നത്. അതിവിദഗ്ധനായ ഒരാളാണ് ഇത് തയ്യാറാക്കിയത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് സാമാന്യ പരിചയം മാത്രമുള്ള ഒരാള്‍ ചെമ്പോലയെ യഥാര്‍ഥമായ ഒന്നായി തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. എവിടെവെച്ചാണ് തയ്യാറാക്കിയത്, ഇതുണ്ടാക്കാന്‍ എത്ര രൂപ കൈപ്പറ്റി തുടങ്ങിയ കാര്യങ്ങളും തനിക്കറിയാമെന്നും ശശിഭൂഷണ്‍ പറഞ്ഞിരുന്നു.
ചെമ്പോല വായിച്ചു എന്ന് വെളിപ്പെടുത്തിയ ചരിത്രകാരന് എം.ആര്. രാഘവവാര്യര്‍ക്ക് ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാവുന്നതാണ്. എന്നാല്‍ അദ്ദേഹം ചെമ്പോലയുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിയില്ല. അദ്ദേഹം ആരെയോ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ് എന്നതില്‍ ഒരു സംശയവുമില്ലെന്നും എം ജി ശശിഭൂഷണ്‍ ആരോപിച്ചിരുന്നു.
ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ ചാനല്‍ പരിപാടിയായ 'നാം മുന്നോട്ടില്‍' നടന്ന ചര്‍ച്ചയിലും ചെമ്പോലയെ ന്യായീകരിക്കാനെത്തിയത് എം ആര് രാഘവ വാരിയര്‍ ആയിരുന്നു. രാഘവവാര്യരുടെ പൈതൃക കേന്ദ്രം ഡയറക്ടറായുള്ള പുനര്‍ നിയമനം സിപിഎമ്മിന്റെ പാരിതോഷികമാണെന്നും 2021 ല്‍ വിവാദം ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ സി എല്‍ ജോസിനൊപ്പം കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും വാര്യരെ തേടിയെത്തി. 50,000 രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും, പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.