തിരുവനന്തപുരം: താന്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എം എസ് കുമാര്‍. താന്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നേതാക്കളായി വിലസുന്നവര്‍ പാര്‍ട്ടിയില്‍ തന്നെയുള്ളവരാണെന്ന് കുമാര്‍ വെളിപ്പെടുത്തി. അനിലിന് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മര്‍ദ്ദം തനിക്ക് ഊഹിക്കാന്‍ കഴിയുമെന്നും എം എസ് കുമാര്‍ പറഞ്ഞു.

വായ്പ തിരിച്ചടയ്ക്കേണ്ടതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ക്ക് ബോധ്യമുണ്ടാകണമെന്നും, അനന്തപുരി സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'ഞാന്‍ കൂടി ഉള്ള സംഘത്തില്‍ നിന്നും വായ്പ എടുത്തിട്ടുള്ള 70 ശതമാനം പേരും എന്റെ പാര്‍ട്ടിക്കാരാണ്. തിരിച്ചടക്കാത്തവരില്‍ 90 ശതമാനവും അതേ പാര്‍ട്ടിക്കാര്‍ തന്നെ. അതില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന ഭാരവാഹികള്‍ വരെ ഉണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നമ്മുടെ സഹയാത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്,' എന്നായിരുന്നു നേരത്തെ അനില്‍ മരിച്ച സമയത്ത് അദ്ദേഹത്തിന്റെ പ്രതികരണം.

'10 വര്‍ഷത്തിലധികമായി തിരിച്ചടയ്ക്കാത്തവര്‍ക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? ബിജെപിയുടെ ആരുമല്ല ഞാനെന്ന ബോധ്യം ഇപ്പോഴാണ് വന്നത്. ഞാന്‍ ബിജെപിയുടെ ആരുമല്ലെന്ന് പറഞ്ഞത് എസ് സുരേഷാണ്. അത്യുന്നതനായ നേതാവാണ് അദ്ദേഹം. സുരേഷ് പറഞ്ഞാല്‍ അത് അവസാന വാക്കാണ്. ഇപ്പോള്‍ പാര്‍ട്ടി പരിപാടികള്‍ എന്നെ അറിയിക്കാറില്ല. വായ്പ എടുത്ത നേതാക്കളെക്കുറിച്ച് വെളിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് ഉടന്‍ തന്നെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓര്‍മപ്പെടുത്തലാണ്': എം എസ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറും ജനറല്‍ സെക്രട്ടറിയുമായിരുന്ന തിരുമല അനിലിനെ സെപ്റ്റംബര്‍ 20 ന് തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അനിലിന്റെ കൈപ്പടയിലെഴുതിയ കുറിപ്പില്‍, അദ്ദേഹം അധ്യക്ഷനായിരുന്ന വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന് ആറു കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നും ആത്മഹത്യക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയാണെന്നുമുള്ള വിവരങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

അനിലിന്റെ അതേ മാനസികാവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും എം എസ് കുമാര്‍ പറഞ്ഞു. 'മരിച്ചുകഴിഞ്ഞ് നെഞ്ചത്ത് റീത്ത് വെക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ സഹകരണ സംഘത്തില്‍നിന്ന് സംസ്ഥാന, ജില്ലാ നേതാക്കള്‍ മാത്രം വായ്പയെടുത്ത് മുക്കിയത് ഒരു കോടി രൂപയാണെന്നാണ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയത്. തിരുവനന്തപുരം നഗരവാസിയായ സംസ്ഥാന നേതാവ് 40 ലക്ഷം രൂപയാണ് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാധ്യതയാക്കിയത്. മറ്റൊരു നേതാവ് 35 ലക്ഷവും. ക്രൈസ്തവ സഭയുമായി 'ലിങ്ക്' ഉണ്ടാക്കാന്‍ ബിജെപി വളര്‍ത്തിയ നേതാവും ലക്ഷങ്ങള്‍ അടയ്ക്കാനുണ്ടെന്നുമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.