ന്യൂഡൽഹി: ഡൽഹിയിൽ സമരത്തിന് ഒരുങ്ങുന്ന കർഷകരെ പൊലീസ് നേരിടുന്ന ശൈലി ഇതിനോടകം വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അതിർത്തിയിൽ ബാരിക്കേഡുകളും മുള്ളുവേലികളും അടക്കം തീർത്തു കൊണ്ടാണ് കർഷകരെ പൊലീസ് തടയുന്നത്. ഈ ശൈലിയെ വിമർശിച്ചു കൊണ്ട് ഭാരതരത്‌ന ജേതാവ് എം എസ് സ്വാമിനാഥന്റെ മകൾ.

കർഷകർ നമ്മുടെ അന്നദാതാക്കളാണെന്നും അവരെ ഒരിക്കലും ക്രിമിനലുകളായി കണക്കാക്കരുതെന്നും എം.എസ്. സ്വാമിനാഥന്റെ മകൾ മധുര സ്വാമിനാഥൻ പറഞ്ഞു. ഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ കർഷക സമരത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. ''പഞ്ചാബിലെ കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുകയാണ്. അവരെ ജയിലിലടക്കാൻ ഹരിയാനയിൽ പ്രത്യേകം ജയിലുകൾ ഒരുക്കിയിട്ടുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. ഇതുപോലെ അവരെ തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അവർ കർഷകരാണ്. ക്രിമിനലുകളല്ല...ഇത് ഓർക്കുന്നത് നല്ലതായിരിക്കും.''-എന്നാണ് മധുര സ്വാമിനാഥൻ പറഞ്ഞത്.

നമ്മുടെ അന്നദാതാക്കളാണ് അവർ. അവർക്ക് പറയാനുള്ളതും കേൾക്കണം. അവരെ ഒരിക്കലും ക്രിമിനലുകളായി കണക്കാക്കരുത്. അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. ഇതെന്റെ അഭ്യർത്ഥനയാണ്. ഭാവിയിൽ നാം ആസൂത്രണം ചെയ്യുന്ന എല്ലാ കാര്യങ്ങളും കർഷകരെ ഒപ്പംചേർക്കണം. എം.എസ്. സ്വാമിനാഥനോടുള്ള ആദരവ് കൂടിയായിരിക്കും അത്.-മധുര കൂട്ടിച്ചേർത്തു.

ബംഗളൂരുവരിലെ ഇന്തൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇക്കണോമിക് അനാലിസിസ് യൂനിറ്റ് വിഭാഗം മേധാവിയാണ് മധുര. വലിയ പ്രതിഷേധത്തെ തുടർന്ന് 2021ൽ കർഷക നിയമങ്ങൾ റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ അത്യധികം സന്തോഷിച്ചിരുന്നു തന്റെ പിതാവെന്ന് മധുര എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു.

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം.എസ്. സ്വാമിനാഥൻ 2023 സെപ്റ്റംബറിലാണ് അന്തരിച്ചത്. മരിക്കുമ്പോൾ 98 വയസായിരുന്നു അദ്ദേഹത്തിന്. എം.എസ്. സ്വാമിനാഥന്റെ മറ്റൊരു മകളായ സൗമി സ്വാമിനാഥനും പരിപാടിയിൽ സംസാരിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന 'ഡൽഹി ചലോ' മാർച്ച് രണ്ടാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംഘർഷഭരിതമായ സാഹചര്യത്തിൽ പൂർവാധികം ശക്തിയോടെ സമരവുമായി മുന്നോട്ടുപോകാനാണ് കർഷകരുടെ തീരുമാനം. ഇന്ന് മാർച്ചിൽ കൂടുതൽ കർഷകർ അണിനിരക്കും. മാസങ്ങളോളം സമരപാതയിൽ തുടരാനുള്ള മുന്നൊരുക്കവുമായാണ് കർഷകർ എത്തുന്നത്.

വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുക, എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, രാജ്യവാപകമായി കാർഷിക, കർഷക തൊഴിലാളി കടം എഴുതിത്ത്തള്ളുക, 2020ലെ സമരത്തിലെ കേസുകൾ പിൻവലിക്കുക, ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയിലെ ഇരകൾക്ക് നീതി നൽകുക, ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2023 പിൻവലിക്കുക, സ്വതന്ത്ര വ്യാപാര കരാറിൽനിന്ന് ഇന്ത്യ പിന്തിരിയുക തുടങ്ങിയവയാണ് സമരത്തിന്റെ ആവശ്യങ്ങൾ.

പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ ഇന്നും സംഘർഷാവസ്ഥ തുടരുന്നു. രാവിലെ കർഷകർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ, പിന്മാറില്ലെന്ന് ഉറപ്പിച്ചിരിക്കയാണ് കർഷകർ. അവർ സമരമുഖത്തേക്ക് കൂടുതലായി എത്തുകയാണ്. അതേസമയം, കർഷകരുമായി വീണ്ടും ചർച്ചക്ക് തയാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇനിയും ചർച്ച നടത്താൻ തയാറാണെന്ന് കേന്ദ്ര കാർഷിക സഹമന്ത്രി അർജുൻ മുണ്ട പറഞ്ഞു. ചർച്ചക്കുള്ള സാഹചര്യമൊരുക്കണമെന്ന് കർഷകരോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ ചൊവ്വാഴ്ച കർഷകർ ഡൽഹി ലക്ഷ്യമിട്ട് മാർച്ച് തുടങ്ങിയത്.

സമരം ചെയ്യുന്ന കർഷകർക്ക് നേരെ ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഡ്രോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാർ. ഇന്നലെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിലാണ് പൊലീസ് ഡ്രോൺ ഉപയോഗിച്ച് സമരക്കാരെ നേരിട്ടത്. തങ്ങളുടെ അധികാര പരിധിയിൽ ഡ്രോൺ ഉപയോഗിക്കരുതെന്ന് കാണിച്ച് പഞ്ചാബിലെ പട്യാല ഡെപ്യൂട്ടി കമീഷണർ ഷൗക്കത്ത് അഹമ്മദ് ഹരിയാനയിലെ അംബാല ഡെപ്യൂട്ടി കമീഷണർക്ക് കത്ത് നൽകി.