- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും ചൊവ്വാഴ്ച എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലില്‍ വന്നത്? ചോദ്യങ്ങള്‍ നല്‍കിയത് സൊല്യൂഷന്‍സിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നവര്‍ക്ക്; ബുധനാഴ്ചത്തെ രസതന്ത്ര പരീക്ഷാ ചോദ്യപേപ്പറും ചോര്‍ന്നെന്ന് കെ എസ് യു
ബുധനാഴ്ചത്തെ രസതന്ത്ര പരീക്ഷാ ചോദ്യപേപ്പറും ചോര്‍ന്നെന്ന് കെ എസ് യു
കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നു എന്നാരോപിച്ച് കെഎസ്യു. ബുധനാഴ്ച നടന്ന പത്താംക്ലാസ് രസതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നാണ് ആരോപണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ചോദ്യപ്പേര്‍ ചോര്‍ച്ച നടന്നു എന്ന ആരോപണവുമായി കെ എസ് യു രംഗത്തെത്തിയിരിക്കുന്നത്.
ആരോപണവിധേയരായ എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെ വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് സംശയം. ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും ഇന്നലെ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലില്‍ വന്നതായാണ് ആരോപണം.
എം.എസ്. സൊലൂഷന്‍സിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നവര്‍ക്കാണ് ചോദ്യങ്ങള്‍ നല്‍കിയത്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ കുട്ടികളില്‍ നിന്ന് 1500 രൂപ വീതം ഈടാക്കിയെന്നാണ് വിവരം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞാണ് പണപ്പിരിവ് നടത്തിയിരിക്കുന്നതെന്നു കെഎസ്യു. പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇന്നലെ രാത്രി എം.എസ്. സൊലൂഷന് നടത്തിയ യൂട്യൂബ് ലൈവ് ക്ലാസില്‍ പരാമര്‍ശിച്ച ഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ഭരണകൂടത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട റാക്കറ്റ് ആണ് ഇതെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പിനെ എം.എസ്. സൊലൂഷന്‍സ് ഉടമ സ്വാധീനിച്ചെന്നും ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവരെക്കുറിച്ച് അന്വേഷണം വേണമെന്നും കെ.എസ്.യു. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
അതേപടിയുള്ള ചോദ്യങ്ങള്‍ അല്ലെങ്കിലും, പേപ്പറിലുള്ളതിനോട് വളരെ സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലില്‍ വന്നിരിക്കുന്നത്. എത്ര കുട്ടികള്‍ ഇത്തരത്തില്‍ പണം നല്കി ചോദ്യങ്ങള്‍ വാങ്ങി എന്നതടക്കം അന്വേഷണം നടക്കേണ്ടതുണ്ടെന്നും കെഎസ്യു പറയുന്നു.
പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ നേരത്തെ എം എസ് സൊല്യൂഷന്‍സിലൂടെ ചോര്‍ന്നിരുന്നു. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടിയായിരുന്നു യൂട്യൂബ് ചാനലില്‍ വന്നത്. തുടര്‍ന്ന് എംഎസ് സൊല്യൂഷന്‍സിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിയമപരമായ എല്ലാ വശങ്ങളിലൂടെ അന്വേഷണം നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മറ്റു ചില പ്ലാറ്റ്ഫോമുകളില്‍ നിന്ന് ചോദ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. അതും അന്വേഷണ പരിധിയില്‍ വരും. വിദ്യാഭ്യാസ വകുപ്പിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.