തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ തന്നെ സസ്‌പെൻഡ് ചെയ്ത സംസ്ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്ത് എം ശിവശങ്കർ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്‌പെൻഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഉത്തരവിനെതിരെയാണ് ഹർജി താൻ 2020 ജൂലൈ 7-ന് അവധിക്ക് അപേക്ഷിച്ചതാണെന്നും ഒരു വർഷത്തേക്ക് അവധിയിൽ പോകാൻ സർക്കാർ അനുവദിച്ചതാണെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ അവധി റദ്ദാക്കി സർക്കാർ തന്നെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. നേരത്തെ അനുവദിച്ച അവധി റദ്ദാക്കിയതിനു പിന്നിലും തന്നെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലും ബാഹ്യമായ ഇടപെടലും രാഷ്ട്രീയ കാരണങ്ങളുമാണ് ഉണ്ടായത്. മാധ്യമങ്ങളുടെ കോലാഹലങ്ങളെ തൃപ്തിപ്പെടുത്താൻ നിരപരാധിയായ തന്നെ സസ്പെൻഡ് ചെയ്യാൻ സർക്കാർ നിർബന്ധിതരായെന്നും ഹർജിയിൽ എം.ശിവശങ്കർ ആരോപിക്കുന്നു.

ഒരു വർഷവും അഞ്ച് മാസവും നീണ്ട സസ്പെൻഷൻ കാലത്തിന് ശേഷമാണ് ശിവശങ്കർ തിരിച്ച് സർവീസിലേക്ക് പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെയാണ് സസ്പെൻഡ് ചെയ്തത്. 2020 ഒക്ടോബർ പത്തുമുതൽ 2021 ഫെബ്രുവരി മൂന്നുവരെ ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ആദ്യം ഒരു വർഷവും പിന്നീട് ആറ് മാസവും സസ്പെൻഷൻ നീട്ടി. ഈ കാലാവധിയും കഴിഞ്ഞതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്.

അതേസമയം നയതന്ത്ര സ്വർണക്കടത്തു കേസിലെ തുടർവിചാരണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് മാറ്റുന്നതിനെ എതിർത്ത് എം ശിവശങ്കർ രംഗത്തുവന്നിട്ടുണ്ട്. ഇഡിയുടെ ട്രാൻസ്ഫർ ഹർജി കേന്ദ്രസർക്കാരിനെ സന്തോഷിപ്പിക്കാനെന്നും കേരളത്തിലെ ഭരണരാഷ്ട്രീയ നേതൃത്വത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും ശിവശങ്കർ ആരോപിച്ചിരുന്നു.

സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ശിവശങ്കറിന്റെ ആരോപണം. കേസിന്റെ വിചാരണ സമയത്ത് മാപ്പ് സാക്ഷിയാക്കാമെന്ന ഇഡിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്നും ശിവശങ്കർ ആരോപിക്കുന്നു. സ്വപ്നയുമായി ഗൂഢാലോചന നടത്തിയാണ് ഇഡി ട്രാൻസ്ഫർ ഹർജി നൽകിയതെന്നും സത്യവാങ്മൂലത്തിലുണ്ട്.

അതേസമയം, സ്വപ്ന സുരേഷിനെ വിമർശിച്ച് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഉന്നതർക്കെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങൾക്കു പിന്നിൽ ബാഹ്യസമ്മർദവും ഗൂഢലക്ഷ്യവുമാണെന്നും മൊഴി രേഖപ്പെടുത്തിയപ്പോൾ ഉന്നയിക്കാത്ത ആരോപണങ്ങളാണ് മജിസ്‌ട്രേറ്റിലും മാധ്യമങ്ങൾക്കു മുന്നിലും പറയുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. സത്യവാങ്മൂലത്തിൽ ഇഡിക്കെതിരെ വിമർശനമില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു ആണ് സംസ്ഥാന സർക്കാരിന് വേണ്ടി കോടതിയിൽ സത്യവാങ്മൂലം നൽകിയത്.